സ്പീക്കറുടെ കാഴ്ചയും കാഴ്ചപ്പാടും

Friday 9 March 2018 3:00 am IST
"undefined"

ചെയറിന് സഭയിലെ അംഗങ്ങളെ കാണാനുള്ള അവസരം പ്രതിപക്ഷം തുടര്‍ച്ചയായി തടയുന്നത് ജനാധിപത്യത്തെ അവഹേളിക്കലാണെന്നും, സഭയോടോ ജനാധിപത്യത്തോടോ ആദരവുണ്ടെങ്കില്‍ ഇത്തരം പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്നും നമ്മുടെ നിയമസഭാ സ്പക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി വായിച്ചു. 

കേരളത്തിലെ ജനതയെ സംബന്ധിച്ചിടത്തോളം ഇത് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്. ഒരു പ്രസ്താവന തമാശയാകുന്നത് അത് പറയുന്ന ആളിന്റെ മുന്‍കാല പ്രവൃത്തികളുടെയും, പ്രസ്താവനയുടെ കാലത്തെ അതിന്റെ പ്രസക്തിയുടെയും അടിസ്ഥാനത്തിലാണ്. 'ചെകുത്താന്‍ വേദമോതുക' എന്ന ചൊല്ലുണ്ടായത് അങ്ങനെയാണ്. 

സ്പീക്കറുടെ ഈ പ്രസ്താവന ചാനലുകളില്‍ വന്നതിന്റെ പിന്നാലെ കണ്ടത് യുഡിഎഫ് ഭരണകാലത്ത് അന്നത്തെ ധനകാര്യമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷം കാട്ടിയ അക്രമാസകക്തമായ, ഏതാണ്ട് രണ്ടു ലക്ഷത്തിലധികം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച സമരത്തിന്റെ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ദൃശ്യങ്ങളായിരുന്നു. ആ ദൃശ്യങ്ങളിലെല്ലാം അന്നത്തെ ആ സമരങ്ങളില്‍ പങ്കെടുത്ത ഇന്നത്തെ സ്പീക്കറുടെ സജീവ സാന്നിധ്യം കാണാം. 

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ മാണി കോഴ വാങ്ങിയെന്ന് അന്നും, അങ്ങനെയുണ്ടായിട്ടില്ല എന്ന് ഇന്നും ഇടതുപക്ഷം പറയുന്ന ആക്ഷേപത്തിന്റെ പേരിലായിരുന്നു അന്നത്തെ സമരം. വനവാസിയായ മധു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ്, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ എന്നിവരുടെ അടുത്തടുത്ത ദിവസങ്ങളിലെ നിഷ്ഠുരമായ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ സ്പീക്കറുടെ കാഴ്ച മറയ്ക്കുംവിധം ബാനര്‍ പിടിച്ചത് ആ സമരവുമായി തട്ടിച്ചുനോക്കുമ്പോള്‍ എത്ര ജനാധിപത്യപരം. അല്ലെങ്കില്‍തന്നെ ഇത്തരം ഗൗരവമേറിയ പ്രശ്‌നങ്ങളെ സഭയ്ക്കുള്ളില്‍ രാഷ്ട്രീയാതീതമായി കാണാന്‍ കഴിയാത്ത സ്പീക്കര്‍ക്ക് എന്ത് കാഴ്ചയും കാഴ്ചപ്പാടുമാണുള്ളത്?

അഡ്വ. തോമസ് മാത്യു, തിരുവല്ല

വനവാസിക്ഷേമത്തെക്കുറിച്ച് പുനര്‍ചിന്തനം ആവശ്യം

അട്ടപ്പാടി വനവാസി കോളനിയിലെ യുവാവിന്റെ കൊലപാതകം പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണെന്ന കാര്യത്തില്‍ സംശയമില്ല. സമ്പൂര്‍ണ സാക്ഷരരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന് അങ്ങേയറ്റം ദുഷ്‌പ്പേരുണ്ടാക്കുന്നതാണ് ഈ സംഭവം.

ദളിത് വിഭാഗങ്ങളുടെ ശാക്തീകരണത്തിനുവേണ്ടി വിനിയോഗിക്കപ്പെടുന്ന കോടിക്കണക്കിന് രൂപ ലക്ഷ്യം കാണാതെ പോകുന്നു എന്നത് ഒരു വസ്തുതയാണ്. ദളിതരുടെ അറിവില്ലായ്മയേയും വിധേയമനോഭാവത്തേയും രാഷ്ട്രീയ നേതൃത്വങ്ങള്‍ ചൂഷണം ചെയ്യുകയാണെന്ന് പറയേണ്ടിയിരിക്കുന്നു. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. ഇതെഴുന്നയാള്‍ മുപ്പത്തയഞ്ചുകൊല്ലക്കാലം അട്ടപ്പാടി ഉള്‍പ്പെടെയുള്ള കോളനികളില്‍ ജോലി ചെയ്തിട്ടുണ്ട്. കോളനി നിവാസികളുടെ കാര്‍ഷിക ഉന്നമനത്തിനായിട്ടുള്ള ചില പദ്ധതികളുടെ ചുമതല വഹിക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും പദ്ധതി നടത്തിപ്പിനായുള്ള ഗുണഭോക്തൃ കമ്മിറ്റി കൂടുമ്പോള്‍ ആദിവാസികളില്‍പ്പെട്ടവര്‍തന്നെ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി തമ്മില്‍ തല്ലുന്ന കാഴ്ച സര്‍വ്വസാധാരണമായിരുന്നു. പാവങ്ങളുടെ വിനീത ഭാവത്തെ രാഷ്ട്രീയ മേലാളന്മാര്‍ നിരന്തരം ചൂഷണം ചെയ്തുവരുന്നു.

