സിബിഐ ഏറ്റെടുക്കുന്നത് സിപിഎം പ്രതി സ്ഥാനത്തുളള നാലാമത്തെ കേസ്

Thursday 8 March 2018 5:45 am IST
"undefined"

കണ്ണൂര്‍: സിപിഎം പ്രതി സ്ഥാനത്തുളള മറ്റൊരു കൊലക്കേസുകൂടി സിബിഐക്ക് വിട്ടതോടെ പാര്‍ട്ടി  കണ്ണൂര്‍ ജില്ലാ നേതൃത്വം അങ്കലാപ്പില്‍.  ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്  കതിരൂര്‍ എളന്തോട്ടത്തില്‍ മനോജ് തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍, തളിപ്പറമ്പിലെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ തുടങ്ങിയ കേസുകള്‍ സിബിഐ അന്വേഷിച്ചു വരികയാണ്. ഈ കേസുകളില്‍ സിബിഐ അന്വേഷണത്തെ തുടര്‍ന്ന് കണ്ണൂരിലെ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതികളായി.   ഗൂഢാലോചന കേസിലാണ് നേതാക്കള്‍ പ്രതികളായത്.  

മനോജ് വധക്കേസില്‍  പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തത് സിപിഎം ജില്ലാ നേതൃത്വമാണെന്നും ആസൂത്രണത്തില്‍ നേതൃത്വത്തിന് പങ്കുണ്ടെന്നും പ്രതികളുമായി ജില്ലാ സെക്രട്ടറി ജയരാജന് ബന്ധമുണ്ടെന്നും സിബിഐ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജയരാജനെ പ്രതിയാക്കി. കേസില്‍ യുഎപിഎ നിയമ പ്രകാരം 15 പ്രതികള്‍  നാലു വര്‍ഷമായി ജയിലിലാണ്. തളിപ്പറമ്പിലെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കേസിലുംപ്രതിയാണ്. ജയരാജനെ കൂടാതെ എംഎല്‍എയും സിപിഎം നേതാവുമായ ടി.വി.രാജേഷും    പ്രതികളാണ്.  നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം കെട്ടിയിട്ട് പരസ്യമായി പാര്‍ട്ടികോടതി വിചാരണ നടത്തി വെട്ടിക്കൊല്ലുകയായിരുന്നു ഷുക്കൂറിനെ എന്നാണ് കേസ്.

കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സിപിഎം ഹൈക്കോടതിയില്‍ പോയിരിക്കുകയാണ്.  ഫസല്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തെ തുടര്‍ന്ന് സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഗൂഢാലോചനയില്‍ പ്രതികളാണെന്ന് കണ്ടെത്തുകയും രണ്ടു പേരോടും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന്   സിബിഐ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വടകര പയ്യോളിയിലെ ബിഎംഎസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസും സിബിഐ ഏറ്റെടുക്കുകയും തലശ്ശേരി കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. നേരത്തെ സംസ്ഥാന പോലീസ് പിടികൂടിയ പ്രതികളെല്ല യഥാര്‍ത്ഥ പ്രതികളെന്ന് കണ്ടെത്തുകയും സിപിഎം നേതാക്കളായ പ്രതികളെ സിബിഐ  പിടികൂടുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.