കന്യാസ്ത്രീകളെ സഭചൂഷണം ചെയ്യുന്നു; വത്തിക്കാൻ്റെ കുമ്പസാരം

Thursday 8 March 2018 5:55 am IST
"undefined"

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളെ  സാമ്പത്തിക ചൂഷണത്തിന് വിധേയരാക്കുന്നുവെന്ന് വത്തിക്കാനിലെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ വെളിപ്പെടുത്തല്‍. കന്യാസ്ത്രീകളെ തുച്ഛമായ പ്രതിഫലം നല്‍കിയോ, ഒരു പ്രതിഫലവും നല്‍കാതെയോ ജോലികള്‍ ചെയ്യിപ്പിക്കുന്നതായി വത്തിക്കാന്റെ നിയന്ത്രണത്തിലുള്ള വിമെന്‍ ചര്‍ച്ച് വേള്‍ഡ് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

കന്യാസ്ത്രീകളുടെ സാക്ഷ്യപ്പെടുത്തലുകള്‍ അവരുടെ പേരുമാറ്റിയാണ് ലേഖനത്തില്‍ നല്‍കിയിരിക്കുന്നത്. മണിക്കൂറുകളോളം ബിഷപ്പുമാരുടെയും കര്‍ദിനാള്‍മാരുടെയും വസതികളില്‍ കന്യാസ്ത്രീകള്‍ പാചക ജോലികള്‍ ചെയ്യേണ്ടിവരുന്നു. എന്നാല്‍ അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ അനുവാദമില്ലെന്ന് സന്ന്യാസിനിമാര്‍ പറയുന്നു.

ഇടവകകളുമായി കന്യാസ്ത്രീകള്‍ക്ക് കരാറുകളൊന്നും ഇല്ലാത്തതിനാല്‍ അവര്‍ ചെയ്യുന്ന ജോലികള്‍ക്ക് ഒരു വേതനവും ലഭിക്കുന്നില്ല. ഇത് തികഞ്ഞ നീതി നിഷേധമാണ്. അര്‍ഹതപ്പെട്ട വേതനം ലഭിക്കാത്തതിനാല്‍ പ്രായം ചെന്ന രോഗികളായ കന്യാസ്ത്രീകളെ സംരക്ഷിക്കുവാന്‍ ഏറെ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. പുരോഹിതര്‍ക്ക് കൃത്യമായി ഉയര്‍ന്ന  വേതനം ലഭിക്കുമ്പോഴും കന്യാസ്ത്രീകള്‍ക്ക് ഇത് നിഷേധിക്കപ്പെടുന്നു. ഇത് തികഞ്ഞ അനീതിയാണെന്നും സഭയില്‍ നിലനില്‍ക്കുന്ന അസമത്വമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും കന്യാസ്ത്രീകളെ ഉദ്ധരിച്ചുകൊണ്ട് ലേഖനം വ്യക്തമാക്കി.

സമ്പന്നരാകാനല്ല നിലനില്‍പ്പിനായാണ് തങ്ങള്‍ വേതനം ആവശ്യപ്പെടുന്നതെന്നും സഭയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കന്യാസ്ത്രീകള്‍ പറഞ്ഞു. ഈ വിവേചനം ഉടനടി അവസാനിപ്പിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു. സഭയ്ക്കുള്ളിലെ ലിംഗവിവേചനം പുറംലോകത്തെ അറിയിക്കാന്‍ കഴിയാത്തതില്‍ കന്യാസ്ത്രീകള്‍ പരിതപിച്ചു. പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന കത്തോലിക്കാ സഭ കന്യാസ്ത്രീകളുടെ സേവനങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുന്നില്ല. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ കന്യാസ്ത്രീകളെ പോലും പാചക ജോലികള്‍ക്ക് നിയോഗിക്കുന്നു. ഈ പുരഷമേധാവിത്വം സഭയെ നശിപ്പിക്കുന്നു.

 പുരുഷ മേധാവിത്വത്തിന്റെ കാര്യത്തില്‍ സഭയും ഭിന്നമല്ലെന്ന് പോപ്പ് ഫ്രാന്‍സിസ് പ്രസിദ്ധീകരണത്തിന്റെ മുന്‍ ലക്കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2013ല്‍ രാജിവെച്ച പോപ്പ് ബെനഡിക്ടിന്റെ സഹായത്തിന് എട്ട് കന്യാസ്ത്രീകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന പോപ്പ് ജോണ്‍ പോള്‍ രണ്ടാമന് പോളണ്ടില്‍ നിന്നുള്ള അഞ്ച് കന്യാസ്ത്രീകളാണ് സഹായികളായുണ്ടായിരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.