ശ്രീഭഗവതിയെപ്പോലെ ശ്രീഗണേശന്‍

Thursday 8 March 2018 2:40 am IST

ലക്ഷ്മീസമാനനായ ഗണപതിയെന്നത് ചിലരിലെങ്കിലും പല ചിന്തകള്‍ക്ക് കാരണമായേക്കും. എന്നാല്‍ ലക്ഷ്മീദേവിയുടെ മുഖഛായയും ഐശ്വര്യവുമുള്ള ശ്രീഗണേശനെക്കുറിച്ച് ദ്രാവിഡദേശത്തിലെ ഭക്തജനങ്ങള്‍ക്ക് ഏറെ പറയാനുണ്ട്. പാലാഴിമഥനകാലത്ത് ഗണേശപൂജക്കു മുടക്കുവന്നപ്പോള്‍ എല്ലാവരും ദൈന്യതയോടെ ദീനബന്ധുവായ വൈകുണ്ഠനാഥന്റെ പാദാരവിന്ദങ്ങളില്‍ അഭയം തേടി. കടകോലായി ഉപയോഗിച്ച മന്ദരപര്‍വ്വതം ചെളിയില്‍ പൂണ്ട് മറിയാന്‍ ഭാവിച്ചുവെന്നറിഞ്ഞ മഹാവിഷ്ണു ഗണേശപൂജ നടത്തി. തുടര്‍ന്ന് വിഷ്ണു ആമയായി അവതരിച്ച് പാലാഴിയില്‍ ഊര്‍ന്നിറങ്ങി മന്ദരപര്‍വ്വതത്തിനെ ചുമലില്‍ താങ്ങി ഉയര്‍ത്തി. പിന്നീട് ആമയുടെ ചുമലില്‍ പര്‍വ്വതത്തെയിരുത്തിയാണ് പാലാഴി കടഞ്ഞത്. പര്‍വ്വതം മറിയാതിരിക്കാന്‍ വിഷ്ണു ഗരുഡനായി പര്‍വ്വതമുകളിലിരുന്ന് പര്‍വ്വതത്തെ സമമായി പിടിച്ചു.

ശ്രീഹരി ദേവന്മാരോടൊപ്പം നിന്ന് പാലാഴി കടയലും നിര്‍വഹിച്ചു. ഇങ്ങനെ പാലാഴി കടഞ്ഞുകൊണ്ടിരുന്നപ്പോള്‍ ആഴിയില്‍ നിന്നും പലതും ഉയര്‍ന്നുവന്നു. ഐരാവതം വന്നതിനെ ദേവേന്ദ്രന്‍ കൈക്കലാക്കി. വെളുത്തനിറത്തിലുള്ള ആ ആന ഏവരിലും കൗതുകമുണര്‍ത്തി.

പാലാഴിയില്‍ നിന്നും മദ്യം ഉയര്‍ന്നുവന്നപ്പോള്‍ അസുരന്മാര്‍ അത് കൈക്കലാക്കി.

കാളകൂട വിഷം വന്നപ്പോള്‍ ലോകഹിതത്തിനായി ശ്രീപരമേശ്വരന്‍ അത് ഏറ്റുവാങ്ങി. ഉച്ചൈശ്രവസ് ഉയര്‍ന്നുവന്നപ്പോള്‍ സൂര്യദേവന്‍ അത് ഏറ്റുവാങ്ങി. ലക്ഷ്മീദേവി ഉയര്‍ന്നുവന്നതു കണ്ട് മഹാവിഷ്ണു ദേവിയെ വരിച്ചു.

ഇതിനുപിന്നാലെ വെളുത്തനിറത്തില്‍ ശ്രീഗണേശന്‍ പാലാഴിയില്‍നിന്നും ഉയര്‍ന്നുവന്നു. ശേ്വതഗണപതി എന്നറിയപ്പെട്ട ഈ ഗണപതിയെ ദ്രാവിഡദേശത്തില്‍ കുംഭകോണത്തിനടുത്ത് തിരുവലഞ്ചുഴിയില്‍ വാഴിച്ചിരുത്തി.

പാലാഴി മകളായ ശ്രീ മഹാലക്ഷ്മിയുടെ സഹോദരനായി വന്ന ഈ ശ്രീഗണേശന്‍ മഹാലക്ഷ്മിയുടെ മുഖകാന്തിയും ഐശ്വര്യവും പൂര്‍ണമായി വഹിച്ചിരുന്നു. ലക്ഷ്മീദേവിയെപ്പോലെ പൊതുജനത്തിന് ഐശ്വര്യം പ്രദാനം ചെയ്തുകൊണ്ട് വാഴുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.