ദാവൂദിന്റെ അനുയായി ഫറുഖ് തക്ല പിടിയില്‍

Thursday 8 March 2018 10:54 am IST

ന്യൂദല്‍ഹി : മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയും അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ മുഖ്യ അനുയായിയുമായ ഫറൂഖ് തക്ല സിബിഐയുടെ പിടിയില്‍.  ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് ദുബായ് പോലീസ് ഫറൂഖിനെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. 

1993ലെ മുംബൈ സ്‌ഫോടനങ്ങള്‍ക്കുശേഷം ഫറൂഖ് ദാവൂദിനും സംഘത്തിനുമൊപ്പം ദുബായിയിലേക്ക് കടക്കുകയായിരുന്നു. 

മുംബൈ ടാഡ കോടതിയില്‍ ഹാജരാക്കിയശേഷം ഫറൂഖിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി റിമാന്‍ഡ് ചെയ്തു. ഇയാളെ പിടികൂടാനായത് ദാവൂദിനും സംഘത്തിനും വന്‍ തിരിച്ചടിയാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം അറിയിച്ചു. 1993 സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് ഇയാള്‍. അതുകൊണ്ടുതന്നെ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുന്ന പലരേയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഫറൂഖ് വഴി സാധിക്കുമെന്നും നികം പറഞ്ഞു. 

കുറ്റകരമായ ഗൂഢാലോചന, കൊലപാതകം, കൊലപാതക ശ്രമം, മാരകമായ ആയുധങ്ങള്‍ കൈവശം വെച്ച് ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളാണ് ഫറൂഖിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനുമുമ്പ് ദാവൂദിന്റെ മുഖ്യ അനുയായി ആയ അബു സലീമിനെ പോര്‍ച്ചുഗലില്‍ നിന്ന് ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്തിരുന്നു. 

1993ല്‍ മുംബൈയില്‍ 12 സ്ഥലങ്ങളിലുണ്ടായ സ്‌ഫോടങ്ങളില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളായ ടൈഗര്‍ മേമന്‍, യാക്കൂബ് മേമന്‍, അബു സലീം എന്നിവരും ഒളിവിലായിരുന്നു. ഇതില്‍ യാക്കൂബ് മേമനെ 2015ല്‍ തൂക്കിലേറ്റി. അബു സലീം ഇപ്പോള്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

അതിനിടെ മുബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയാന്‍ അനുവദിക്കുകയാണെങ്കില്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മുംബൈ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ അഭിഭാഷകനായ ശ്യാം കേസ്വാനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.