മോദിയുടെ ത്രിപുര മോഡല്‍

Friday 9 March 2018 2:50 am IST
ത്രിപുരയില്‍ ബിജെപി നേടിയ വിജയത്തിന്റെ പ്രത്യാഘാതങ്ങള്‍ ആ സംസ്ഥാനത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് സിപിഎം നേതൃത്വത്തിനുതന്നെയാണ്. മണിക് സര്‍ക്കാരിനെപ്പോലൊരു 'ആദര്‍ശ ബിംബ'ത്തെ നിഷ്പ്രഭമാക്കിയ കാവിതരംഗം ബംഗാളിലും ആവര്‍ത്തിക്കാതിരിക്കാന്‍ കാരണങ്ങളില്ല. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചിട്ടാണെങ്കിലും സിപിഎം നിലനില്‍പ്പിന് ശ്രമിക്കുന്ന ബംഗാളില്‍ ഇപ്പോള്‍തന്നെ ബിജെപിയാണ് ക്രിയാത്മക പ്രതിപക്ഷം. ഉപതെരഞ്ഞെടുപ്പുകള്‍ നടന്ന പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തുകയുണ്ടായി. ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി ഒത്തുകളിക്കുന്ന കേരളത്തിലെ സ്ഥിതി പരിശോധിക്കുമ്പോള്‍ സിപിഎം നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് ഏറുന്നുണ്ട്.
"undefined"

എനിക്ക് പുറത്തേക്ക് വഴിയില്ലെന്റെ 

പുള്ളാരേ

ഈ നാശം പിടിച്ച വീടിനകത്തു കെടന്ന്

ഞാന്‍ എന്നെത്തന്നെ വാഴ്ത്തുന്നു

എന്നെത്തന്നെ അപ്പവും വീഞ്ഞുമാക്കുന്നു

എന്നെത്തന്നെ കുരിശേറ്റുന്നു.

-ലെനിനെക്കുറിച്ച് എന്‍. പ്രഭാകരന്റെ വരികള്‍

ബിജെപിക്ക് ഉജ്വലവിജയം സമ്മാനിച്ച ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെത്തുടര്‍ന്ന്, അവിടുത്തെ രണ്ട് ലെനിന്‍ പ്രതിമകള്‍ ആവേശഭരിതരായ ജനങ്ങള്‍ തകര്‍ത്തതിനെച്ചൊല്ലി സിപിഎം ഉയര്‍ത്തിയ വന്‍ പ്രതിഷേധ കോലാഹലം ശുദ്ധകാപട്യമായിരുന്നില്ലേ? സോവിയറ്റ് യൂണിയനിലേയും കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലേയും സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെ പതനത്തിനുശേഷം അവിടങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ അറിയാവുന്ന ആര്‍ക്കും ഈ ചോദ്യത്തിന്, അതെ എന്ന ഉറച്ച ഉത്തരമായിരിക്കും ലഭിക്കുക.

ഏഴ് പതിറ്റാണ്ടുകാലത്തെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തില്‍നിന്ന് മോചനം നേടിയ സോവിയറ്റ് ജനത, തങ്ങള്‍ക്ക് അനുഭവിക്കാനായ സ്വാതന്ത്ര്യം ആദ്യം വിനിയോഗിച്ചത് സോഷ്യല്‍ ഫാസിസത്തിന്റെ പ്രതീകങ്ങളായി ഉയര്‍ന്നുനിന്നിരുന്ന ലെനിന്റെയും ജോസഫ് സ്റ്റാലിന്റെയും പടുകൂറ്റന്‍ പ്രതിമകള്‍ പിഴുതെറിയാനാണ്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈനില്‍ മാത്രം ലെനിന്റെ 1,320 പ്രതിമകള്‍ ഇങ്ങനെ നീക്കംചെയ്യുകയുണ്ടായി. ക്രെയിന്‍ ഉപയോഗിച്ച് നീക്കംചെയ്ത ലെനിന്റെയും സ്റ്റാലിന്റെയും പ്രതിമകള്‍ ചുറ്റികയും മറ്റുംകൊണ്ട് ഇടിച്ചുപൊളിക്കുന്നതില്‍ എന്തെന്നില്ലാത്ത ആവേശമാണ് സോവിയറ്റ് ജനത പ്രകടിപ്പിച്ചത്. ഇവയുടെ ദൃശ്യങ്ങള്‍ ലോകമെമ്പാടും തത്സമയം കണ്ടതുമാണ്. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ ഇപ്പോഴും നേരില്‍ കാണാവുന്നതുമാണ്.

