കാണുന്നില്ല, കരിമണല്‍ തരുന്ന വിഭവശക്തി

Friday 9 March 2018 2:55 am IST
കരിമണല്‍ വേര്‍തിരിച്ച ശേഷം പുഴുങ്ങിയെടുക്കുന്ന ഐബിപി പ്ലാന്റിലെ ഡൈജസ്റ്ററില്‍ തീപിടിത്തമുണ്ടായി മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ആരംഭിച്ച്, കോവില്‍ത്തോട്ടത്ത് കമ്പനിയുടെ എംഎസ് പ്ലാന്റിലേക്കുള്ള നടപ്പാലം തകര്‍ന്ന് മൂന്നുപേര്‍ കനാലില്‍ വീണ് മരിച്ച സംഭവമാണ് അവസാനത്തേത്. മുപ്പത് വര്‍ഷത്തിനിടെ 15 പേര്‍ ഇത്തരത്തില്‍ വിവിധ അപകടങ്ങളിലും ദുരന്തങ്ങളിലുംപെട്ട് മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്.
"undefined"

ലോകത്തേറ്റവും മികച്ചതും 60 ശതമാനം ധാതുക്കളുടെ കലവറയുമായ കരിമണല്‍ ശേഖരമാണ് ചവറയിലുള്ളത്. പന്മന പഞ്ചായത്ത് പ്രദേശത്താണ് ഏറ്റവുമധികം കരിമണലുള്ളത്. 

ഏകദേശം 80 ദശലക്ഷം ടണ്‍ ഇല്‍മനൈറ്റ് അടങ്ങിയ ധാതുമണലാണ് ചവറയുടെ തീരപ്രദേശത്തുള്ളത്. തെക്കന്‍കേരളത്തിലെ കരിമണല്‍ ധാതുക്കളില്‍ പ്രധാനപ്പെട്ടത് ഇല്‍മനൈറ്റാണ്. ആറ്റമിക് മിനറല്‍സ് ഡയറക്‌ട്രേറ്റും ഇത് ശരിവയ്ക്കുന്നു. ഇല്‍മനൈറ്റ്, റൂട്ടൈല്‍ എന്നിവ സംസ്‌കരിച്ചെടുക്കുന്ന ടൈറ്റാനിയവും അതിന്റെ സംയുക്തങ്ങളും വളരെയേറെ വ്യവസായങ്ങള്‍ക്ക് അസംസ്‌കൃതവസ്തുവാണ്. പെയിന്റ്, പ്ലാസ്റ്റിക്, അച്ചടിമഷി, തുണി, റബ്ബര്‍, കളിമണ്‍ തുടങ്ങി വിവിധ വ്യവസായങ്ങള്‍ക്ക് ടൈറ്റാനിയം ഡയോക്‌സൈഡ് സുപ്രധാനഘടകമാണ്. ഉപഗ്രഹപേടകങ്ങളും അന്തര്‍വാഹിനികളും വിമാനവും മിസൈലും ബുള്ളറ്റ്പ്രൂഫ് സാമഗ്രികളും പേസ്‌മേക്കറുമെല്ലാം നിര്‍മിക്കാന്‍ ഇതാവശ്യമണ്. ലോഹങ്ങള്‍ മുറിക്കാനും മിനുസപ്പെടുത്താനും വേണ്ടിയുള്ള ഉപകരണങ്ങള്‍, ഡീസല്‍ എഞ്ചിന്‍, ഇന്‍സുലേഷന്‍ സാമഗ്രികള്‍, സീലുകള്‍, പമ്പിന്റെ സ്‌പെയര്‍പാര്‍ട്‌സുകള്‍ എന്നിവ നിര്‍മിക്കാനും ഉപയോഗിക്കുന്നു.

