മെഡിക്കല്‍ കോളേജ് ഒപിയില്‍ ടോക്കണ്‍ തട്ടിപ്പ്

Thursday 8 March 2018 2:00 am IST

 

 

പേട്ട: മെഡിക്കല്‍ കോളേജ് ഒപിയില്‍ ടോക്കണ്‍ തട്ടിപ്പ്. പുലര്‍ച്ചെ ചികിത്സ തേടിയെത്തുന്ന രോഗികളെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് തട്ടിപ്പ്. ടോക്കണ്‍  നല്‍കാന്‍ ചുമതലപ്പെട്ട സെക്യൂരിറ്റി  ജീവനക്കാരന്റെ ഒത്താശയോടെയാണ് തട്ടിപ്പ്.

രാവിലെ 7 മണിയോടെയാണ് ഒപിയിലെ ടോക്കണ്‍ വിതരണം ആരംഭിക്കുന്നത്. ടോക്കണ്‍ എടുക്കുന്ന മുറയ്ക്കാണ് രോഗികള്‍ക്ക് ഒപി ടിക്കറ്റ് നല്‍കി പരിശോധനയ്ക്ക് ഡോക്ടറെ കാണാന്‍ അനുമതി ലഭിക്കുക. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം ടോക്കണ്‍ നല്‍കണം. എന്നാല്‍ ആദ്യമെത്തുന്ന രോഗികള്‍ക്ക് ലഭിക്കേണ്ട പരിഗണ ലഭിക്കുന്നില്ലെന്ന പരാതിയാണ് വ്യാപകമാകുന്നത്. പ്രദേശത്തെ ചില സംഘങ്ങളുടെ വരുമാനമായി മാറിയിരിക്കുകയാണ് ടോക്കണ്‍ സമ്പ്രദായം.

ടോക്കണ്‍ മെഷീന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റിജീവനക്കാരന്‍ വഴിയാണ് രോഗികള്‍ക്ക് ടോക്കണ്‍ ലഭിക്കുന്നത്. പുലര്‍ച്ചെ എത്തി മുന്‍നിരയില്‍ നിന്നാലും ആദ്യനമ്പരുകള്‍ രോഗികള്‍ക്ക് കിട്ടാറില്ല. സംഘത്തില്‍പ്പെട്ടവര്‍ വരിയില്‍ നില്‍ക്കുന്ന രോഗികളെ അവഗണിച്ച് പത്തും ഇരുപതും ടോക്കണ്‍ ഒരുമിച്ച് വാങ്ങുന്നു. ഈ ടോക്കണുകള്‍ വൈകിയെത്തുന്നവര്‍ക്ക് നല്‍കി വേഗത്തില്‍ ഡോക്ടറെ കാണാനുളള സൗകര്യമൊരുക്കുകയാണ്. ഒരു ടോക്കണ് 200 മുതല്‍ 300 രൂപ വരെ ഈടാക്കിയാണ് കച്ചവടം. പ്രദേശത്തെ ഓട്ടോ, കാര്‍ ഡ്രൈവര്‍മാര്‍ തുടങ്ങി തൊഴിലാളിസംഘടനയുടെ പ്രവര്‍ത്തകര്‍വരെ ടോക്കണ്‍ കച്ചവടം നടത്തുന്നതായാണ് ആരോപണം. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ തണലിലാണ് ഇതു നടക്കുന്നതെന്നും ആക്ഷേപമുണ്ട്. വരി നില്‍ക്കുന്നവര്‍ കൃത്രിമം ചോദ്യംചെയ്താല്‍ പിന്നെ തെറി അഭിഷേകമായിരിക്കും. അതിനാല്‍ ആരും പ്രതികരിക്കാറില്ല.

ഒപി ടിക്കറ്റെടുക്കുന്നതിലും ഡോക്ടറെ കാണുന്നതിലും വന്‍ക്രമക്കേടാണ് നടക്കുന്നത്. ഒപി ടിക്കറ്റ് വേഗത്തില്‍ ലഭിക്കാന്‍  ഏജന്റുമാരുടെ സംഘം ആശുപത്രിക്ക് പുറത്തുണ്ട്. മൊബൈല്‍ ഫോണ്‍ വഴിയാണ് രോഗിയെസംബന്ധിച്ച വിവരം ഒപി ടിക്കറ്റടിക്കുന്ന ജീവനക്കാര്‍ക്ക് കൈമാറുന്നത്. ഇവര്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റെടുത്ത് ഏജന്റിന് കൈമാറുന്നു. ഏജന്റ് ഇത് രോഗിക്ക് നല്‍കുന്നതോടെ പണമിടപാട് പൂര്‍ത്തിയാകും. ഒപി ടിക്കറ്റ് വേഗത്തിലെടുത്താലും ഡോക്ടറെ കാണുന്നത് മുന്‍ഗണനാക്രമമനുസരിച്ചാണ്. പക്ഷേ ഏജന്റുമാര്‍ക്ക് പണം നല്‍കിയാല്‍ ഡോക്ടറുടെ അടുത്തേക്കും ഏജന്റുമാരുടെ മൊബൈല്‍ സന്ദേശമെത്തും. ആശുപത്രി ഒപിയിലെ ചില ഡോക്‌ടേഴ്‌സിനും ഏജന്റുമാരുമായി ബന്ധമുളളതായി പറയപ്പെടുന്നു.

പുലര്‍ച്ചെ എത്തിയാലും ഉച്ചയോടടുപ്പിച്ചു മാത്രമേ സാധാരണക്കാര്‍ക്ക് ഡോക്ടറെ കാണാന്‍ കഴിയൂ. വരി നിന്ന് അവശരാകുന്നവര്‍ക്ക് ഒപി സമയം കഴിയുന്നതോടെ ഡോക്ടറെ കാണാന്‍ കഴിയാതെ വരുന്നു. മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍  കോടികള്‍ മുടക്കി സൗഹൃദ കൂട്ടായ്മയ്ക്കായി വര്‍ണങ്ങള്‍ പൂശുമ്പോള്‍ ഒപിബ്ലോക്കിലെ സൗഹൃദം നോട്ടുകള്‍ക്ക് പിന്നാലെ പരക്കം പായുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.