ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്ത ദേശാഭിമാനികളെ അഭിവാദ്യം ചെയ്യുന്നു; കെപി സുകുമാരൻ

Wednesday 7 March 2018 7:21 pm IST
"undefined"

ത്രിപുരയിൽ ലെനിൻ്റെ പ്രതിമ തകർത്തവരെ പ്രകീർത്തിച്ച് പ്രമുഖ ബ്ലോഗ് എഴുത്തുകാരൻ കെപി സുകുമാരൻ. മനുഷ്യകുലത്തിൻ്റെ ശത്രുക്കളാണ് ലെനിനും സ്റ്റാലിനും എന്ന് സൂചിപ്പിച്ച അദ്ദേഹം അവരുടെ പ്രതിമകൾ സ്ഥാപിക്കുന്നവർ ശത്രുക്കളാണെന്നും തുറന്നടിച്ചു.

കെപി സുകുമാരൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്ത ദേശാഭിമാനികളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ഇന്ത്യയിൽ ലെനിന്റെ പ്രതിമ സ്ഥാപിക്കുന്നവർ രാജ്യദ്രോഹികളാ‍ണ്. ലെനിനും സ്റ്റാ‍ലിനും ഒക്കെ മനുഷ്യകുലത്തിന്റെ ശത്രുക്കളാണ്. സ്റ്റാലിനെ കുറ്റപ്പെടുത്തുമ്പോഴും ലെനിനെ മഹത്വവൽക്കരിക്കാൻ ചിലർ ശ്രമിക്കാറുണ്ട്. എന്നാൽ കാൾ മാർക്സിന്റെ കമ്മ്യൂണിസം എന്ന സ്വപ്നപദ്ധതിയെ ഒരു കാട്ടാളപ്രസ്ഥാനമാക്കി രൂപം കൊടുത്തത് ലെനിൻ ആണ്. പിന്നീട് ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകൾ മാർക്സിസം എന്ന് പറയില്ല. മാർക്സിസ്റ്റ്-ലെനിനിസം എന്നേ പറയൂ. അങ്ങനെ മാർക്സിന്റെ മഹത്തായ ദർശനം പിന്നിലേക്ക് തള്ളുകയും ലെനിൻ രൂപം കൊടുത്ത കമ്മ്യൂണിസ്റ്റ് കാട്ടാളപ്പാർട്ടി എന്ന സംഘടനാരൂപം എല്ലാ കമ്മ്യൂണിസ്റ്റുകളും സ്വീകരിക്കുകയുമായിരുന്നു.

1917ൽ റഷ്യയിൽ നടന്നത് വിപ്ലവം അല്ലായിരുന്നു. ഒന്നാം ലോകമഹായുദ്ധവും സാർ ചക്രവർത്തിയുടെ ദുർഭരണവും ധൂ‍ർത്തും റക്ഷ്യ എന്ന രാജ്യത്തെ അങ്ങേയറ്റം പാപ്പരാക്കിയിരുന്നു. ആ സമയത്ത് റഷ്യയിൽ രൂപം കൊണ്ട് ജനാധിപത്യ ദേശീയ പ്രസ്ഥാനത്തോടൊപ്പം ലെനിന്റെ ബോൾഷെവിക്ക് പാർട്ടി കൂട്ടുകൂടി. സാർ ചക്രവർത്തിയെ അധികാരഭ്രഷ്ഠനാക്കിയ ശേഷം ദേശീയ നേതാക്കളെയും സാർ കുടുംബത്തിലെ പിഞ്ചുകുട്ടികളെയുമടക്കം കൊന്നൊടുക്കിയ ശേഷം അധികാരം പിടിച്ചെടുക്കുകയാണ് ലെനിൻ ചെയ്തത്. തകർന്ന് തരിപ്പണമായി കിടക്കുന്ന റഷ്യയെ അന്ന് ആർക്കും അധീനപ്പെടുത്താൻ കഴിയുമായിരുന്നു. അത് വിപ്ലവമല്ല. മാർക്സ് വിഭാവനം ചെയ്ത തൊഴിലാളിവർഗ്ഗ വിപ്ലവം വികസിതമുതലാളിത്ത രാജ്യങ്ങളിൽ മാത്രമേ സംഭവിക്കാൻ പാടുണ്ടായിരുന്നുള്ളൂ. റഷ്യ അന്ന് ഒരു ദരിദ്ര കാർഷിക രാജ്യമായിരുന്നു. അധികാരം പിടിച്ചെടുത്ത ലെനിൻ റഷ്യയിലെ മുഴുവൻ ഭൂവുടുമകളെയും കൊന്നൊടുക്കിയിട്ടാണ് ഭൂമിയും സർവ്വതും സർക്കാ‍രിന്റെ ഉടമയിൽ കൊണ്ടുവന്നത്.

