ഒരു ലക്ഷം ചെലവില്‍ വൃക്ക മാറ്റിവച്ചു

Thursday 8 March 2018 2:00 am IST

 

അമ്പലപ്പുഴ: കുറഞ്ഞ ചിലവില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോക്ടര്‍മാരുടെ  സംഘത്തെയും, വൃക്കകള്‍ നല്‍കിയവരേയും, സ്വീകരിച്ചവരെയും, ലോക വൃക്ക ദിനമായ ഇന്ന് ആദരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ആര്‍.വി. രാംലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

  2014ല്‍ ആണ് ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് തുടക്കമായത്. യൂറോളജി, അനസ്‌തേഷ്യ വിഭാഗങ്ങളുടെ സേവനങ്ങളും ഈ വിജയത്തിനു പിന്നിലുണ്ടെന്ന് നെഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതി പറഞ്ഞു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ 5 വര്‍ഷത്തേക്ക് സര്‍ക്കാരില്‍ നിന്ന് ലൈസന്‍സ് ലഭിച്ചതോടെ ശസ്ത്രക്രിയകള്‍ ആരംഭിച്ചു. 

  ഇതിനകം ഏഴു പേരുടെ ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നു. ഇതില്‍ 6 സ്ത്രീകളാണ് വൃക്ക നല്‍കാന്‍ മുന്നിട്ടുവന്നത്. ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ശസ്ത്രക്രിയക്കു ചിലവു വന്നത്. 

  നെഫ്രൊളജി, യൂറോളജി, അനിസ്‌തേഷ്യ വിഭാഗങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കില്‍ മാസത്തില്‍ ഒന്നു വീതം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയുമെന്നും ഡോ. ഗോമതി പറഞ്ഞു. 

  കാരുണ്യ പദ്ധതി കൂടാതെ, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ചികിത്സാ ധനസഹായവും ശസ്ത്രക്രിയയ്ക്കും, തുടര്‍ ചികിത്സക്കുമായി ലഭിക്കും. അതിസങ്കീര്‍ണമായ ടെസ്റ്റുകളാണ് ഇതിനായി നടത്തേണ്ടത്. ലാബു സൗകര്യമില്ലാത്തതിനാല്‍ ക്രോസ്മാച്ച് ടെസ്റ്റൊഴികെയുള്ള മറ്റെല്ലാ ടെസ്റ്റുകളും ഇവിടെ നടത്തുന്നുണ്ട്. 

  ക്രോസ്മാച്ച് ടെസ്റ്റിനുള്ള സൗകര്യം ഉടന്‍ ലഭ്യമാക്കും. വിവിധ വിഭാഗങ്ങളിലായി അറുപത് ശതമാനത്തോളം ജീവനക്കാരുടെ കുറവ് ഇപ്പോഴുണ്ട്. ഇവ നികത്താന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ആഴ്ചയില്‍ ഒന്നു വീതം ശസ്ത്രക്രിയ നടത്താന്‍ കഴിയുമെന്നും ഇവര്‍ പറഞ്ഞു. 

  സ്വകാര്യ ആശുപത്രികളില്‍ 10 ലക്ഷം രൂപ വരെ ഈടാക്കുമ്പോഴാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു ലക്ഷം രൂപയില്‍ താഴെ ചിലവില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. 

  ഈ അപൂര്‍വ്വ നേട്ടം കൈവരിക്കാര്‍ കാരണമായ ഡോക്ടര്‍മാരെയും, വൃക്ക നല്‍കിയവരെയും, സ്വീകരിച്ചവരെയും, ഇന്ന് രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ അനുമോദിക്കും. പ്രിന്‍സിപ്പല്‍ ഡോ. പുഷ്പലത അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. 

  യൂറോളജി വിഭാഗം മേധാവി ഡോ. നാസര്‍, ഡോ. ഹരി, ഡോ. ലത, ഡോ. ലിനറ്റ് ജെ. മോറീസ്, ഡോ. വീണ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.