എയര്‍സെല്‍-മാക്‌സിസ് അഴിമതി; ചിദംബരത്തിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴി

Thursday 8 March 2018 3:30 am IST
"undefined"

ന്യൂദല്‍ഹി: എയര്‍സെല്‍-മാക്‌സിസ് അഴിമതിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി.ചിദംബരം കൂടുതല്‍ കുരുക്കിലേക്ക്. എയര്‍സെല്‍-മാക്‌സിസ് കമ്പനിക്ക് വിദേശ നിക്ഷേപത്തിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡി (എഫ്‌ഐപിബി)ന്റെ അനുമതി നല്‍കാന്‍ ചിദംബരം വഴിവിട്ട് പ്രവര്‍ത്തിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ബോര്‍ഡില്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി തുടങ്ങിയവരെ ചോദ്യം ചെയ്തതില്‍നിന്നും ചിദംബരത്തിനെതിരെ മൊഴി ലഭിച്ചതായും സത്യവാങ്മൂലത്തിലുണ്ട്. 

2006ല്‍ 3500 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനാണ് എയര്‍സെല്‍ അനുമതി ചോദിച്ചത്. 600 കോടി രൂപക്ക് മുകളിലുള്ള വിദേശ നിക്ഷേപത്തിന് സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതിയാണ് അനുമതി നല്‍കേണ്ടത്. സമിതിക്ക് മുന്‍പാകെയെത്തുന്നത് തടയാന്‍ 180 കോടി രൂപയുടെ  അപേക്ഷയാക്കി കുറച്ച് ധനമന്ത്രാലയം തന്നെ അനുമതി നല്‍കുകയായിരുന്നു.

ചിദംബരമാണ് ഇതിന് പിന്നിലെന്ന് ഉദ്യോഗസ്ഥരും സമ്മതിച്ചിട്ടുണ്ട്. അനുമതി ലഭിച്ച് 20 ദിവസത്തിന് ശേഷം കാര്‍ത്തിയുടെ നിയന്ത്രണത്തിലുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് എയര്‍സെല്‍ ടെലിവെഞ്ചേഴ്‌സ് 26 ലക്ഷം രൂപ നല്‍കി. കാര്‍ത്തിക്കും ബന്ധുവായ പളനിയപ്പനും ബന്ധമുള്ള മറ്റൊരു കമ്പനിക്ക് മാക്‌സിസ് ഗ്രൂപ്പ് രണ്ട് ലക്ഷം ഡോളറും നല്‍കി. ടു ജി ലൈസന്‍സ് വാങ്ങി നല്‍കാന്‍ കാര്‍ത്തി വാങ്ങിയ കോഴയാണ് ഇതെന്നാണ് ആരോപണം. 

അന്വേഷണത്തിന്റെ ഭാഗമായി 2004നും 2009നും 2012നും 2014നും ഇടയിലുള്ള 2721 എഫ്‌ഐപിബി ഫയലുകള്‍ ഇഡി പരിശോധിച്ചതായി അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച സത്യവാങമൂലത്തില്‍ പറയുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അടുത്തിടെ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പി. ചിദംബരത്തെ സിബിഐ ചോദ്യം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.