ഉള്‍ക്കണ്ണാല്‍ അവര്‍ ചിത്രം വരച്ചു; ലക്ഷ്മിപ്രിയയ്ക്ക് സ്‌നേഹവീടായി

Thursday 8 March 2018 2:00 am IST
വര്‍ണങ്ങളുടെ ലോകം ഇവര്‍ക്ക് അന്യമല്ല, ഉള്‍ക്കണ്ണിലെ ചായം കൊണ്ടവര്‍ ക്യാന്‍വാസില്‍ തീര്‍ത്ത നൂറുകണക്കിന് ചിത്രങ്ങള്‍ വെറുമൊരു ചിത്രരചനാ മത്സരമായിരുന്നെന്ന് ആരും ധരിക്കേണ്ട. തങ്ങളുടെ സഹപാഠിക്ക് ഒരു സ്‌നേഹക്കൂടൊരുക്കാനുള്ള അവരുടെ എളിയ ശ്രമത്തിന് പ്രെഫഷണല്‍ ടച്ചുണ്ടെന്ന് ആര്‍ക്കും തോന്നിപ്പോകും.

 

കോട്ടയം: വര്‍ണങ്ങളുടെ ലോകം ഇവര്‍ക്ക് അന്യമല്ല, ഉള്‍ക്കണ്ണിലെ ചായം കൊണ്ടവര്‍ ക്യാന്‍വാസില്‍ തീര്‍ത്ത നൂറുകണക്കിന് ചിത്രങ്ങള്‍ വെറുമൊരു ചിത്രരചനാ മത്സരമായിരുന്നെന്ന് ആരും ധരിക്കേണ്ട. തങ്ങളുടെ സഹപാഠിക്ക് ഒരു സ്‌നേഹക്കൂടൊരുക്കാനുള്ള അവരുടെ എളിയ ശ്രമത്തിന് പ്രെഫഷണല്‍ ടച്ചുണ്ടെന്ന് ആര്‍ക്കും തോന്നിപ്പോകും. അത്ര മനോഹരമാണ് ആ ചിത്രങ്ങള്‍. ഇപ്പോള്‍ അവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇനി ഇവരാരാണെന്നും ഇവരുടെ സ്വപ്‌നമെന്താണെന്നും അറിയാം...

ഒരു പക്ഷേ ഈ സംഭവം കേട്ടാല്‍ പലര്‍ക്കും അവിശ്വസനീയമായ ഒന്നായിരിക്കും. നിറങ്ങള്‍ അന്യമായിരുന്നവര്‍ സൃഷ്ടിച്ച വര്‍ണ വിസ്മയം കണ്ണുള്ളവരെ പോലും അത്ഭുതപ്പെടുത്തും. ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ കുട്ടികളാണ് സഹപാഠിയ്ക്ക് വീടൊരുക്കാനായി ചിത്രങ്ങള്‍ വരച്ചത്. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ലക്ഷ്മിപ്രിയയ്ക്കു വേണ്ടിയാണ് കൂട്ടുകാര്‍ ചിത്രങ്ങള്‍ വരച്ച് വില്‍പ്പന നടത്തിയത്. ലക്ഷ്മിപ്രിയയുടെ പിതാവ് ബിജുകുമാര്‍ രണ്ടുവര്‍ഷം മുമ്പ് വല്ലാര്‍പാടത്തുണ്ടായ അപകടത്തില്‍ മരിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായ അച്ഛന്‍ പോയതോടെ ലക്ഷ്മിപ്രിയയും അമ്മയും അനാഥരായി. പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട ലക്ഷ്മിപ്രിയയുടെ പഠനാവശ്യത്തിനു വേണ്ടിയാണ് ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശികളായ ഇവര്‍ കോട്ടയത്തെത്തിയത്. 

വാടക വീട്ടില്‍ താമസിച്ചിരുന്ന ഇവര്‍ക്ക് വീടുണ്ടാക്കുകയെന്ന ശ്രമം ഒരു ഗ്രാമത്തിന്റെ ആകെ സ്വപ്‌നമായി മാറി. ഓണ്‍ലൈനായി വില്‍പനയ്ക്കുവച്ച ചിത്രങ്ങള്‍ക്ക് ചെന്നൈ, ബെംഗളൂരു, പൂനെ,ദല്‍ഹി തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നു വരെ ആവശ്യക്കാരെത്തി. ആശംസാകാര്‍ഡുകള്‍, ഫ്രെയിം ചെയ്യാവുന്ന പെയിന്റിങുകള്‍,തോള്‍ സഞ്ചികളിലെ ചിത്രങ്ങള്‍,പല നിറങ്ങളില്‍ തീര്‍ത്ത പ്ലേറ്റുകള്‍ തുടങ്ങിയവ രണ്ടാഴ്ച കൊണ്ട് വിറ്റു തീര്‍ന്നു. എണ്‍പതിനായിരത്തിലധികം രൂപയാണ് ഇതുവഴി കുട്ടികള്‍ സമാഹരിച്ചത്. 

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.ജെ കുര്യന്റെ നേതൃത്വത്തിലാരംഭിച്ച ബിജുകുമാര്‍ കുടുംബ സഹായ നിധിയിലേക്ക് കാരുണ്യത്തിന്റെ കരുതലുമായി ഒട്ടേറെ പേരെത്തി. അയ്മനം ഗ്രാമപഞ്ചായത്തും ചങ്ങനാശ്ശേരി റേഡിയോ മീഡിയ വില്ലേജ്, പ്രത്യാശ, പീസ് മൂവ്‌മെന്റ് എന്നീ സംഘടനകളും കൈകോര്‍ത്തതോടെ ലക്ഷ്മിപ്രിയയുടെയും അമ്മയുടെയും പേരില്‍ സ്‌കൂളിനടുത്തു തന്നെ 4 സെന്റ് സ്ഥലം വാങ്ങി. സര്‍ക്കാര്‍ വകുപ്പില്‍ നിന്നും സഹായം ലഭിച്ചു.വീടു നിര്‍മാണത്തിനുള്ള സാധനങ്ങള്‍ പലരും സംഭാവന ചെയ്തതോടെ കാര്യങ്ങള്‍ വളരെ പെട്ടെന്നായി. 

ഒളശ്ശ പള്ളിക്കവലയിലെ സിഎംഎസ് എല്‍പി സ്‌കൂളിനു സമീപമാണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കും. കെ.സുരേഷ്‌കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷനാകും. സഹപാഠിക്കൊരു സ്‌നേഹ വീടൊരുക്കി നല്‍കിയ സന്തോഷത്തില്‍ എല്ലാവരും അന്ന് ഒത്തുചേരും, ലക്ഷ്മിപ്രിയയുടെ സ്വന്തം സ്‌നേഹവീട്ടില്‍...

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.