ലൈബ്രറിക്ക് മുന്നില്‍ കുഴിയെടുത്ത് നഗരസഭ

Thursday 8 March 2018 2:00 am IST

 

ചേര്‍ത്തല: ചേര്‍ത്തല നഗരസഭയുടെ ലൈബ്രറിയില്‍ കയറാന്‍ പൊതുജനങ്ങള്‍ ബുദ്ധിമുട്ടുന്നു. പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ലൈബ്രറിക്കുമുന്നില്‍ കുഴികള്‍ എടുത്തതാണ് ഇവിടെ എത്തുന്ന വായനാ പ്രേമികളെ ദുരിത്തിലാഴ്ത്തുന്നത്. 

  പത്രങ്ങള്‍ വായിക്കാന്‍ ലൈബ്രറിയുടെ സമീപമുള്ള  കിഴക്കേ കെട്ടിടത്തില്‍ സൗകര്യം ഒരുക്കിയെങ്കിലും മറ്റുള്ള പുസ്തകങ്ങള്‍ക്കായി ലൈബ്രറിക്കുള്ളില്‍ കയറാന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞദിവസം വൈകുന്നേരമാണ് ലൈബ്രറിക്കുമുന്നില്‍ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തത്. 

  അപ്പോള്‍ ലൈബ്രേറിയന്‍ ഉള്‍പ്പെടെയുള്ള നിരവധിയാളുകള്‍ മുറിയില്‍ ഉണ്ടായിരുന്നു. മുറിക്കുള്ളില്‍ കുടുങ്ങിപോയ ഇവര്‍ പിന്നീട് വളരെ ക്ലേശിച്ചാണ് കുഴിയിലൂടെ പുറത്തേക്കിറങ്ങിയത്. ഇതിനിടയില്‍ മേല്‍മണ്ണ് ഇടിഞ്ഞ് കുഴിയുടെ ഒരു ഭാഗം മൂടിപോകുകയും ചെയ്തു. 

  നഗരസഭയുടെ വളപ്പില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ടൈലുകള്‍ പാകിയിരുന്നു. ഇപ്പോള്‍ ഇത് പൊളിച്ചുമാറ്റിയാണ് കുഴിയെടുത്തിരിക്കുന്നത്. 

  ആസൂത്രണമില്ലായ്മമൂലം സാമ്പത്തിക നഷ്ടം ഉണ്ടായതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് എത്രയും വേഗം പരിഹാരം കാണുമെന്ന് നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.