മിനറല്‍ സെപ്പറേഷന്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇല്‍മനൈറ്റ്, ടൈറ്റാനിയം പ്ലാന്റ് എന്നറിയപ്പെടുന്ന കെഎംഎംഎല്‍ കമ്പനിയിലെ ഇല്‍മനൈറ്റ് ബെനഫിക്കേഷന്‍ പ്ലാന്റില്‍ എത്തിക്കുന്നു. ഇവിടെ വിവിധ പ്രക്രിയകളിലൂടെ സംസ്‌കരിച്ച് ഇതില്‍നിന്നും സിന്തറ്റിക് റൂട്ടൈലും ടൈറ്റാനിയം ഡയോക്‌സൈഡും ഉണ്ടാക്കുന്നു. ഒരുടണ്‍ ടൈറ്റാനിയം ഡയോക്‌സൈഡ് നിര്‍മിക്കാന്‍ കമ്പനിക്ക് 30000 രൂപയാണ് ചെലവാകുന്നത്. ഒന്നര ടണ്‍ ഇല്‍മനൈറ്റില്‍നിന്നും ഒരുടണ്‍ ടൈറ്റാനിയം ഡയോക്‌സൈഡ് നിര്‍മിക്കാനാകും. അന്താരാഷ്ട്രവിപണിയില്‍ ടൈറ്റാനിയം ഡയോക്‌സൈഡിന് വില ടണ്ണിന് 1.30ലക്ഷമാണ്. ഇത് ആറുമാസകാലത്തിനിടയില്‍ 1.80 ആയി വര്‍ധിച്ചിട്ടുണ്ട്. കമ്പനിയെ സംബന്ധിച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വിലയാണ് ലഭിക്കുന്നത്. എന്നാല്‍ പൂര്‍ണതോതില്‍ ഉല്‍പാദനം നടന്നിട്ടും ആവശ്യക്കാര്‍ക്ക് വേണ്ടവിധം ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. 

ഐആര്‍ഇ ചവറ പഞ്ചായത്തിലും കെഎംഎംഎല്‍ പന്മന പഞ്ചായത്തിലുമാണ് സ്ഥിതിചെയ്യുന്നത്. രണ്ടിടത്തും ഒരേതരം പ്രോസസിങ് ആണെങ്കിലും രാസാധിഷ്ഠിതമായ പ്രക്രിയ കെഎംഎംഎലിലാണ്. ഇതുതന്നെയാണ് കെഎംഎംഎല്‍ കൂടുതല്‍ അപകടഭീതി പരത്തുന്നതിന്റെ കാരണവും. ഐആര്‍ഇയുടെ ചരിത്രത്തില്‍നിന്നും വ്യത്യസ്തമായി ടൈറ്റാനിയം കമ്പനിയുടെ അകത്തും പുറത്തും മുപ്പത് വര്‍ഷകാലത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്. മരണങ്ങള്‍ ഉണ്ടായാല്‍ കെഎംഎംഎല്‍ ആശ്രിതനിയമനങ്ങള്‍ നടത്തുന്നു. പ്രതിഷേധങ്ങള്‍ മറികടക്കാന്‍ പലപ്പോഴും ഈ നയമാണ് കമ്പനിയെ സഹായിച്ചിട്ടുള്ളത്. കരിമണല്‍ വേര്‍തിരിച്ചശേഷം പുഴുങ്ങിയെടുക്കുന്ന ഐബിപി പ്ലാന്റിലെ ഡൈജസ്റ്ററില്‍ തീപിടിത്തമുണ്ടായി മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ആരംഭിച്ച്, കോവില്‍ത്തോട്ടത്ത് കമ്പനിയുടെ എംഎസ് പ്ലാന്റിലേക്കുള്ള നടപ്പാലം തകര്‍ന്ന് മൂന്നുപേര്‍ കനാലില്‍ വീണ് മരിച്ച സംഭവമാണ് അവസാനത്തേത്. മുപ്പത് വര്‍ഷത്തിനിടെ 15 പേര്‍ ഇത്തരത്തില്‍ വിവിധ അപകടങ്ങളിലും ദുരന്തങ്ങളിലുംപെട്ട് മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്. 

അടുത്തത്: കെഎംഎംഎല്ലും പ്രതിസന്ധികളും

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.