നെല്ല് സംഭരണം ഇതുവരെ 2000 ടണ്‍ ലക്ഷ്യം സ്വകാര്യ മില്‍ ലോബിയെ സഹായിക്കല്‍

Wednesday 7 March 2018 2:13 am IST

 പാടങ്ങളില്‍ നിന്നുതന്നെ നെല്ലളക്കുമെന്ന സപ്ലൈക്കോയുടെ വാഗ്ദാനം പാഴായതോടെ കര്‍ഷകര്‍ സ്വകാര്യ മില്ലുകള്‍ക്ക് കുറഞ്ഞ വിലക്ക് നെല്ലളന്നു തുടങ്ങി.

    ആലത്തൂര്‍,കുഴല്‍മന്ദം,കോട്ടായി മേഖലകളില്‍ ഒരുമാസം മുമ്പ്തന്നെ കൊയ്ത്ത് തുടങ്ങിയിരുന്നു. ഈ പ്രദേശങ്ങളില്‍ നിന്ന് മുഴുവന്‍ നെല്ലും സംഭരിക്കാന്‍ സപ്ലൈക്കോക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്താകെ ഇന്നലെ വരെ സംഭരിച്ചത് 2000 ടണ്ണില്‍ താഴെ നെല്ലാണ്. 

    ജില്ല തിരിച്ചുള്ള കണക്കുകള്‍ വെബ്‌സൈറ്റില്‍ ഇട്ടു തുടങ്ങിയിട്ടില്ല. സംഭരിച്ചതിന്റെ ഇരട്ടിയോളം നെല്ല് കര്‍ഷകര്‍ സ്വകാര്യ മില്ലുകളിലേക്ക് അളന്നിട്ടുണ്ടാവുമെന്നാണ് കണക്ക്. ഒന്നാം വിളക്കും കര്‍ഷകര്‍ ആകെ ഉത്പ്പാദിപ്പിച്ച നെല്ലിന്റെ  പകുതിമാത്രമാണ് സപ്ലൈക്കോ മുഖേന സംഭരിക്കാനായത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാത്തതും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതുമാണ് സംഭരണം താളം തെറ്റാന്‍ കാരണമായത്. 

    ഈ അവസരം പാഴാക്കാതെ  സ്വകാര്യ മില്ലുടമകള്‍ കര്‍ഷകരെ പരമാവധി ചൂഷണം ചെയ്തു. കിലോയ്ക്ക് 23.20 രൂപക്ക് സര്‍ക്കാര്‍ സംഭരിച്ച നെല്ല് മില്ലുടമകള്‍ വാങ്ങിയത് 17 രൂപക്കായിരുന്നു. അധികൃതരുടെ പിടിപ്പുകേടാണിതെന്ന് അന്ന് വിമര്‍ശനമുയര്‍ന്നതുമാണ് 

 ഈ സാഹചര്യത്തിലാണ് രണ്ടാം വിള നെല്ലുസംഭരണം നേരത്തെ തുടങ്ങുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. 

    എന്നാല്‍ കഴിഞ്ഞ തവണത്തെപ്പോലെ 15 ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കുറിയും സംഭരണ പ്രവര്‍ത്തികള്‍ക്കുള്ളത്. നെല്ലിന്റെ ഗുണനിലവാര പരിശോധന മുതല്‍ ലോറിയില്‍ കയറ്റുന്നതു വരെയുള്ള ചുമതല ഇവര്‍ക്കാണ്. 

    കൊയ്ത്ത് നടന്ന പാടത്തുനിന്നുതന്നെ നെല്ലളക്കാനുള്ള സംവിധാനമൊരുക്കാന്‍  ഇവരെക്കൊണ്ടാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സപ്ലൈക്കോ അധികൃതര്‍ എത്തുന്നതുവരെ നെല്ല് സൂക്ഷിച്ചുവക്കാനുള്ള സൗകര്യം ചെറുകിട കര്‍ഷകര്‍ക്കില്ല. ചുരുക്കത്തില്‍ നെല്ല് സൂക്ഷിക്കാന്‍   കളപ്പുരയുള്ള  കര്‍ഷകര്‍ക്ക് മാത്രമെ നെല്ലിന് സര്‍ക്കാര്‍ നിശ്ചയിച്ച വിലകിട്ടൂ. ഒന്നും രണ്ടും ഏക്കര്‍ കൃഷിയുള്ള നാമമാത്രകര്‍ഷകര്‍ കുറഞ്ഞ വിലക്ക് നെല്ലളക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതാണ് സാഹചര്യം. 

  നിരവധി കര്‍ഷകര്‍ക്ക് കഴിഞ്ഞതവണത്തെ പണം കിട്ടാനുമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.