കൊച്ചിക്കു പിന്നാലെ കൂടുതല്‍ ജില്ലകള്‍ താപത്തുരുത്തിലേക്ക്

Thursday 8 March 2018 3:55 am IST

ആലപ്പുഴ: ചൂടിന്റെ കാഠിന്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പാലക്കാട് ആണെങ്കിലും താപത്തുരുത്തെന്ന (അര്‍ബന്‍ ഹീറ്റ് ഐലന്‍ഡ്) താത്കാലിക പ്രതിഭാസം ഏറ്റവും കൂടുതല്‍ കൊച്ചിയില്‍. ഈ പ്രതിഭാസം കൊച്ചി വിട്ട് മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നതായിട്ടാണ് പുതിയ കണക്കുകള്‍.

 ചൂടിന് കാഠിന്യമേറുന്ന അനുകൂല സാഹചര്യമാണ് കൊച്ചിക്കുള്ളത്. കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വാഹനപ്പെരുപ്പവും ടാര്‍ റോഡുകളും ഇതിന് പ്രധാന കാരണം. എറണാകുളം മുതല്‍ തെക്കോട്ട് തിരുവനന്തപുരം വരെ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.വ്യാപകമായ വേനല്‍മഴയ്ക്ക് സാദ്ധ്യതയില്ല. എന്നാല്‍ എറണാകുളത്തിനു വടക്കോട്ട് മഴ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ സൂചന. മാര്‍ച്ച് മാസത്തില്‍ സാധാരണ കേരളത്തില്‍ അനുഭവപ്പെടുന്ന ചൂട് ഈ വര്‍ഷം ജനുവരിയിലെ മലയാളി അനുഭവിച്ചു. ഒന്നര മാസം മുമ്പ് 35 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്.

ഇന്നലെത്തെ കണക്കു പ്രകാരം പാലക്കാട് 38.77 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. മുണ്ടൂരില്‍ ഇന്നലെ 40 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. ഇനിയും കൂടാനാണ് സാദ്ധ്യത.കേരളമാകെ ഒന്നര മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയിട്ടുണ്ട്. മാര്‍ച്ച് 21 വരെയുള്ള ചൂടിന്റെ കാഠിന്യം അപകടകരമാണ്.

സൂര്യാഘാതത്തിനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. സൂര്യന്‍ ഭൂമിക്കു നേരെ വരുന്നതാണ് കാരണം. 21നുശേഷവും ചൂടിന്റെ കാഠിന്യം കുറയാനുള്ള സാദ്ധ്യത ഇപ്പോള്‍ കാണുന്നില്ല. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ തുലാവര്‍ഷം നല്ലരീതിയില്‍ ലഭിച്ചിരുന്നെങ്കിലും ചൂടിന്റെ കാഠിന്യം കാരണം ജലക്ഷാമം രൂക്ഷമാകും.

എറണാകുളം മുതല്‍ വടക്കോട്ട് ഒട്ടും മഴ ലഭിച്ചിട്ടില്ല. വേനല്‍മഴയും വടക്കോട്ട് വളരെക്കുറയാനാണ് സാദ്ധ്യത എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ വേനല്‍മഴ പ്രതീക്ഷിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.