1917 ഒക്ടോബറിൽ റഷ്യയിൽ നടന്നത് വിപ്ലവം ആണെന്ന് ലോകമെങ്ങും വാഴ്ത്തപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി തമിഴ് ദേശീയകവി സുബ്രഹ്മണ്യഭാരതി റഷ്യൻ വിപ്ലവത്തെ വാഴ്ത്തി കവിത പാടി. കമ്മ്യൂണിസ്റ്റ് ദർശനം എല്ലാവരും വായിക്കാൻ തുടങ്ങി. മാർക്സിന്റെ കമ്മ്യൂണിസം ആണ് റഷ്യയിൽ നടപ്പാക്കുന്നത് എന്ന് എല്ലാ മനുഷ്യസ്നേഹികളും ചിന്തകരും തെറ്റിദ്ധരിച്ചു, എന്നാൽ ലെനിൻ നടപ്പാക്കിയ സംഘടനാരീതി ജനങ്ങൾക്ക് യാതൊരു സ്വാ‍തന്ത്ര്യവും നൽകാത്ത , ഒരു ഏകാധിപതിയിൽ സർവ്വ അധികാരങ്ങളും കേന്ദ്രീകരിക്കുന്നതും എതിർക്കുന്നവരെ നിഷ്ക്കരുണം കൊന്ന് തീർക്കുന്നതുമായി കാട്ടാളത്ത പരമായ പാർട്ടി സെറ്റപ്പ് ആയിരുന്നു. ഇത് മാർക്സിന്റെ ഒരു പുസ്തകത്തിലോ കുറിപ്പിലോ എഴുത്തിലോ കാണാത്ത സംഘാടനപ്രതിഭാസമാണ്. ലോകത്തുള്ള കമ്മ്യൂണിസ്റ്റുകൾ മാർക്സിന്റെ പുസ്തകം മുൻ‌നിർത്തി നടപ്പാക്കാൻ ശ്രമിച്ചത് ലെനിന്റെ ഏകാധിപത്യരീതിയും പാർട്ടി സംവിധാനവും ആണ്. സ്റ്റാലിൻ അത് നന്നായി ഉപയോഗപ്പെടുത്തി എന്നേയുള്ളൂ.

മാർക്സിസം വേറെ, ലെനിനിസം വേറെയാണ്. വെറും ലെനിനിസം പറഞ്ഞാൽ തങ്ങളുടെ തനിനിറം വെളിപ്പെട്ടുപോകും എന്നത് കൊണ്ടാ‍ണ് കമ്മ്യൂണിസ്റ്റുകൾ എപ്പോഴും മാർക്സിനെയും കൂട്ടിപ്പിടിച്ച് മാർക്സിസം-ലെനിനിസം എന്ന് പറയുന്നത്. ഒരു മാർക്സിസ്റ്റിനു ഒരു മനുഷ്യനെയും ഹിംസിക്കാൻ ഒരിക്കലും കഴിയില്ല, കാരണം മാർക്സിസം മനുഷ്യർക്ക് ഒരു സമഗ്രവീക്ഷണം നൽകും. അക്കാലത്തെ പ്രകൃതി വിജ്ഞാനം വളരെ പരിമിതം ആയതിനാൽ മാർക്സിന്റെ ചിന്തയിലും ദർശനങ്ങളിലും അതിന്റേതായ അപൂർണ്ണതയും തെറ്റുകളും കടന്നു കൂടിയിട്ടുണ്ടെങ്കിലും വായിച്ചാൽ മനുഷ്യനോടും പ്രകൃതിയോടും ഏതൊരാൾക്കും പ്രണയം തോന്നിക്കുന്നതാണ് മാർക്സിസത്തിന്റെ സത്ത. എന്നാൽ ലെനിനിസ്റ്റിനു തന്റെ പാർട്ടിക്കും തനിക്കും എതിരെ നിൽക്കുന്ന ആരെയും അനായാസമായും ക്രൂരമായും കൊല്ലാൻ കഴിയും. അതാ‍ണ് ലെനിൻ ലോകത്തിനു നൽകിയ സംഭാവന. ആ ലെനിൻ മരണക്കിടക്കയിൽ കിടക്കുമ്പോൾ തന്നെ സ്റ്റാലിൻ ലെനിന്റെ മരണം വേഗത്തിലാക്കി, ലെനിൻ സ്ഥാപിച്ച സോവിയറ്റ് സാമ്രാജ്യത്തിന്റെ സർവ്വാ‍ധിപത്യം കൈക്കലാക്കി. ലെനിന്റെ സമകാലീനനും മാർക്സിസ്റ്റ് ചിന്തകനും ആയിരുന്ന ട്രോഡ്‌സ്കിയെ നാട് കടത്തുകയും കിങ്കരമാരെക്കൊണ്ട് വേട്ടയാടി കൊല്ലിക്കുകയും ചെയ്തു.

