സിപിഎം വര്‍ഗ്ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നു: കുമ്മനം

Wednesday 7 March 2018 10:16 am IST
"undefined"

തിരുവനന്തപുരം: സിപിഎം വര്‍ഗ്ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണം കിട്ടിയതിന്റെ പേരില്‍ ബിജെപി ത്രിപുരയില്‍ സിപിഎമ്മിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന പിണറായി വിജയന്റെ പ്രചരണം സ്വന്തം വര്‍ഗ്ഗ സ്വഭാവം ഓര്‍മ്മയിലുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തില്‍ എത്തിയിടത്തെല്ലാം കമ്മ്യൂണിസ്റ്റുകള്‍ കോടിക്കണക്കിന് ആള്‍ക്കാരെയാണ് കൊന്നു തള്ളിയിട്ടുള്ളത്. പശ്ചിമബംഗാളും, ത്രിപുരയും കേരളവും ഇതില്‍ നിന്ന് ഭിന്നമായിരുന്നില്ല. ജനാധിപത്യം ശക്തമായിരുന്നതു കൊണ്ട് ഇന്ത്യയില്‍ മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്മൂലന രാഷ്ട്രീയം അത്ര കണ്ട് വിലപ്പോയില്ലെന്ന് മാത്രം. എന്നിട്ടും ആയിരക്കണക്കിന് ആള്‍ക്കാരെ ബംഗാളിലും ത്രിപുരയിലും കൊന്നുതള്ളി. കേരളത്തില്‍ നൂറു കണക്കിനും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 12 ബിജെപി പ്രവര്‍ത്തകരെയാണ് ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊന്നത്. 3000 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ത്രിപുരയില്‍ ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്കുകള്‍.

പതിറ്റാണ്ടുകള്‍ നീണ്ട അടിമഭരണത്തില്‍ നിന്ന് മോചിതരായ ജനത അവരുടെ ദുരിതങ്ങള്‍ക്ക് കാരണമായവര്‍ക്കെതിരെ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. അതാണ് ലെനിന്റെ പ്രതിമ തകര്‍ന്ന സംഭവത്തിലേക്കെത്തിച്ചത്. ചില സിപിഎം ഓഫീസുകള്‍ കയ്യേറിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കുകയും നിരോധനാജ്ഞ പ്രഖ്യാപിച്ച് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രതിമ തകര്‍ത്ത സംഭവത്തിന്റെ പേരില്‍ ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുന്നു എന്നൊക്കെ പ്രചരിപ്പിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. ചില സിപിഎം അനുകൂല പോര്‍ട്ടലുകളിലും വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളിലും പ്രത്യക്ഷപ്പെട്ട വാര്‍ത്തയുടെ ചുവടു പിടിച്ച് കേരളത്തിലും അക്രമം അഴിച്ചു വിടാനാണ് സിപിഎം ശ്രമം. ത്രിപുരയില്‍ 2 പേര്‍ കൊല്ലപ്പെട്ടു എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിലെ മറ്റൊരു മാധ്യമങ്ങളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം നടത്തുന്ന പൊറാട്ട് നാടകമാണ് ഇതെന്ന് ചുരുക്കം.

ശ്രീലങ്കയില്‍ തകര്‍ക്കപ്പെട്ട പള്ളിയുടെ ചിത്രം പോലും ബിജെപിക്കെതിരായ കുപ്രചരണത്തിന് സിപിഎം ഉപയോഗിക്കുകയാണ്. ഇത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വര്‍ഗ്ഗീയ മുതലെടുപ്പിനുള്ള ശ്രമമാണിത്. ഇതുകൊണ്ടൊന്നും  അകപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സിപിഎമ്മിനാകില്ല. ത്രിപുരയിലെ തോല്‍വി സഖാക്കളുടെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് വ്യാജപ്രചരണത്തില്‍ നിന്ന് പിന്‍മാറി സ്വന്തം തെറ്റുകള്‍ തിരുത്തി മുന്നേറാനാണ് സിപിഎം ശ്രമിക്കേണ്ടത്. കാലം മാറിയ കാര്യം ദേശാഭിമാനിക്ക് മനസ്സിലായില്ലെങ്കിലും മുഖ്യമന്ത്രിയെങ്കിലും മനസ്സിലാക്കണമെന്ന് കുമ്മനം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.