കൊടുംചൂടില്‍ വലഞ്ഞ് ജനം

Friday 9 March 2018 1:12 am IST


ആലപ്പുഴ: സംസ്ഥാനത്തെ കൂടിയ താപനിലയുള്ള ജില്ലകളിലൊന്നായി വേനലിന്റെ ആരംഭത്തില്‍തന്നെ ആലപ്പുഴ മാറി. 36 ഡിഗ്രി സെല്‍ഷ്യസാണ് ഏതാനും ദിവസങ്ങളായി ജില്ലയിലെ പകല്‍ താപനില.
  ഏപ്രില്‍, മേയ് മാസങ്ങള്‍ കൊടുംവരള്‍ച്ചയുടെ ദിവസങ്ങളാകുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. നീരുറവകള്‍ പലതും വറ്റിത്തുടങ്ങി.  ഭൂഗര്‍ഭ ജലത്തിന്റെ അളവു കുറഞ്ഞതോടെ ആലപ്പുഴ നഗരത്തിലെ പല കുഴല്‍ക്കിണറുകളിലും വെള്ളം ലഭിക്കാതായി. നിയന്ത്രണമില്ലാതെ കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ചു നടത്തുന്ന ജലചൂഷണമാണ് ഇതിനു കാരണം.
  ശുദ്ധജലത്തിനു ജല അതോറിറ്റിയെ ആശ്രയിക്കുന്നവരാണു നഗര പ്രദേശങ്ങളിലെ ഭൂരിഭാഗവും. ജല അതോറിറ്റിയുടെ പ്രധാന ജലസ്രോതസും കുഴല്‍ക്കിണറാണ്.
 ആലപ്പുഴ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായെങ്കിലും തുടര്‍ച്ചയായുള്ള പൈപ്പുപൊട്ടല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ആഴ്ചകളായി കുടിവെള്ള വിതരണം താറുമാറായിരിക്കുകയാണ്.
27 കുഴല്‍ക്കിണറുകളാണ് ആലപ്പുഴ നഗരത്തില്‍ മാത്രം ജല അതോറിറ്റിക്കുള്ളത്. ഇവയില്‍ പലതിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമല്ല.
നഗരത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ തയാറാക്കിയതാണ് ആലപ്പുഴ കുടിവെള്ളപദ്ധതി. തിരുവല്ല പൊടിയാടിയിലെ സൈക്കിള്‍മുക്കില്‍നിന്നും പമ്പുചെയ്ത് തകഴിയിലെ ശുദ്ധീകരണപ്‌ളാന്റില്‍ എത്തിച്ചു ശുദ്ധീകരിച്ച ജലം നിലവിലുള്ള ഓവര്‍ഹെഡ് ടാങ്കുകളില്‍ എത്തിച്ചശേഷമാണു വിതരണം ചെയ്യുന്നത്.
  2007-08 കാലയളവില്‍ ഭരണാനുമതി ലഭിച്ച യുഡിസ്മാറ്റ് പദ്ധതി കഴിഞ്ഞ വര്‍ഷമാണു യാഥാര്‍ത്ഥ്യമായത്. സാങ്കേതികത്വങ്ങള്‍ പറഞ്ഞാണു പദ്ധതി പൂര്‍ത്തീകരണം നീട്ടിക്കൊണ്ടുപോയത്. ജില്ലയുടെ തെക്കന്‍ കിഴക്കന്‍ പ്രദേശങ്ങളും കുട്ടനാടും കൊടും വരള്‍ച്ചയിലായി കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.