ഇന്ന് ലോക വനിതാ ദിനം; മരണത്തിൻ്റെ ഫ്രെയിമുകൾ

Thursday 8 March 2018 6:00 am IST
"undefined"

തൃശൂര്‍: ഇരുട്ടിനും, മരണത്തിനും ഒരേ നിറമാണ്; കറുപ്പ്. വെറും കറുപ്പല്ല. ഭയപ്പെടുത്തുന്ന കറുപ്പ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ പേടിക്കുന്നത് ഇരുട്ടിനേയും, മൃതശരീരത്തേയും ആണ്. എന്നാല്‍ ഈ മൃതദേഹങ്ങളെ തെല്ലും ഭയമില്ലാതെ അതിന് പിന്നാലെ ക്യാമറയും തൂക്കി നടക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് നമ്മുടെ ഇടയില്‍, തൃശൂര്‍ സ്വദേശിനി സന്യ കല്ലിങ്കല്‍. അവള്‍ നടക്കുന്നത് മരിച്ചവര്‍ക്കൊപ്പമാണ്. ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ട് പഠനം പോലും പാതിയില്‍ ഉപേക്ഷിച്ചവള്‍. ഫോട്ടോഗ്രാഫിയില്‍ പ്രത്യേക പഠനമൊന്നും നടത്തിയിട്ടില്ല. ഹയര്‍ സെക്കന്‍ഡറി യോഗ്യതയും ഫോട്ടോഗ്രാഫറായ ഗുരു രാജന്‍ ചെമ്പകശേരിയില്‍ നിന്നും ലഭിച്ച അറിവുമാണ് പിന്‍ബലം. 

2010 ലാണ് സന്യ, മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത യുവതിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ചിത്രം എടുത്തത്. അന്ന് പ്രായം പതിനെട്ട്. അതിന് മുമ്പ് മോര്‍ച്ചറി കണ്ട പരിചയം പോലുമില്ല. ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ നിറച്ചാര്‍ത്തുകള്‍ തേടിപ്പോകുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍ നിന്ന് മാറിനടക്കുകയാണ് സന്യ. ജീവിതത്തിന്റെ പച്ചപ്പ് വിട്ട്, മരണത്തെ പുല്‍കിയ ശരീരങ്ങളുടെ ദൃശ്യങ്ങളാണ് ഈ ഇരുപത്തഞ്ചുകാരിയുടെ ഫ്രെയിമുകളുടെ ജീവന്‍. ജീവിതത്തിലെ നിറങ്ങളോട് ആഭിമുഖ്യം ഇല്ലാഞ്ഞിട്ടല്ല. വര്‍ണ്ണങ്ങളുടെ ലോകത്ത് നിരവധി പേരുണ്ട്, അവ ഫ്രെയിമിലാക്കാന്‍. എന്നാല്‍ മരണപ്പെട്ടവരെ ഭയക്കുന്നവരാണ് പലരും. 

മരണകാരണം എന്തെന്ന അന്വേഷണത്തിലേക്ക് നീളുന്ന പോലീസ് സര്‍ജന്റെ 'സ്‌കാല്‍പലില്‍' അനാവൃതമാകുന്ന മനുഷ്യശരീരത്തിന്റെ ഉള്ളറകള്‍. പിന്നീടെപ്പോഴെങ്കിലും പോലീസിന് കേസില്‍ തുമ്പാകുന്ന ഫോട്ടോയിലെ ഒരു നിര്‍ണ്ണായക സൂചന. അതാണ് ഈ പെണ്‍കുട്ടി തന്റെ ക്യാമറയില്‍ പകര്‍ത്തുന്നത്. മോര്‍ച്ചറിയെന്നു കേള്‍ക്കുമ്പോള്‍ ഒന്നും രണ്ടും ശങ്കകള്‍ ഒരുമിച്ചുവരുന്ന മനുഷ്യരുടെ ഇടയില്‍ നിന്നാണ് കാലം നല്‍കിയ നിയോഗവുമായി പോസ്റ്റ്‌മോര്‍ട്ടം ടേബിളിനുചുറ്റും ഫ്‌ളാഷ് മിന്നിക്കുന്നത്. 

മരിച്ചവരുടെ ചിത്രങ്ങളും പോസ്റ്റുമോര്‍ട്ടത്തിന്റെ ചിത്രങ്ങളും പോലീസുകാരുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് പകര്‍ത്തും. ഇതിനോടകം നൂറിലധികം മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം ക്യാമറയില്‍ പകര്‍ത്തി കഴിഞ്ഞു. കുന്നംകുളം, എരുമപ്പെട്ടി, വടക്കാഞ്ചേരി എന്നീ സ്‌റ്റേഷനുകളിലെ ആവശ്യങ്ങള്‍ക്കാണ് ചിത്രം എടുക്കുന്നത്. കുന്നംകുളം പന്നിത്തടത്ത് സ്വന്തമായി സ്റ്റുഡിയോയുമുണ്ട്. കല്ലിങ്കല്‍ വീട്ടില്‍ സുധാകരന്റെയും ദേവയാനിയുടെയും മൂന്ന് മക്കളില്‍ ഇളയവളാണ് സന്യ. 

പുരുഷന്മാര്‍ പോലും വരാന്‍ മടിക്കുന്ന രംഗത്തേക്ക് കടന്നുവരാന്‍ ധൈര്യം ലഭിച്ചതെങ്ങനെയെന്ന ചോദ്യത്തിനു മുന്നില്‍ സന്യ പൊട്ടിച്ചിരിച്ചു. 'തൊഴിലില്‍ ജീവിതമെന്നോ മരണമെന്നോ വേര്‍തിരിവില്ല. എന്റെ നിയോഗം ഫോട്ടോ എടുക്കുക എന്നതാണ്. അത് ജീവനുള്ളതായാലും, ഇല്ലാത്തതായാലും എന്റെ ഫ്രെയിമില്‍ വരുന്നതെന്തും എനിക്ക് ഒരുപോലെയാണ്'- സന്യ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.