ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമക്ക് നേരെ ആക്രമണം; പെരിയാര്‍ പ്രതിമ തകര്‍ത്തത് മദ്യലഹരിയില്‍

Thursday 8 March 2018 3:20 am IST
"undefined"

കൊല്‍ക്കത്തയില്‍ ജനംസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമക്ക് നേരെ ആക്രമണം. നഗരമധ്യത്തിലുള്ള അര്‍ദ്ധകായ പ്രതിമയില്‍ കരി ഓയിലൊഴിക്കുകയും കേടുപാടുകളുണ്ടാക്കുകയും ചെയ്തു. ജാദവ്പുര്‍ സര്‍വ്വകലാശാലയിലെ മാവോയിസ്റ്റ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെ ഏഴ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 

തമിഴ്‌നാട്ടില്‍ ഇ.വി. രാമസ്വാമി പെരിയാറുടെ പ്രതിമ തകര്‍ത്തതില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍. മുത്തുരാമന്‍, എം. ഫ്രാന്‍സിസ് എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു സംഭവം. ഫ്രാന്‍സിസ് സിപിഐ പ്രവര്‍ത്തകനും മുത്തുരാമന്‍ ബിജെപി അനുഭാവിയുമാണ്. പ്രതിമ തകര്‍ത്തതിന് പിന്നില്‍ ബിജെപിയാണെന്ന് വ്യാപക പ്രചാരണം നടത്തിയ ഇടത്പാര്‍ട്ടികള്‍ ഇതോടെ വെട്ടിലായി.

അതേ സമയം പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ബിജെപി നേതാവ് എച്ച്. രാജ ഖേദം പ്രകടിപ്പിച്ചു. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെ ഇന്നലെ ആക്രമണമുണ്ടായി. മീററ്റില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തത്തിനെതിരെ ദളിത് സംഘടനകള്‍ പ്രതിഷേധിച്ചു. 

കര്‍ശന നടപടിയെന്ന് പ്രധാനമന്ത്രി

പ്രതിമകള്‍ തകര്‍ക്കുന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. മോദി തന്നോട് സംസാരിച്ചതായും സംഭവത്തെ അപലപിച്ചതായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതിമകള്‍ തകര്‍ക്കുന്നതായി വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം കാണുന്നത്. കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തതില്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.