ഖാദര്‍ വധം: ഭാര്യയും പ്രതി

Wednesday 7 March 2018 9:00 pm IST

 

തളിപ്പറമ്പ്: ബക്കളം കാനൂരിലെ മൊട്ടന്റകത്ത് പുതിയപുരയില്‍ അബ്ദുള്‍ ഖാദര്‍ (38)നെ വീട്ടില്‍നിന്നും വിളിച്ചിറക്കി തല്ലിക്കൊന്ന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഭാര്യ വായാട്ടെ കെ.ഷെരീഫ (38)യെയും പ്രതിചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് തളിപ്പറമ്പ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മൊത്തം 10 പ്രതികളാണ് ഉള്ളത്. വായാടും പരിസര പ്രദേശങ്ങളിലുമുള്ള കെ.സി.നൗഷദ്, കെ.സി.മനാഫ്, കെ.സി.നവാസ്. കെ.ഷിഹാബുദ്ദീന്‍, സി.ടി.മുഹാസ്, പി.വി.സിറാജ്, എം.അബ്ദുള്ളക്കുട്ടി, ടി.കെ.റാഷിദ്, എം.വി.അബ്ദുള്‍ ലത്തീഫ് എന്നിവരാണ് കേസിലെ പ്രതികള്‍.

2017 ജനുവരി 25ന് പുലര്‍ച്ചെ ബക്കളം പൂതപ്പാറ കുന്നിന് താഴെ കാനൂരിലെ വീട്ടില്‍ നിന്നും പ്രതികള്‍ ഖാദറിനെ ബലമായി തൊട്ടടുത്ത വയലിലേക്ക് പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ച് അവശനിലയിലാക്കുകയും.  കാറില്‍ പരിയാരത്തേക്ക് കൊണ്ടുപോയി തവളക്കുളത്തുവെച്ച് കാലും കയ്യും തല്ലിയൊടിക്കുകയും പിന്നീട് മിനി ലോറിയില്‍ കയറ്റിക്കൊണ്ടുപോയി വീണ്ടും മര്‍ദ്ദിക്കുകയും മൃതപ്രായനായപ്പോള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടി വായാട് പള്ളിക്ക് സമീപം റോഡില്‍ തള്ളുകയുമായിരുന്നു. ഇവിടെവെച്ചാണ് ഖാദര്‍ മരണപ്പെട്ടത്. ഖാദറെ കൊല്ലാന്‍ ഭാര്യയും കൂട്ടുനിന്നിരുന്നുവെന്ന് ഖാദറിന്റെ ഉമ്മ പോലീസിനുനല്‍കിയ മൊഴിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ഷെറീഫക്കും പങ്കുണ്ടെന്ന് ബോധ്യപ്പെട്ടത്. കുപ്രസിദ്ധ മോഷ്ടാവും നാട്ടുകാര്‍ക്കും ഭാര്യക്കും സ്ഥിരം ശല്യക്കാരനുമായ ഖാദര്‍ ബക്കളം മേഖലയില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിരുന്നു. ശല്യംസഹിക്കാന്‍ കഴിയാതെവന്നപ്പോഴാണ് നാട്ടുകാര്‍ ഇയാളെ തല്ലിക്കൊന്നത് എന്നാണ് കുറ്റപത്രത്തിലുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.