നിത്യജപം വിദ്യയെ നല്‍കും

Friday 9 March 2018 2:25 am IST

പത്താം അനുവാകം

അഹം വൃക്ഷസ്യ രേരിവാ കീര്‍ത്തിഃ പൃഷ്ഠം ഗിരേരിവ

ഊര്‍ദ്ധ്വപവിത്രോ വാജിനീവ സ്വമൃതമസ്മി ദ്രവിണം

സവര്‍ച്ചസം സുമേധാ അമൃതോക്ഷിതഃ ഇതി ത്രിശങ്കോര്‍ വേദാനുവചനം

ഞാന്‍ സംസാര വൃക്ഷത്തിന്റെ പ്രേരകനാകുന്നു. എന്റെ കീര്‍ത്തി പര്‍വ്വതത്തിന്റെ ശിഖരംപോലെ ഉന്നതമാണ്. ഞാന്‍ പവിത്രമായ പരബ്രഹ്മമാകുന്ന കാരണത്തോടുകൂടിയവനും സൂര്യനിലെന്നപോലെ ശോഭനവും വിശുദ്ധവുമായ ആത്മതത്വവുമാകുന്നു. ഞാന്‍ ഘനമായ പ്രകാശത്തോടുകൂടിയ ആത്മതത്ത്വമാണ്. നല്ല ബുദ്ധിയോടുകൂടിയവനും മരണമില്ലാത്തവനും ക്ഷയമില്ലാത്തവനുമാകുന്നു. ഇങ്ങനെയാണ് ത്രിശങ്കു മഹര്‍ഷി ആത്മാവുമായി ഏകത്വം നേടിയശേഷം പറഞ്ഞ ആത്മജ്ഞാനത്തെപ്പറ്റിയുള്ള അനുഭവവാക്യം.

ഈ അനുവാകം നിത്യജപത്തിനുള്ളതാണ്. ജപം ചെയ്യുന്നത് വിദ്യയെ നേടുന്നതിനുവേണ്ടിയാണ്. ആത്മജ്ഞാനം നേടിയതിനുശേഷം ത്രിശങ്കുമഹര്‍ഷി തന്റെ അനുഭൂതിയെപ്പറ്റി പറയുന്നതാണ് ഇവ. ആത്മസാക്ഷാത്കാരം ലഭിച്ച ഒരു മഹാത്മാവിന്റെ അനുഭവമായതുകൊണ്ട് ഇവയെ നിത്യവും ജപിക്കുന്നവര്‍ക്ക് അതേ അനുഭൂതി കൈവരും. സംസാരവൃക്ഷത്തിന്റെ പ്രേരകനാണ് ഞാന്‍ എന്നുപറയുന്നത്. എല്ലാറ്റിലും അന്തര്യാമിയായി ഇരുന്ന് അവയെയൊക്കെ പ്രവര്‍ത്തിപ്പിക്കുന്ന ചൈതന്യം താന്‍ തന്നെയെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ.് ആത്മാനുഭൂതി നേടിയ ആളുടെ പേരും പെരുമയും പര്‍വതത്തിന്റെ കൊടുമുടി എല്ലാറ്റിലും പോലെ ഉയര്‍ന്നുനില്‍ക്കുന്നതുപോലെ ഏറ്റവും ഉന്നതമായിരിക്കുന്നു. അത് എങ്ങും നിറഞ്ഞിരിക്കുന്നു. എല്ലാറ്റിന്റെയും ആത്മാവായിരിക്കുന്ന എന്റെ കാരണം പരബ്രഹ്മം തന്നെയാണ്. അത് പവിത്രവും ജ്ഞാനത്താല്‍ പ്രകാശിപ്പിക്കപ്പെടുന്നതുമാണ്. ഞാന്‍ ബ്രഹ്മം തന്നെയാകുന്നു. ശ്രുതികളും സ്മൃതികളും ആത്മതത്ത്വത്തിന്റെ മഹത്വത്തെ പറയുന്നുണ്ട്. ആ ആത്മതത്ത്വം തന്നെയാണ് ഞാന്‍. അതുകൊണ്ടാണ് ഊര്‍ദ്ധ്വപവിത്രന്‍ എന്ന് വിശേഷിപ്പിച്ചത്. 

വാജത്തോട് അഥവാ അന്നത്തോട് കൂടിയവനായതിനാല്‍ സൂര്യനെ വാജി എന്ന് വിളിക്കാറുണ്ട്. സൂര്യനില്‍ അമൃതവും വിശുദ്ധവുമായ ആത്മതത്വം നിറഞ്ഞിരിക്കുന്നുവെന്ന് ശ്രുതി സ്മൃതികള്‍ പ്രസ്താവിക്കുന്നു. അതുപോലെ ശോഭനവും വിശുദ്ധവുമായ ആത്മതത്വത്തമാണ് ഞാന്‍. സവര്‍ച്ചസം എന്നാല്‍ ബ്രഹ്മജ്ഞാനം എന്നര്‍ത്ഥം. ആത്മതത്വത്തിന്റെ പ്രകാശമായതിനാലാണ് അങ്ങനെ പറഞ്ഞത്. 'ദ്രവിണം പോലെയുള്ള ബ്രഹ്മജ്ഞാനം ഞാന്‍ നേടിയിരിക്കുന്നു. ദ്രവിണം എന്നതിന് ഘനമായത് എന്നും ധനം എന്നും അര്‍ത്ഥം പറയാറുണ്ട്. ഞാന്‍ നല്ല ബുദ്ധിയോട് കൂടിയവനാണ് അഥവാ തെളിഞ്ഞ മേധയോടുകൂടിയവനെന്ന് സുമേധാ എന്ന പദം കുറിക്കുന്നു. ഞാന്‍ മരണമില്ലാത്തവനും ക്ഷയമില്ലാത്തവനുമാണ്. അക്ഷിത എന്നതുകൊണ്ട് ഒരുതരത്തിലുള്ള കുറവോ കോട്ടമോ ഇല്ലാത്തവനാണ് ബ്രഹ്മജ്ഞാനി എന്ന് വ്യക്തമാക്കുന്നു. ബ്രഹ്മത്തിന്റെതായ ഏതൊക്കെ ഗുണഗണങ്ങള്‍ പറയുന്നുവോ അതൊക്കെ ബ്രഹ്മജ്ഞാനിയ്ക്കും ബാധകമാണ്. ബ്രഹ്മസാക്ഷാത്കാരം നേടി കൃതകൃത്യനായ ത്രിശങ്കുമഹര്‍ഷി തന്റെ അനുഭൂതികള്‍ വ്യക്തമാക്കിയ ഈ മന്ത്രം മോക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് എന്നും ജപത്തിന് ഉപയോഗിക്കാവുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.