ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്

Wednesday 7 March 2018 9:33 pm IST

 

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന തെറ്റ്. 

ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണത്തില്‍ തൃപ്തികരമല്ലെങ്കില്‍ ഏതന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി എ.കെ.ബാലന്‍ ഫെബ്രുവരി 21 ന് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷിയോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ ആര്‍ക്കു വേണമെങ്കിലും കോടതിയെ സമീപിച്ച് സിബിഐ പോലുള്ള മറ്റ് ഏജന്‍സികളെക്കൊണ്ടുള്ള അന്വേഷണത്തിന് ആവശ്യപ്പെടാം. സര്‍ക്കാര്‍ അതുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഏത് തരത്തിലുള്ള അന്വേഷണവും നടത്താമെന്നു മന്ത്രി പറഞ്ഞതായി യോഗത്തിന്റെ ഔദ്യോഗിക മിനുട്‌സിലും രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം നടന്നയുടന്‍ തന്നെ മുഖ്യമന്ത്രി ജില്ലാ പോലീസ് മേധാവിയെ ഫോണില്‍ വിളിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തെക്കുറിച്ച് ആരെങ്കില്‍ പരാതിപ്പെടുകയാണെങ്കില്‍ അത് പരിശോധിക്കും. നിലവില്‍ കണ്ണൂര്‍ ഐ.ജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. 12 അംഗ അന്വേഷണ സംഘം കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കൂടി ഉടന്‍ പിടികൂടും. അന്വേഷണത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുണ്ടാവില്ലെന്നും മന്ത്രി ബാലന്‍ സമാധാനയോഗത്തില്‍ അറിയിച്ചിരുന്നു. 

യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ്.പി.ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് ഇന്നലെ രാവിലെയും മുഖ്യമന്ത്രി സഭയില്‍ ആവര്‍ത്തിച്ചിരുന്നു. പോലീസ് അന്വേഷണം ശരിയായ ദിശയിലാണ്. സമാധാനയോഗത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് എ.കെ.ബാലന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അഭിപ്രായപ്പെട്ടിരുന്നു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.