കുഴല്‍കിണര്‍ തകരാറില്‍

Wednesday 7 March 2018 1:28 pm IST

 

കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തില്‍ കുടിവെള്ളമെത്തിയ്ക്കുന്ന നാല് കുഴല്‍കിണറുകളില്‍ ഒന്ന് തകരാറിലായിട്ട് നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കുഴല്‍ക്കിണര്‍ സ്ഥാപിയ്ക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും നടപടിയില്ല. ഇതുമൂലം പഞ്ചായത്തിന്റെ തീരദേശ മേഖല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രുക്ഷമായിരിക്കുകയാണ്. 

  കോട്ടയ്ക്കുപുറം, സംഘപ്പുരമുക്ക്, പുതിയകാവ്, പുത്തന്‍ തെരുവ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നാല് കുഴല്‍കിണറുകളില്‍ നിന്നും പമ്പു ചെയ്യുന്ന ജലമാണ് പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ലഭ്യമാകുന്നത്. ഇതില്‍ 2.25 ലക്ഷം ലിറ്റര്‍ സംഭരണശേഷിയോടെ പുത്തന്‍ തെരുവ് സ്റ്റേഡിയം ഗ്രൗണ്ടില്‍ സ്ഥാപിച്ചിട്ടുള്ള ഓവര്‍ഹെഡ് ടാങ്കിനോട് ചേര്‍ന്നുള്ള കുഴല്‍കിണറിന്റെ പൈപ്പില്‍ തകരാറുണ്ട്. ഇതുകാരണം മുന്‍പ് പമ്പു ചെയ്തിരുന്നതിന്റെ പകുതിയില്‍ താഴെ ജലം മാത്രമെ ഇപ്പോള്‍ പമ്പു ചെയ്ത് സംഭരിക്കാന്‍ സാധിക്കുന്നുള്ളു. ഇങ്ങനെ കുഴല്‍കിണറിന് തകരാര്‍ സംഭവിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കിണര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വാട്ടര്‍അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലം വൈകുകയാണ്.

  പഞ്ചായത്തിന്റെ തീരദേശമേഖലയിലെ കിണറുകള്‍ വറ്റുകയും, കുറഞ്ഞ അളവില്‍ ലഭിക്കുന്ന ജലത്തില്‍ ഓരിന്റെ അംശം കൂടുതലുള്ളതിനാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. വേനല്‍ കടുത്തതോടെ ജലത്തിന്റെ ഉപഭോഗം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന് വാട്ടര്‍അതോറിറ്റിയുടെ പൈപ്പ് വഴി ലഭിക്കുന്ന ജലമാണ് ജനങ്ങള്‍ക്ക് ഏകആശ്രയം. തകരാറിലായ കുഴല്‍കിണറിനു പകരം പുതിയ കിണര്‍ സ്ഥാപിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ജനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടി ഉടന്‍ ഉണ്ടാകുമെന്ന് പറയുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ല എന്നാണ് പരാതി ഉയരുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.