കോടിക്കണക്കിനു രൂപ വനവാസികള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ട്. എന്നാല്‍ 'എന്നെ തല്ലണ്ടമ്മാവ ഞാന്‍ നന്നാവൂല' എന്നുപറഞ്ഞ പഴയകാല അനന്തിരവനെയാണ് ചില കോളനികളെങ്കിലും അനുസ്മരിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ ഒരു വനവാസി കോളനിയില്‍ നടത്തിയ തെങ്ങിന്‍തൈ വിതരണമാണ് ഓര്‍മ്മ വരുന്നത്. നല്ല ഒന്നാംതരം തെങ്ങിന്‍ തൈകള്‍ നൂറുശതമാനവും സൗജന്യമായി കോളനിയില്‍ എത്തിച്ച് ആവശ്യാനുസരണം വിതരണം ചെയ്തു. എന്നാല്‍ തങ്ങള്‍ക്കു കിട്ടിയ തൈകള്‍ ചിലരെങ്കിലും കോളനിക്ക് വെളിയിലുള്ളവര്‍ക്ക് വില്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 

വനവാസികളെ വനവാസികളായി തന്നെ നിലനിര്‍ത്താനാണ് ചിലര്‍ക്ക് താല്‍പ്പര്യമെന്ന് തോന്നുന്നു. 'ആദിവാസി' എന്ന പദം തന്നെ എഴുത്തുകുത്തുകളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. ഈ വിഷയത്തില്‍ കൂടുതല്‍ പരിചിന്തനം നടത്താന്‍ അട്ടപ്പാടി സംഭവം പ്രേരകമാകട്ടെ.

വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ

ആരിഫിനെപ്പോലെ ഒത്തിരി രക്ഷകര്‍ത്താക്കള്‍

എ.എം. ആരിഫ് എംഎല്‍എയെപ്പോലെ, മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോയെപ്പോലെ എത്രയോ രക്ഷകര്‍ത്താക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ യാതൊരു 'രാസഔഷധ'ങ്ങളും നല്‍കാതെ തന്നെ പ്രതിരോധശേഷിയോടെ വളര്‍ത്തിക്കൊണ്ടുവരാനറിയാം. ഗുരുതരമായ എമര്‍ജന്‍സികളിലല്ലാതെ അലോപ്പതി ചികിത്സാ രീതികളെ ആശ്രയിക്കേണ്ട യാതൊരു ആവശ്യവുമില്ല. എന്നറിയാവുന്ന പതിനായിരക്കണക്കിനു കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ജീവിതശൈലിയും ഭക്ഷണശൈലിയും ക്രമീകരിച്ച് രോഗരഹിത ജീവിതം നയിക്കാന്‍ സാധിക്കുമെന്നത് തെളിയിക്കപ്പെട്ട സംഗതിയാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണം ഗാന്ധിജി തന്നെ.

''പഥ്യം ആചരിക്കുന്നവന് ഔഷധം വേണ്ടിവരില്ല; പഥ്യം ആചരിക്കാത്തവന് ഔഷധംകൊണ്ട് പ്രയോജനവുമില്ല'' എന്ന ആയുര്‍വേദതത്വം ആരോഗ്യമന്ത്രി അറിയണം.അതിനാല്‍ വമ്പന്‍ മരുന്നുകമ്പനികളുണ്ടാക്കിവിടുന്ന രാസ ഔഷധമായ വാക്‌സിനുകള്‍ ശിശുക്കളുടെ നിര്‍മലരക്തത്തിലേക്ക് കടത്തിവിട്ടേ അടങ്ങൂ എന്ന വാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം. മാതാപിതാക്കളേക്കാള്‍ സ്‌നേഹം ആരോഗ്യമന്ത്രിക്കുവേണ്ട. ജന്മനാ ലഭ്യമായ പ്രതിരോധ ശേഷി നിലനിര്‍ത്താന്‍ വാക്‌സിനുകളല്ലാതെ മറ്റു പല മാര്‍ഗ്ഗങ്ങളുമുണ്ട്. വാക്‌സിനുകളില്‍ ചേര്‍ക്കില്ലെന്നു പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്.

കെ.വി. സുഗതന്‍,ആലപ്പുഴ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.