പഞ്ചാക്ഷര മാഹാത്മ്യം

Friday 9 March 2018 2:47 am IST
സര്‍വ്വജ്ഞനും ത്രിഗുണങ്ങള്‍ക്ക് അതീതനും ആയ ഈശ്വരന്‍ ഓം എന്ന ഏകാക്ഷരത്തില്‍ അധിവസിക്കുന്നു. 'നമഃ ശിവായ' എന്ന പഞ്ചാക്ഷരത്തില്‍ പഞ്ചബ്രഹ്മ സ്വരൂപനായ ഭഗവാന്‍ വാച്യ വാചക ഭാവത്തില്‍ വര്‍ത്തിക്കുന്നു.
"undefined"

നമഃ ശിവായ ഭീമായ

ശങ്കരായ ശിവായ തേ

ഉഗ്രോളസി സര്‍വ്വഭൂതാനാം

നിയന്തായച്ഛിവോസിനഃ

നമഃശിവായ എന്ന പഞ്ചാക്ഷരത്തിന്റെ മാഹാത്മ്യം വാക്കുകള്‍കൊണ്ട് വിശദീകരിക്കാന്‍ സാധിക്കില്ല. ആ മന്ത്രം ഉരുവിട്ട് ജപിച്ച് അതില്‍നിന്ന് കിട്ടുന്ന ആനന്ദം അനുഭവിച്ചു തന്നെ അറിയണം.

ശ്രുതി(വേദം)യിലും ശൈവശാസ്ത്രത്തിലും ഷഡക്ഷരത്തോടു കൂടിയ, മോക്ഷം പ്രദാനം ചെയ്യുന്ന 'ഓം നമഃ ശിവായ' എന്ന മന്ത്രത്തിന് വളരെ പ്രാധാന്യം നല്‍കിയിരിക്കുന്നു. വേദസാരമാണ് ഈ മന്ത്രം.  

സര്‍വ്വവിദ്യകളുടെയും ബീജമായ ഷഡക്ഷരം ആദ്യമന്ത്രമാണ്. ആല്‍വൃക്ഷത്തിന്റെ വിത്തുപോലെ സൂക്ഷ്മമായതും മഹത്തായ അര്‍ത്ഥത്തോടുകൂടിയതും ആണ് 'നമഃ ശിവായ' എന്ന മന്ത്രം.

സര്‍വ്വജ്ഞനും ത്രിഗുണങ്ങള്‍ക്ക് അതീതനും ആയ ഈശ്വരന്‍ ഓം എന്ന ഏകാക്ഷരത്തില്‍ അധിവസിക്കുന്നു. 'നമഃ ശിവായ' എന്ന പഞ്ചാക്ഷരത്തില്‍ പഞ്ചബ്രഹ്മ സ്വരൂപനായ ഭഗവാന്‍ വാച്യ വാചക ഭാവത്തില്‍ വര്‍ത്തിക്കുന്നു.

പ്രാപഞ്ചിക ദുഃഖങ്ങളില്‍നിന്ന് മഹാദേവന്‍ മോചനം നല്‍കുന്നു. ഏതു രീതിയിലാണോ ഔഷധം രോഗശമനം വരുത്തുന്നത് അതുപോലെ ഈ ലോക  ജീവിതത്തിലെ ദോഷങ്ങളെല്ലാം ഭഗവാന്‍ ഇല്ലാതെയാക്കുന്നു. സര്‍വ്വജ്ഞനും പരിപൂര്‍ണ്ണനും ആയ സദാശിവന്‍ സംസാര സമുദ്രത്തില്‍ നിന്ന് തന്റെ ഭക്തനെ കരകയറ്റുന്നു.

ആദിമദ്ധ്യാന്തരഹിതനും പരിപൂര്‍ണനും ആയ ശിവന്റെ നാമത്തോടുകൂടി ഉണ്ടായതാണ് പഞ്ചാക്ഷര മന്ത്രവും ഷഡക്ഷര മന്ത്രവും. വളരെ ശ്രദ്ധയോടുകൂടി ഈ നാമം ജപിക്കേണ്ടതാണ്. ഹൃദയത്തില്‍ ഷഡക്ഷരവും പഞ്ചാക്ഷരവും ഉള്ള ഒരു ഭക്തന് മറ്റു മന്ത്രങ്ങളൊന്നും ആവശ്യമില്ല വളരെ പരിശുദ്ധമായ മന്ത്രമാണ് ഇത്.

