ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിക്കുമെങ്കില്‍ ദാവൂദ് ഇന്ത്യയിലേക്ക് മടങ്ങും

Thursday 8 March 2018 3:40 am IST
"undefined"

 

മുംബൈ : മുംബൈയിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിക്കുകയാണെങ്കില്‍ ഇന്ത്യയിലേക്ക് വിചാരണയ്ക്കായി മടങ്ങാമെന്ന് ദാവൂദ് ഇബ്രാഹിം. ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെതിരായ കേസ് വിചാരണക്കിടെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം കേസ്വാനി താനെ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. 

ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിക്കണമെന്നതുള്‍പ്പടെയുള്ള ദാവൂദിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണ്  മടങ്ങാത്തതെന്നും കേസ്വാനി പറഞ്ഞു. ദാവൂദിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് മുതിര്‍ന്ന കൗണ്‍സില്‍ രാം ജെത്മലാനി മുഖേന കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ല.

ദാവൂദും, സഹോദരന്മാരായ ഇഖ്ബാല്‍ കസ്‌കര്‍, അനീസ് എന്നിവര്‍ മിറ റോഡ് നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി  യതുമായി ബന്ധപ്പെട്ട് കസ്‌കറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന ഹര്‍ജിക്കിടെയാണ് ഇത്തരത്തില്‍ വെളിപ്പെടുത്തിയത്. പോലീസ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍.വി. തമഡേകറാണ് പരിഗണിച്ചത്. വിചാരണക്കിടെ ദാവൂദിനെക്കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ പോലീസിനെ അറിയിക്കണമെന്നും അടുത്തിടെ ദാവൂദുമായി സംസാരിച്ചിരുന്നോയെന്നും സിജെഎം ചോദിച്ചിരുന്നു. എന്നാല്‍ ദാവൂദ് എവിടെയാണെന്ന് കൃത്യമായി അറിവില്ല, മൊബൈലില്‍ സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ നമ്പര്‍ ഉണ്ടായിരുന്നില്ലെന്നും കസ്‌കര്‍ പറഞ്ഞു.

2003ല്‍ ദുബായിയില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതാണ് കസ്‌കറിനെ. അതിനിടെ കസ്‌കറിന് പ്രമേഹം ഉണ്ടെന്നും അതിനാല്‍ ആവശ്യമുള്ള വൈദ്യ സഹായം നല്‍കണമെന്നും കേസ്വനി കോടതിയില്‍ ആവശ്യപ്പെട്ടു. വിചാരണയ്ക്കുശേഷം കസ്‌കറിന്റെ കസ്റ്റഡി കാലാവധി കോടതി മൂന്നു ദിവസത്തേയ്ക്കു കൂടി നീട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.