കര്‍ദ്ദിനാളിനെ പിന്തുണച്ച സിനഡ് നടപടിയില്‍ പാതിരിമാര്‍ക്ക് അമര്‍ഷം

Thursday 8 March 2018 2:55 am IST

കൊച്ചി: വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് വിലകല്‍പ്പിക്കാത്തതില്‍ പാതിരിമാര്‍ക്ക് അമര്‍ഷം. ഹൈക്കോടതിവിധിക്ക് പിന്നാലെ ചേര്‍ന്ന സിനഡ് യോഗം കര്‍ദ്ദിനാളിന് പൂര്‍ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചതാണ് പാതിരിമാരെ ചൊടിപ്പിച്ചത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് കര്‍ദ്ദിനാള്‍ തല്‍സ്ഥാനത്ത് നിന്ന് സ്വയം മാറിനില്‍ക്കുമെന്നാണ് പാതിരിമാരില്‍ ഭൂരിഭാഗവും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സിനഡ് പിന്തുണ പ്രഖ്യാപിച്ചതോടെ തന്റെ വരുതിയിലേക്ക് കാര്യങ്ങളെത്തിക്കാന്‍ കര്‍ദ്ദിനാളിന് കഴിഞ്ഞു. 

സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള അഞ്ച് അതിരൂപതകളിലെ ബിഷപ്പുമാരടങ്ങുന്നതാണ് സ്ഥിരം സിനഡ്. മാത്യു മൂലക്കാട്ട്, ആന്‍ഡ്രൂസ് താഴത്ത്, ജോസഫ് പെരുന്തോട്ടം, ജോസ് പെരുന്നേടം, മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി എന്നിവരടങ്ങുന്നതാണ് സ്ഥിരം സിനഡ്. ഹൈക്കോടതിവിധിയുടെ പകര്‍പ്പും വിശദാംശങ്ങളും ലഭ്യമായ ശേഷം ആലോചിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് സിനഡ് തീരുമാനിച്ചത്. കോടതിയുടെ നിഗമനങ്ങളും പരാമര്‍ശങ്ങളും കേവലം പ്രഥമദൃഷ്ട്യാ മാത്രമാണെന്നാണ് സിനഡ് വിലയിരുത്തിയത്. 

കോടികളുടെ സാമ്പത്തിക അഴിമതിയില്‍പ്പെട്ട കര്‍ദ്ദിനാളിനെതിരെ ഹൈക്കോടതി പരാമര്‍ശമുണ്ടായിട്ടും മൃദുസമീപം കാട്ടിയതില്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം പാതിരിമാര്‍ക്കും അതൃപ്തിയുണ്ട്. സഭയുടെ പരാമാധികാരികള്‍ക്ക് എന്തും ചെയ്യാമെന്നും ആര്‍ക്കും ചോദിക്കാനാവില്ലെന്നുമുള്ള നിലപാടാണ് സിനഡ് തീരുമാനത്തില്‍  വ്യക്തമാകുന്നതെന്ന് പാതിരിമാര്‍ കുറ്റപ്പെടുത്തുന്നു. വിഷയത്തില്‍ പാതിരിമാരുടെ നിലപാട് പരിഗണിക്കാതെ മുന്നോട്ടുപോകുന്നത് അതിരൂപതാ ബിഷപ്പുമാരടങ്ങിയ സ്ഥിരം സിനഡിന് ചേര്‍ന്ന നടപടിയെല്ലെന്നും വിമര്‍ശിക്കുന്നവരുണ്ട്. പാതിരിമാര്‍ ഉടന്‍ തന്നെ അതിരൂപതാ നേതൃത്വത്തെ ഇക്കാര്യങ്ങള്‍ ധരിപ്പിക്കും. 

വസ്തു ഇടപാട് സംബന്ധിച്ച ആരോപണമുയര്‍ന്നപ്പോള്‍ തന്നെ 458 പാതിരിമാരില്‍ 90 ശതമാനവും കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയണമെന്ന് ആഗ്രഹിച്ചവരാണ്. സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ കര്‍ദ്ദിനാളിനെ ബഹിഷ്‌കരിക്കുമെന്നും അതിരൂപതയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന വിഹിതം നല്‍കില്ലെന്നും പാതിരിമാരില്‍ ചിലര്‍ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ തന്നെയാണ് ഇപ്പോള്‍ സ്ഥിരം സിനഡിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുള്ളത്.

ഉത്തരവ് കിട്ടിയാലുടന്‍ കേസെടുക്കുമെന്ന് പോലീസ്

കൊച്ചി: വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതി ഉത്തരവ് കിട്ടിയാലുടന്‍ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി. കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതായിട്ടുള്ള വാര്‍ത്തകളെ അറിയൂ. രേഖാമൂലം ഉത്തരവ് കിട്ടിയാലേ കേസെടുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. 

കര്‍ദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങാന്‍ ചൊവ്വാഴ്ചയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി കണ്‍വീനര്‍ ഷൈന്‍ വര്‍ഗീസിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.