ഒരു ഭക്തന്റെ ജീവിതം സാര്‍ത്ഥമാകുവാന്‍ ഷഡക്ഷര മന്ത്രം നമസ്‌കാര സമന്വിതം ഭഗവാന് സമര്‍പ്പിച്ചാല്‍ മതി. മൂര്‍ഖനോ പണ്ഡിതനോ നീചജാതിക്കാരനോ ആര്‍ക്കായാലും പഞ്ചാക്ഷരം ജപിച്ചാല്‍  പാപവിമുക്തനാകാം.

മനോ വാക് കര്‍മ്മങ്ങളാല്‍ ദുഷിതന്മാരും നിന്ദകരും കൃതഘ്‌നരും കള്ളം പറയുന്നവരും വക്രബുദ്ധികളും പഞ്ചാക്ഷരീ മന്ത്രം ജപിച്ചാല്‍ ശിവഭക്തരായി തീരും. അപ്പോള്‍ പ്രാപഞ്ചിക ദുഃഖത്തില്‍നിന്ന് കരകയറാനും സാധിക്കും.

തപസ്സ്, യജ്ഞം, വ്രതം എന്നിവയേക്കാള്‍ ശ്രേഷ്ഠമാണ്. മമതാബന്ധം ഉള്ളവനും ലൗകിക ജീവിതത്തില്‍ വിരക്തി വന്നവനും പഞ്ചാക്ഷര ജപം കൊണ്ട് മുക്തി ലഭിക്കും.

ഗുരുവിന്റെ ഉപദേശത്തോടുകൂടിയും ഉപദേശംഇല്ലാതെയും പഞ്ചാക്ഷരം ജപിക്കാമെങ്കിലും ഗുരൂപദേശത്തോടുകൂടി ജപിക്കുന്നതാണ് അത്യുത്തമം.

പഞ്ചാക്ഷരപ്രഭാവത്താല്‍ വേദജ്ഞരും മഹര്‍ഷിമാരും ഈ ലോകത്ത് ശാശ്വത ധര്‍മ്മങ്ങള്‍ പ്രചരിപ്പിക്കുന്നു. വിരലുകള്‍ ഉപയോഗിച്ച് ജപസംഖ്യ കണക്കാക്കാം. നൂറ്റിയെട്ട് രുദ്രാക്ഷങ്ങള്‍ ഉപയോഗിച്ചുള്ള നാമജപം വളരെ ഉത്തമമാണ്. ദേവാലയങ്ങളിലിരുന്നോ സമീപ പ്രദേശങ്ങളിലിരുന്നോ നാമം ജപിക്കുന്നത് വിശിഷ്ടമാണ്.

പടിഞ്ഞാറോട്ട് മുഖം തിരിഞ്ഞിരുന്ന് ജപിക്കുന്നത് ധനം നല്‍കുന്നു. വടക്കോട്ട് തിരിഞ്ഞിരുന്ന് ജപിച്ചാല്‍ ശാന്തി ലഭിക്കും. തെക്കോട്ട് തിരിഞ്ഞിരിക്കുന്നത് ആഭിചാരികമാണ് (നിന്ദ്യം) തലമുടി കെട്ടാതെയും  കരഞ്ഞുകൊണ്ടും നാമം ജപിക്കരുത്. ദേവീസമേതനായ ശിവഭഗവാനെ മനസ്സില്‍ പ്രതിഷ്ഠിച്ച് പഞ്ചാക്ഷരം ജപിക്കണം. പ്രവര്‍ത്തികളിലേര്‍പ്പെടുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും അശുദ്ധനായാലും ശുദ്ധനായാലും പഞ്ചാക്ഷര മന്ത്രം നല്ല ഫലം നല്‍കും. പഞ്ചാക്ഷരമന്ത്രത്തിന്റെ മാഹാത്മ്യം മഹാദേവന്‍ തന്നെ ദേവിയോട് പറഞ്ഞതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.