മാർക്സ് പ്രവചിച്ചത് പോലെ തൊഴിലാളി വർഗ്ഗ വിപ്ലവത്തിലൂടെ ലോകത്ത് സമത്വസുന്ദരമായ വ്യവസ്ഥിതി സൃഷ്ടിക്കാനല്ല ലെനിനിസ്റ്റുകൾ ശ്രമിച്ചത്, അധികാരം പിടിച്ചടക്കാനും ജനങ്ങളെ അടിമകളാക്കിയും എതിർക്കുന്നവരെ ഉന്മൂലനം ചെയ്തും പാർട്ടി ഏകാധിപത്യം സ്ഥാപിക്കാനുമാ‍യിരുന്നു. അതിനു ഏത് രീതിയും സ്വീകരിക്കാം. ഇരുപതാം നൂറ്റാണ്ട് ലെനിനിസ്റ്റ് സർവാധിപത്യം ലോകമെങ്ങും വ്യാപിക്കുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. അമേരിക്ക എന്നൊരു ജനാധിപത്യ രാ‍ജ്യം ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ ലോകം മുഴുവൻ ലെനിനിസ്റ്റുകളുടെ ഏകാധിപത്യത്തിൽ അമർന്നു പോയേനേ. പിന്നെ ഭൂമി ഒരൊറ്റ തുറന്ന ജയിൽ ആയിരുന്നിരിക്കും. ജനാധിപത്യവും സ്വാതന്ത്ര്യവും എന്തെന്ന് മനുഷ്യർക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ലെനിനിസ്റ്റുകളുടെ അടിമജീവിതം തന്നെയാണ് ഇഹലോകജീവിതം എന്നേ ആളുകൾക്ക് ചിന്തിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇന്ന് ലോകത്ത് ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും നിലനിൽക്കുന്നതിന് ലെനിനിസ്റ്റ് വ്യാപനത്തെ ഭൂമിയിൽ പ്രതിരോധിച്ച അമേരിക്കൻ ഐക്യനാടുകളോട് നാം കടപ്പെട്ടിരിക്കുന്നു.

ത്രിപുരയിൽ ലെനിനിസ്റ്റുകൾ വിജയിച്ചപ്പോൾ രാജീവ് ഗാന്ധിയുടെ പ്രതിമ തകർത്തതിൽ യാതൊരു അസ്വാഭാ‍വികതയും ഇല്ല. ആളുകളെ പച്ചയ്ക്ക് വെട്ടിക്കൊല്ലുന്നവർക്ക്, ജീവനോടെ കുഴിയിൽ തള്ളി ഉപ്പിട്ട് മൂടി ഉന്മൂലനം ചെയ്യുന്നവർക്ക് പ്രതിമ തകർക്കലൊക്കെ എത്ര നിസ്സാ‍രമാണ്. കോൺഗ്രസ്സുകാർക്ക് പക്ഷെ ലെനിനിസ്റ്റുകളുടെ കൊലകളും അക്രമങ്ങളും സഹിക്കാനേ കഴിഞ്ഞുള്ളൂ. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച് രക്തസാക്ഷിയായ, ആരാധ്യനായ സ്വന്തം നേതാവിന്റെ പ്രതിമ തകർത്തിട്ട് പകരം റഷ്യയിൽ പോലും ജനങ്ങൾ ഇപ്പോൾ വെറുക്കുന്ന ലെനിന്റെ പ്രതിമ സ്പടികത്തിൽ പണിത് സ്ഥാപിക്കുന്നത് നിസ്സഹായമായി നോക്കി നിൽക്കാനേ കോൺഗ്രസ്സുകാർക്ക് കഴിഞ്ഞുള്ളൂ.

ലെനിനിസ്റ്റുകൾ ഇന്ത്യയിൽ എവിടെ ലെനിന്റെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ടോ അതൊക്കെ തകർക്കണം. സോവിയറ്റ് യൂനിയനിൽ നിന്ന് വേർപെട്ടുപോയ ഒരു രാജ്യത്തും ഇപ്പോൾ ലെനിന്റെ പ്രതിമകൾ ഇല്ല. റഷ്യയിൽ തന്നെ എവിടൊക്കെ ലെനിന്റെ പ്രതിമകൾ അവശേഷിക്കുന്നുണ്ടോ അതൊക്കെ റഷ്യക്കാർ തെരഞ്ഞ് പിടിച്ച് തകർക്കുന്നുണ്ട്. ത്രിപുര ലെനിനിസ്റ്റുകൾ ജനാധിപത്യത്തിന്റെ ദൌർബല്യം മുതലാക്കി പിടിച്ചെടുത്ത് ലെനിന്റെ പ്രതിമകളും സ്ഥാപിച്ച് അതൊരു മോസ്‌ക്കോ ആക്കി മാറ്റി അനുഭവിച്ചു വരികയായിരുന്നു. ആൺ‌കുട്ടികൾ ആ മോസ്‌ക്കോവിൽ ഇരച്ചുകയറി ജനാധിപത്യവിശ്വാസികൾക്ക് ഇന്നും ദുസ്വപ്നമായ ആ പ്രതിമകൾ താഴെയിട്ട് തകർത്തതിൽ ഞാൻ അങ്ങേയറ്റം സന്തുഷ്ടനാണ്. ആ രാജ്യസ്നേഹികളെ ഒരിക്കൽ കൂടി അഭിവാദ്യം ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.