മലയാളി ബിഎസ്‌സി വിദ്യാര്‍ഥിനിക്ക് ബാംഗ്ലൂരില്‍ മാനേജ്‌മെന്റിന്റെ ക്രൂരമര്‍ദ്ദനം

Wednesday 7 March 2018 1:38 pm IST

 

ചാത്തന്നൂര്‍: ബാംഗ്ലൂരില്‍ ഫെയ്ത്ത് ഇന്‍സ്റ്റിറ്റിയൂഷനില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ അനുശ്രീ (19) മാനേജ്‌മെന്റിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി. കാലിലും കയ്യിലും കഴുത്തിലും ഏറ്റ മുറിവിനെ തുടര്‍ന്ന് പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് അനുശ്രീ.

പാരിപ്പള്ളി ഏഴിപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിനി അനുശ്രീക്ക് ബാംഗ്ലൂരിലുള്ള ഫെയ്ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂരമര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ചെയര്‍മാനും ചില അധ്യാപകര്‍ക്കുമെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ കമ്മീഷണര്‍ക്കും  ഉന്നത പോലീസ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അനുശ്രീ പറയുന്നത് ഇങ്ങനെ:

രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ തന്റെ ഫീസ് മുടങ്ങിയതിനെ ചൊല്ലി മാനേജ്‌മെന്റ് പലപ്പോഴും തന്നോട് അപമര്യാദയായി പെരുമാറിയിരുന്നു. സഹപാഠിയായ കുട്ടിയുടെ 500 രൂപ കളവ് പോയതിനെത്തുടര്‍ന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഓഫീസില്‍ വിളിച്ചുവരുത്തി അപമാനിക്കുകയും അസഭ്യം പറയുകയുമായിരുന്നു. എതിര്‍ത്തപ്പോള്‍ സത്യം പറഞ്ഞില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ചെയര്‍മാന്‍ മുഖത്തടിച്ച്— വീഴ്ത്തുകയായിരുന്നു. വീട്ടില്‍ അറിയിക്കുമെന്നു പറഞ്ഞ തന്നെ തറയിലിട്ടു വയറ്റില്‍ ചവിട്ടുകയും ഷൂ ഇട്ട കാല്‍ ഉപയോഗിച്ച് തന്റെ പാദത്തില്‍ ചവിട്ടി തിരുകി മുറിവേല്‍പ്പിച്ചു. ചില അധ്യാപകര്‍ കഴുത്തില്‍  ഞെക്കിപ്പിടിച്ചു. മറ്റുചില അധ്യാപികമാരുടെ നിര്‍ദ്ദേശപ്രകാരം തന്റെ ഫോണ്‍ വാങ്ങിവയ്ക്കുകയും വീട്ടില്‍ അറിയിച്ചാല്‍ കൊന്നുകളയും എന്നുമായിരുന്നു ഭീഷണി. ഒരു ദിവസം മുഴുവന്‍ തനിക്ക് ഭക്ഷണം തന്നില്ലെന്നും കൂട്ടുകാരികള്‍ നല്‍കിയ ബ്രഡും വെള്ളവുമാണ് താന്‍ കഴിച്ചതെന്നും അനുശ്രീ പറയുന്നു. സഹപാഠിയായ വിദ്യാര്‍ഥിനി അനുശ്രീയുടെ അമ്മയെ ഫോണില്‍ വിവരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന്. കോളേജിലെത്തിയ അമ്മ ശ്രീജയ്ക്കും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ദുരനുഭവമാണ് ഉണ്ടായത്. ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റുകളും തന്നുവിടാമെന്നും കോളേജിനെതിരെ ഒരു പരാതിയും ഇല്ലെന്ന് എഴുതിനല്‍കിയ ശേഷം കുട്ടിയുമായി പൊയ്‌ക്കൊള്ളണം എന്നുമായിരുന്നു മാനേജ്‌മെന്റിന്റെ ഭീഷണി. നാട്ടിലെത്തിയശേഷം ആരോഗ്യനില വളരെ മോശമായ അനുശ്രീയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.