ഇടുക്കി അണക്കെട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമം; സിപിഎം പഞ്ചായത്തംഗം അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Thursday 8 March 2018 4:20 am IST

ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ അതീവ സുരക്ഷാമേഖലയില്‍ അതിക്രമിച്ച് കടന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പഞ്ചായത്തംഗം അടക്കം മൂന്ന് പേര്‍ പിടിയില്‍. സംഘം എത്തിയത് വ്യാജബോര്‍ഡ് വച്ച ബൊലേറോ ജീപ്പില്‍.

വാഴത്തോപ്പ് പഞ്ചായത്തിലെ 5-ാം വാര്‍ഡ് അംഗമായ തടിയമ്പാട് കോട്ടളപ്പുറത്ത് അമല്‍ എസ് ജോസ് (37), സുഹൃത്തുക്കളായ മഞ്ഞപ്പാറ മാതേക്കല്‍ ക്രിസ്റ്റോ ജോഷി (20), ആലപ്പുഴ കൊഴുവയൂര്‍ സ്വദേശി ശ്യാം വിശ്വനാഥന്‍ (27), എന്നിവരെയാണ് ഇടുക്കി പോലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

അമല്‍ജോസ് രാത്രി 11.30ന് അതിസുരക്ഷാമേഖലയായ ചെറുതോണി അണക്കെട്ടിന്റെ താഴ്ഭാഗത്ത് ഇരുമ്പ് ഗേറ്റിന് മുകളിലൂടെ ചാടിക്കടന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറ ജീപ്പില്‍ ചെയര്‍മാന്‍ ട്രൈബല്‍ പ്ലാന്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്ന് ബോര്‍ഡ് പതിപ്പിച്ചിരുന്നു. 

സെക്യൂരിറ്റി ജീവനക്കാരായ പോലീസുകാരോട് ഡിജിപി ഓഫീസില്‍നിന്ന് വന്നതാണെന്നും സല്യൂട്ട് അടിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അനുസരിക്കാതെ വന്നതോടെ സുരക്ഷാ ജീവനക്കാരായ പോലീസുകാരെ തള്ളിയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇടുക്കി പോലീസ് സ്ഥലത്തെത്തി മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമാനമായ കേസുകള്‍ പഞ്ചായത്ത് അംഗത്തിന് വേറെയും ഉണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.