കരിങ്ങാലി

Friday 9 March 2018 2:35 am IST
"undefined"

ശാസ്ത്രീയ നാമം :  Acacia catechu

സംസ്‌കൃതം :ഖദിര

തമിഴ്: കരിങ്കാലി

എവിടെകാണാം : ഇന്ത്യയില്‍ ഉടനീളം വരണ്ട വനങ്ങളില്‍. കരിങ്ങാലി തൊലിയും തളിരിലയും ഇട്ട വെള്ളം വെന്ത് കട്ടിയായി കിട്ടുന്ന രസത്തെ കാത്ത് എന്ന് പറയുന്നു. 

പുനരുത്പാദനം : വിത്തില്‍ നിന്ന്

ഔഷധപ്രയോഗങ്ങള്‍:  കരിങ്ങാലിത്തൊലിയും കാതലും സമം എടുത്ത് വെള്ളം വെന്ത് ആ വെള്ളത്തില്‍ കുട്ടികളെ കുളിപ്പിച്ചാല്‍ ചൊറി, ചിരങ്ങ് എന്നിവ മാറും. കുഷ്ഠഘ്‌നം എന്നും കരിങ്ങാലിക്ക് പേരുണ്ട്. കുഷ്ഠത്തിനുള്ള ചികിത്സയില്‍ അവശ്യഘടകമാണിത്. 

കരിങ്ങാലി കാതല്‍ ഉണക്കി പൊടിച്ചത് 150 ഗ്രാം, നെല്ലിക്ക, കടുക്ക, താന്നിക്ക ഇവ ഉണക്കിപ്പൊടിച്ചത് 50 ഗ്രാം. കരിങ്ങാലിക്കാതല്‍ 60 ഗ്രാം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് ബാക്കിയുള്ള ചേരുവകള്‍ മൂന്ന് ദിവസം ചെയ്ത് ഉണക്കി ഓരോ സ്പൂണ്‍ വീതം ഒരു ഔണ്‍സ് പശുവിന്‍ പാലും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ദിവസം രണ്ടുനേരം വീതം 60 ദിവസം കഴിച്ചാല്‍ ദുര്‍മേദസ്സും തടിയും കുറയും. 

കരിങ്ങാലി കാതല്‍, വരട്ടുമഞ്ഞള്‍, നെല്ലിക്കത്തൊണ്ട്, വയല്‍ച്ചുള്ളി, ഞെരിഞ്ഞില്‍ ഇവ 50 ഗ്രാം വീതം പൊടിച്ച് അമൃത് ഇടിച്ചുപിഴിഞ്ഞ നീരില്‍ മൂന്ന് ദിവസം ഭാവന ചെയ്ത് ഉണക്കണം. അതിന് ശേഷം കയ്യുണ്യം ഇടിച്ചുപിഴിഞ്ഞ നീരില്‍ 7 ദിവസം ഭാവന ചെയ്യുക. ആര്യവേപ്പില നീരില്‍ ഏഴ് ദിവസം ഭാവന ചെയ്യുക. ചക്കരക്കൊല്ലി ഇടിച്ചുപിഴിഞ്ഞ നീരില്‍ ഏഴ് ദിവസം ഭാവന ചെയ്യുക. ഇപ്രകാരം വെവ്വേറെ ഭാവന ചെയ്യണം. ഇങ്ങനെ കിട്ടുന്ന ചൂര്‍ണ്ണം അമൃത് ഇടിച്ചുപിഴിഞ്ഞ നീരില്‍ ചേര്‍ത്ത് ദിവസം രണ്ടുനേരം വീതം 90 ദിവസം സേവിച്ചാല്‍ പ്രമേഹം ശമിക്കും. രാത്രി മുഴുവന്‍ പ്രസ്തുത നീരില്‍ ചൂര്‍ണ്ണം ഇട്ടുവച്ച ശേഷം പകല്‍ തണലില്‍ ഉണക്കുന്നതിനെയാണ് ഭാവന ചെയ്യുക എന്ന് പറയുന്നത്.  

വേങ്ങ കാതല്‍, കരിങ്ങാലി കാതല്‍ ഇവ ഓരോന്നും മുപ്പത് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം 10 തുള്ളി നെയ്യ് മേമ്പൊടിയായി ചേര്‍ത്ത് രണ്ട് നേരം സേവിച്ചാല്‍ പ്രസവശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന ക്ഷീണം മാറും. മുലപ്പാല്‍ വര്‍ധിക്കും. 

9446492774

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.