കാറും ഇലക്ട്രിക് സ്‌കൂട്ടറും കത്തിനശിച്ചു

Thursday 8 March 2018 2:00 am IST

 

ശ്രീകാര്യം: വീടിനോട് ചേര്‍ന്ന കാര്‍ഷെഡില്‍ പാര്‍ക്കുചെയ്തിരുന്ന കാറും ഇലക്ട്രിക് സ്‌കൂട്ടറും കത്തിനശിച്ചു. ശ്രീകാര്യത്തെ കേന്ദ്രകിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രത്തിലെ റിട്ട. ഉദ്യോഗസ്ഥന്‍ ശ്രീകാര്യം ശാന്തിനഗര്‍ റ്റിസി 9/1441 ശിവസ്തുതിയില്‍ പദ്മനാഭന്‍പോറ്റിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് കത്തിനശിച്ചത്.

ചൊവാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട് ഉണര്‍ന്ന് വീടിന് പുറത്തിറങ്ങിയ പദ്മനാഭന്‍പോറ്റി ഷെഡില്‍ കിടന്ന കാറില്‍ നിന്ന് തീ പടരുന്നതാണ് കണ്ടത്. ഉടന്‍ നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. കത്തുന്ന കാറിന് പുറകിലായി മറ്റൊരു കാറും പാര്‍ക്കുചെയ്തിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ വീടുകളില്‍നിന്ന് ഹോസ് ഉപയോഗിച്ച് രണ്ടാമത്തെ കാറിലേക്ക് തീ പടരാതെ നിയന്ത്രിച്ചെങ്കിലും ഷെഡില്‍ കിടന്ന ടയോട്ട എത്തിയോസ് കാറും സ്‌കൂട്ടറും പൂര്‍ണമായി കത്തിനശിച്ചു.

കഴക്കൂട്ടത്തുനിന്ന് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും ശാന്തിനഗറിലെ ഇടുങ്ങിയറോഡ് വാഹനത്തെ കടത്തിവിട്ടില്ല. തുടര്‍ന്ന് ഫയര്‍ എസ്റ്റിംഗ്വീഷര്‍ ഉപയോഗിച്ചും നാട്ടുകാര്‍ വെള്ളം കോരിയൊഴിച്ചുമാണ് തീ കെടുത്തിയത്. തീപിടിത്തത്തില്‍ ഇരുനില വീട്ടിലെ വൈദ്യുതസംവിധാനങ്ങള്‍ കത്തിനശിച്ചു. ഇലക്ട്രിക്മീറ്റര്‍ ഇളകിത്തെറിച്ചു. ടിവി ഉള്‍പ്പെടെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടുവന്നു. മുന്‍വശത്തെ ജനല്‍പ്പാളികള്‍ കത്തിനശിച്ചു. പദ്മനാഭന്‍ പോറ്റിയും ഭാര്യ ഗീതാദേവിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ശ്രീകാര്യം പോലീസും സ്ഥലത്തെത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.