ത്രിപുരയ്ക്ക് വര്‍ഗ്ഗീയ നിറം; ലക്ഷ്യം ചെങ്ങന്നൂര്‍

Friday 9 March 2018 3:15 am IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ത്രിപുരയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് വര്‍ഗ്ഗീയ നിറം നല്‍കാന്‍ സിപിഎം സംഘടിത നീക്കം. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വക്താക്കളുമൊക്കെ ഇതിനായി ബോധപൂര്‍വ്വം ശ്രമിക്കുന്നു. 

ത്രിപുരയില്‍ വിജയലഹരിയില്‍ ചിലര്‍ ലെനിന്റെ പ്രതിമ തകര്‍ത്തുവെന്നത് സത്യമാണ്. പല സ്ഥലങ്ങളിലും തമ്മിലടിയുമുണ്ടായി. സിപിഎമ്മിന്റെ ഗുണ്ടാ രാഷ്ട്രീയത്തില്‍ പേടിച്ച് ജീവിച്ചിരുന്നവര്‍ അവര്‍ക്ക് അധികാരം നഷ്ടപ്പെട്ടപ്പോഴുണ്ടായ സന്തോഷ പ്രകടനത്തിനപ്പുറം ഒന്നും സംഭവിച്ചില്ല. 

ബംഗാളില്‍ സിപിഎമ്മിനെതിരെ മമതാ ബാനര്‍ജി വിജയം വരിച്ചപ്പോഴും ഇതുപോലുള്ള സംഭവങ്ങളുണ്ടായി. അക്രമത്തിന് പിന്നില്‍ സിപിഎമ്മുകാരും ഉണ്ടെന്നാണ് യാഥാര്‍ത്ഥ്യം. ലെനിന്റെ പ്രതിമ തകര്‍ത്തത് ബിജെപിക്കാരല്ല. സിപിഎമ്മുമായി ഇതുവരെ അടിച്ചുനിന്നിരുന്ന ഐപിഎഫ്റ്റി ആണ്. അവര്‍ ബിജെപിയുടെ ഘടക കക്ഷിയാണെന്നത് സത്യം. അക്രമങ്ങളെ ബിജെപി നേതൃത്വവും പ്രധാനമന്ത്രിയും തള്ളിപ്പറഞ്ഞുകഴിഞ്ഞു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

കേരളത്തില്‍ പിണറായി വിജയന്‍ വിജയിച്ചപ്പോള്‍ രണ്ട് പേരുടെ മരണത്തിനിടയായ അക്രമമാണുണ്ടായത്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ നിലംപരിശായതല്ലാതെ മരണമൊന്നും സംഭവിച്ചിട്ടില്ല. യാഥാര്‍ത്ഥ്യമിതായിരിക്കെ അവിടെ നടക്കുന്നത് വര്‍ഗ്ഗീയ സംഘര്‍ഷമാണെന്ന് വരുത്താനാണ് സിപിഎമ്മിന്റെ ബോധപൂര്‍വ്വമായ ശ്രമം. ചില മാധ്യമങ്ങള്‍ ജാതീയ വേര്‍തിരിവിനും ശ്രമിക്കുന്നുണ്ട്. 

കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കാനുള്ള ആര്‍എസ്എസിന്റെ അതിമോഹമാണ് ത്രിപുരയിലെ അക്രമമെന്നാണ് പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞത്. കമ്മ്യൂണിസ്റ്റുകാരെ തുടച്ചുനീക്കുമെന്നത് ബിജെപിയുടെ പ്രഖ്യാപിത നിലപാടാണ്. ന്യൂനപക്ഷവിഭാഗങ്ങളെക്കുറിച്ച് അങ്ങനെയൊരു നിലപാടില്ലെന്ന് മാത്രമല്ല ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിക്കെതിരെ നിലകൊണ്ടിട്ടുമില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെ യാതൊരുവിധ അതിക്രമവും ഉണ്ടായിട്ടില്ല. ലെനിന്‍ ക്രിസ്ത്യാനിയായതുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്തതിനെ ന്യൂനപക്ഷ നേതാവിന്റെ പ്രതിമയെന്ന് വ്യാഖ്യാനിക്കുന്നതിന് തുല്യമാണ് ആക്ഷേപം. 

ത്രിപുരയില്‍ തകര്‍ത്ത ക്രിസ്ത്യന്‍ പള്ളി എന്ന് പറഞ്ഞ് ഇടതുപക്ഷ സൈബര്‍ പോരാളികള്‍ കാണിച്ചിരിക്കുന്നത് ആഭ്യന്തര കലാപം നടക്കുന്ന ശ്രീലങ്കയിലെ പള്ളിയുടെ ദൃശ്യങ്ങളാണ്. ഇത് അവിചാരിതമായി സംഭവിച്ചതല്ലായെന്ന് പിണറായി വിജയന്റെയും മറ്റും പ്രസ്താവനകള്‍ വ്യക്തമാക്കുന്നു.

ക്രിസ്ത്യന്‍ മുസ്ലിം ദേവാലയങ്ങള്‍ക്കെതിരെ വ്യാപക അക്രമം നടക്കുന്നതായിട്ടാണ് സിപിഎം ന്യൂസ് പോര്‍ട്ടലുകള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. 

എന്നാല്‍ ത്രിപുരയിലെ പ്രാദേശിക മാധ്യമങ്ങളോ ദേശീയമാധ്യമങ്ങളോ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നില്ല. സത്യമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അതിന് വര്‍ഗ്ഗീയ നിറം നല്‍കുകയാണ് സിപിഎം. ഇന്നലെ ത്രിപുര അക്രമത്തി ല്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പാര്‍ട്ടി സംഘടിപ്പിച്ച യോഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന് വരുത്താനായിരുന്നു തീവ്രശ്രമം. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാല് വോട്ട് കൂടുതല്‍ കിട്ടുക എന്ന സങ്കുചിത രാഷ്ട്രീയം മാത്രമാണ്. ഇതിന് പിന്നില്‍. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഒരാളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി നേട്ടം കൊയ്യാമെന്ന് പാര്‍ട്ടി കരുതുന്നു. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുന്ന ഭരണകക്ഷി പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.