ഈ ചരിത്രമൊക്കെ നന്നായി അറിയാവുന്ന പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമടക്കമുള്ള  ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ത്രിപുരയിലെ ലെനിന്‍ പ്രതിമകള്‍ തകര്‍ത്തതിനെച്ചൊല്ലി ബഹളമുണ്ടാക്കുന്നതിന്റെ ലക്ഷ്യം മറ്റൊന്നാണ്. പണമൊഴുക്കിയും കുപ്രചാരണം നടത്തിയും കോണ്‍ഗ്രസ് വോട്ടുകൊണ്ടുമാണ് ത്രിപുരയില്‍ ബിജെപി ജയിച്ചതെന്ന സിപിഎം വിലയിരുത്തല്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിതന്നെ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍, പരാജയകാരണങ്ങള്‍ ചര്‍ച്ചയാവാതിരിക്കാന്‍ ലെനിന്‍ പ്രതിമാ വിവാദം യെച്ചൂരിമാര്‍ക്ക് ആവശ്യമായിരുന്നു.

യഥാര്‍ത്ഥത്തില്‍ ത്രിപുരയിലെ പരാജയം സിപിഎം ചിത്രീകരിക്കുന്നതുപോലെ താല്‍ക്കാലികമല്ല. വിജയത്തിന്റെ പ്രത്യാഘാതങ്ങള്‍ ബിജെപി വിലയിരുത്തുന്നതിനും അപ്പുറമായിരിക്കും. കേരളത്തിലെ ഇടതു ജനാധിപത്യമുന്നണിക്ക് സംഭവിക്കുന്നതുപോലെയുള്ള വെറുമൊരു തെരഞ്ഞെടുപ്പ് പരാജയമല്ല ത്രിപുരയില്‍ സിപിഎമ്മിന് ഉണ്ടായിരിക്കുന്നത്. മൂന്നര പതിറ്റാണ്ടുകാലം നിലനിന്ന സോഷ്യല്‍ ഫാസിസത്തിന് പശ്ചിമബംഗാളില്‍ അന്ത്യംകുറിച്ചതുപോലുള്ള ചരിത്രപരമായ പരാജയമാണ് ത്രിപുരയിലും സംഭവിച്ചിരിക്കുന്നത്.

ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളുടെ അന്തിമ അഭയകേന്ദ്രമായിരുന്ന ത്രിപുരയില്‍ 1993 മുതല്‍ 25 വര്‍ഷമായി അവര്‍ തുടര്‍ച്ചയായി ഭരണം നടത്തുകയായിരുന്നു. ഇതിന് മുന്‍പ് 1978 മുതല്‍ 10 വര്‍ഷം നൃപന്‍ ചക്രവര്‍ത്തി മുഖ്യമന്ത്രിയായി സിപിഎം അധികാരത്തിലിരുന്നു. സുധീര്‍ രഞ്ജന്‍ മജുംദാര്‍, സമീര്‍ രഞ്ജന്‍ ബര്‍മന്‍ എന്നിവര്‍ മുഖ്യമന്ത്രിമാരായിരുന്ന ഇടവേളയ്ക്കുശേഷം 1993-ല്‍ ദശരഥ് ദേബ് മുഖ്യമന്ത്രിയായതോടെ ഇടതുപാര്‍ട്ടികള്‍ അധികാരത്തില്‍ തിരിച്ചെത്തി. 1998-ല്‍ മണിക് സര്‍ക്കാരിന്റെ ഇടതുസര്‍ക്കാര്‍ അധികാരമേറ്റു. പശ്ചിമബംഗാള്‍ 34 വര്‍ഷമാണ് ഇടതുമുന്നണി ഭരിച്ചതെങ്കില്‍, ത്രിപുരയില്‍ 35 വര്‍ഷമായിരുന്നു ഭരണം.

