കര്‍ദ്ദിനാള്‍ നടത്തിയത് റിയല്‍ എസ്റ്റേറ്റ് ഇടപാട്; രേഖകളുമായി പാതിരിമാര്‍

Thursday 8 March 2018 5:40 am IST
"undefined"

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തു ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. സഭയുടെ വസ്തു ഉപയോഗിച്ച് കര്‍ദ്ദിനാള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നുവെന്നാണ് പാതിരിമാര്‍ ആരോപിക്കുന്നത്. 100 കോടിരൂപയിലധികം വില വരുന്ന ഭൂമി റിയല്‍ എസ്റ്റേറ്റ് ഇടപാടിനായി കര്‍ദ്ദിനാള്‍ ഉപയോഗിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച ചില രേഖകളും പാതിരിമാര്‍ പുറത്തുവിട്ടു. 

ദേശീയപാതയില്‍ കുണ്ടന്നൂരുള്ള 1.55 ഏക്കര്‍, തേവരയിലെ 50 സെന്റ്, അംബേദ്കര്‍ സ്റ്റേഡിയത്തിനടുത്തുള്ള 40 സെന്റ, എന്നിവ റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ചേര്‍ന്ന് വില്‍ക്കാനാണ് ശ്രമിച്ചതായാണ് ആരോപണം. സഭയുടെ ഭൂമി വിലകുറച്ച് നല്‍കുമ്പോള്‍ പകരം കോതമംഗലത്ത് 70 ഏക്കര്‍ ഭൂമി പകരം നല്‍കുന്നതരത്തിലാണ് ധാരണയുണ്ടാക്കിയിരുന്നതെന്നും പാതിരിമാര്‍ ആരോപിക്കുന്നു.

കോതമംഗലം സ്വദേശിയായ ജോസ് കുര്യന്‍ എന്നയാള്‍ക്കാണ് കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങള്‍ വില്‍ക്കാനായി ആധാരമുള്‍പ്പെടെയുള്ളവ തയാറാക്കിയിരുന്നു.  ഇയാളില്‍നിന്നു പണം വാങ്ങാതെ 70 ഏക്കര്‍ ഭൂമി പകരംവാങ്ങാനായിരുന്നു നീക്കം.  2017 ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് ഇടപാടിനായുള്ള രേഖകള്‍ നിര്‍മിച്ചത്. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ ഇടപാട് നടന്നില്ല. മറ്റു  ഭൂമിയിടപാടുകള്‍ സംബന്ധിച്ച ക്രമക്കേടുകള്‍ പുറത്തുവന്നതോടെയാണ് ഈ നീക്കം ഉപേക്ഷിച്ചത്. 

സഭയുടെ വസ്തു ഉപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണ് ഇതുവഴി കര്‍ദ്ദിനാളും സംഘവും ലക്ഷ്യമിട്ടിരുന്നത്. സഭാ സമിതിയും മറ്റും വില്‍ക്കേണ്ടെന്ന് തീരുമാനിച്ച ഭൂമി വില്‍ക്കാനാണ് കര്‍ദ്ദിനാള്‍ ഇത്തരത്തില്‍ ധാരണയുണ്ടാക്കിയത്. വസ്തു ഇടപാടിനായി തയ്യാറാക്കിയ മുദ്രപ്പത്രങ്ങളുടെ വിവരങ്ങളടങ്ങിയ രേഖകളാണ് പുറത്തായിട്ടുള്ളത്.  

നിലവില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ട വസ്തു ഇടപാടിനേക്കാള്‍ വലിയ ഇടപാടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നാണ് പാതിരിമാരുടെ ആവശ്യം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.