ത്രിപുരയെന്ന കമ്യൂണിസ്റ്റ് കോട്ട തകര്‍ക്കാനാവില്ലെന്നാണ് 2014-ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷവും ഇടതുപാര്‍ട്ടികളെപ്പോലെ മറ്റ് പാര്‍ട്ടികളും വിശ്വസിച്ചത്. മോദി തരംഗം രാജ്യവ്യാപകമായി ആഞ്ഞടിച്ചപ്പോഴും ത്രിപുരയിലെ ആകെയുള്ള രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ജയിച്ചത് സിപിഎം സ്ഥാനാര്‍ത്ഥികളായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്‍പുവരെയും ഈ ഇടതുകോട്ട അജയ്യമായി നിലകൊണ്ടു. ബിജെപിക്ക് ഇവിടെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചവര്‍പോലും വളരെ ചുരുക്കമായിരുന്നു.

ഇങ്ങനെ കരുതാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. ത്രിപുരയിലെ സിപിഎമ്മിനോട് മത്സരിക്കുകയെന്നത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയോട് മത്സരിക്കുന്നതുപോലെയായിരുന്നില്ല. 2011 വരെ നിലനിന്ന പശ്ചിമബംഗാളിലെ സിപിഎമ്മിനെപ്പോലെ  രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താന്‍ ഏതറ്റംവരെയും പോകാന്‍ മടിക്കാത്ത പാര്‍ട്ടിയായിരുന്നു ത്രിപുരയിലെ സിപിഎമ്മും. ബംഗാളിനോട് ചേര്‍ന്നുകിടക്കുന്ന ഈ സംസ്ഥാനം സ്വന്തം താവളമാക്കിയ സിപിഎം, അവിടുത്തെ ഉദ്യോഗസ്ഥ വൃന്ദത്തിലേക്കും പോലീസിലേക്കും വന്‍തോതില്‍ നുഴഞ്ഞുകയറിയിരുന്നു. സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനയെപ്പോലെയാണ് പോലീസ് പ്രവര്‍ത്തിച്ചത്.

ത്രിപുരയില്‍ സ്റ്റാലിനിസ്റ്റ് മാതൃകയില്‍ പരുവപ്പെടുത്തിയ സിപിഎമ്മിന്റെ കേഡര്‍ സംവിധാനത്തെ മറികടന്നാല്‍ മാത്രം പോരായിരുന്നു ബിജെപിക്ക്. ഭീകരതന്ത്രങ്ങളിലൂടെ ജനങ്ങളില്‍ ഭയം നിറച്ചിരിക്കുകയായിരുന്നു. മൂന്നുവര്‍ഷം മുന്‍പുവരെ പ്രധാന പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന്റെ നേതാക്കളും അണികളും നിരന്തരം മര്‍ദ്ദനത്തിനിരയായി. വീടുകള്‍ തകര്‍ക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തുപോന്നു. പ്രതിപക്ഷ നേതാക്കളുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍പോലും ജനങ്ങള്‍ക്ക് ഭയമായിരുന്നു. ഇതിനെ നേരിടുക മാത്രമല്ല, മാര്‍ക്‌സിസ്റ്റ് ഭീകരവാഴ്ചയില്‍നിന്ന് ജനങ്ങളെ രക്ഷിക്കുകയും വേണമായിരുന്നു.  ''ഞങ്ങള്‍ തിരിച്ചടിക്കുകയോ പിന്തിരിഞ്ഞോടുകയോ ചെയ്തില്ല'' എന്ന ധീരവും ജനാധിപത്യപരവുമായ നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിച്ചത്.

''ഞങ്ങള്‍ നിരവധി തവണ ആക്രമിക്കപ്പെട്ടു. ഞങ്ങളുടെ ചില നേതാക്കളെയും പ്രവര്‍ത്തകരെയും സിപിഎം കൊലപ്പെടുത്തി. പലര്‍ക്കും മാരകമായി പരിക്കേറ്റു. പക്ഷേ ഞങ്ങള്‍ വിട്ടുകൊടുത്തില്ല.   ഞങ്ങള്‍ ത്രിപുരയിലെ മികച്ച ബദല്‍ശക്തിയാണെന്ന് അധികം വൈകാതെ ജനങ്ങള്‍ക്ക് മനസ്സിലായി.''  ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സുബല്‍ ഭൗമിക്കിന്റെ ഈ വാക്കുകളില്‍ ചിത്രം വ്യക്തമാണ്. 

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ത്രിപുരയിലേത് ഒരു തെരഞ്ഞെടുപ്പ് പരാജയത്തിനപ്പുറം ഇന്ത്യയില്‍ മാര്‍ക്‌സിസത്തിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും പ്രസക്തിയുണ്ടെന്ന അവരുടെ അവകാശവാദം തകര്‍ക്കുന്നതാണ്. സോവിയറ്റ് യൂണിയന്റെ തിരോധാനത്തിനുശേഷവും മാര്‍ക്‌സിസം അജയ്യമാണെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് വാദിച്ചുകൊണ്ടിരുന്നത് പശ്ചിമബംഗാളിലും ത്രിപുരയിലും ഇടതുപക്ഷം അധികാരത്തില്‍ തുടരുന്നതും, കേരളത്തില്‍ ഊഴമിട്ട് ഭരണം ലഭിക്കുന്നതും ചൂണ്ടിക്കാട്ടിയാണ്. ഇഎംഎസിന്റെ കാലശേഷം പശ്ചിമബംഗാളിലെ സ്റ്റാലിനിസ്റ്റാധിപത്യം അവസാനിപ്പിച്ചപ്പോള്‍ ത്രിപുരയെ ആശ്രയിച്ചായി അവകാശവാദങ്ങള്‍.

രാജ്യത്തെ ജനസംഖ്യയുടെ 0.3 ശതമാനം വരുന്ന 36 ലക്ഷം ജനങ്ങളും, 25 ലക്ഷം വോട്ടര്‍മാരുമാണ് ത്രിപുരയില്‍ ഉള്ളതെങ്കിലും നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡലിനു ബദല്‍ മണിക് സര്‍ക്കാരിന്റെ ത്രിപുര മോഡലാണെന്ന പ്രചാരണം ശക്തമായിരുന്നു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ രാജ്യത്തിന് മുഴുവന്‍ അനുയോജ്യം ത്രിപുര മോഡലാണെന്നു പറയാനും ചില മാധ്യമങ്ങള്‍ മടിച്ചില്ല. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയെപ്പോലെ പല കാര്യങ്ങളിലും മോദിയെ കണ്ട് പഠിക്കണമെന്ന അഭിപ്രായം മണിക് സര്‍ക്കാരിനും ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ അത് വകവച്ചില്ല.

ത്രിപുര മോഡലിനൊപ്പം മണിക് സര്‍ക്കാരിനെയും, സിപിഎമ്മും മാധ്യമങ്ങളും ഉയര്‍ത്തിക്കാട്ടുകയുണ്ടായി. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും 'രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി'യായി മണിക് സര്‍ക്കാര്‍ രംഗപ്രവേശം ചെയ്തു. അപ്പോഴൊക്കെ ലളിത ജീവിതം നയിക്കുന്ന, സ്വന്തമായി വീടില്ലാതെ ഭാര്യയ്‌ക്കൊപ്പം പാര്‍ട്ടി ഓഫീസില്‍ താമസിക്കുന്ന, തുച്ഛമായ സമ്പാദ്യമുള്ള മണിക്കിനെ വാനോളം പുകഴ്ത്തി. എന്നാല്‍ നിസ്വനായ ഈ മനുഷ്യന്റെ അറിവോടും സമ്മതത്തോടെയുമാണ് രാഷ്ട്രീയ പ്രതിയോഗികള്‍ക്കും ജനങ്ങള്‍ക്കുമെതിരെ നിരങ്കുശമായ മര്‍ദ്ദനമുറകള്‍ കെട്ടഴിച്ചുവിട്ടതെന്ന സത്യം ബോധപൂര്‍വം വിസ്മരിക്കപ്പെട്ടു. മണിക് സര്‍ക്കാര്‍ സിപിഎമ്മിന്റെ 'പോസ്റ്റര്‍ ബോയ്' മാത്രമായിരുന്നു. മനുഷ്യത്വം തൊട്ടുതീണ്ടാത്ത അതിക്രമങ്ങള്‍ക്കുള്ള ആള്‍മറ.      

ത്രിപുരയില്‍ ബിജെപി നേടിയ വിജയത്തിന്റെ പ്രത്യാഘാതങ്ങള്‍ ആ സംസ്ഥാനത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് സിപിഎം നേതൃത്വത്തിനുതന്നെയാണ്. മണിക് സര്‍ക്കാരിനെപ്പോലൊരു 'ആദര്‍ശ ബിംബ'ത്തെ നിഷ്പ്രഭമാക്കിയ കാവിതരംഗം പശ്ചിമ ബംഗാളിലും ആവര്‍ത്തിക്കാതിരിക്കാന്‍ കാരണങ്ങളില്ല. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചിട്ടാണെങ്കിലും സിപിഎം നിലനില്‍പ്പിന് ശ്രമിക്കുന്ന ബംഗാളില്‍ ഇപ്പോള്‍തന്നെ ബിജെപിയാണ് ക്രിയാത്മക പ്രതിപക്ഷം. ഉപതെരഞ്ഞെടുപ്പുകള്‍ നടന്ന പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തുകയുണ്ടായി. 

2013-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ നേടിയ വെറും 1.54 ശതമാനം വോട്ടാണ് 43 ശതമാനമായി ബിജെപി ഉയര്‍ത്തിയത്. തങ്ങള്‍ക്ക് ഏഴ് ശതമാനം വോട്ട് മാത്രമാണ് കുറഞ്ഞതെന്ന് സിപിഎം ആശ്വസിക്കുന്നുണ്ടെങ്കിലും, ബിജെപിക്ക് ലഭിച്ച വോട്ടിലെ വര്‍ധന സിപിഎം നേതൃത്വത്തെ അമ്പരപ്പിക്കുകയാണ്. ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി ഒത്തുകളിക്കുന്ന കേരളത്തിലെ സ്ഥിതി പരിശോധിക്കുമ്പോള്‍ സിപിഎം നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് ഏറുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15.20 ശതമാനം വോട്ടാണ് ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് കേരളത്തില്‍ ലഭിച്ചത്. സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിന് 43.31 ശതമാനവും. ഇതില്‍ തന്നെ സിപിഎമ്മിന്റെ വിഹിതം 26.5 ശതമാനമാണ്. മതന്യൂനപക്ഷ ജനസംഖ്യ 50 ശതമാനത്തോളമുണ്ട് എന്നതുമാത്രമാണ് കോണ്‍ഗ്രസിനെപ്പോലെ സിപിഎമ്മിനേയും ആശ്വസിപ്പിക്കുന്ന ഒരു ഘടകം. എന്നാല്‍ ബിജെപിക്കുമേല്‍ ഇരുപാര്‍ട്ടികളും അടിച്ചേല്‍പ്പിക്കാന്‍   ശ്രമിക്കുന്ന ന്യൂനപക്ഷവിരോധം രാജ്യമെമ്പാടുമുള്ള മോദിതരംഗത്തില്‍ ആവിയായി പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ത്രിപുരയില്‍നിന്ന് കേരളത്തിലേക്ക് ദൂരം ഒട്ടുമില്ലെന്ന് അറിയേണ്ടവര്‍ അറിയുന്നു. നിസ്വനായ മണിസര്‍ക്കാരിന്റെ സ്ഥാനത്ത് കേരളത്തിലുള്ളത് പിണറായിയേയും കോടിയേരിയേയും പോലുള്ള ചുവന്ന മുതലാളിമാരുമാണല്ലോ.

e-mail: muralijnbi@gmail.com      

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.