കൃഷിമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍

Friday 9 March 2018 3:10 am IST

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ വന്‍ അഴിമതിക്കു നീക്കം. നിയമന നടപടികള്‍ രഹസ്യമായി നടത്തുന്ന സര്‍വകലാശാല റിക്രൂട്ട്‌മെന്റ് സെക്ഷനില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും എഐവൈഎഫ് സംസ്ഥാന നേതാവുമായ ടി. പ്രദീപ്കുമാറിന്റെ ഭാര്യ മുംതാസ് സിന്ധുവിനെ തിരക്കിട്ട് നിയമിച്ചു.   

കാലിക്കറ്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റായിരുന്ന മുംതാസിനെ അസാധാരണമായ ഇ ന്റര്‍ യൂണിവേഴ്‌സിറ്റി ട്രാന്‍സ്ഫറിലൂടെ കാര്‍ഷിക സര്‍വകലാശാലയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇത് പതിവില്ലാത്തതാണ്. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ഉടനെ രജിസ്ട്രാര്‍ ഡോ. എസ്. ലീനാകുമാരി, മുംതാസിനെ റിക്രൂട്ട്‌മെന്റ് സെക്ഷനിലേക്ക് വിടുകയുമായിരുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ സഹായിക്കാനാണെന്ന് ഉത്തരവില്‍ രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സാധാരണയായി സര്‍വകലാശാലയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ മാത്രം കൈകാര്യം ചെയ്യുന്ന വിഭാഗമാണിത്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയവരുടെ അക്കാദിക് യോഗ്യത, വിവിധ വിഭാഗങ്ങളില്‍ ലഭിച്ച മാര്‍ക്ക്, ജാതി സംവരണം തുടങ്ങിയ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നത് റിക്രൂട്ട്‌മെന്റ് വിഭാഗത്തിലാണ്. ഇത് തയ്യാറാക്കി കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്ന ജോലിയാണ് കമ്പ്യൂട്ടര്‍ അസിസ്റ്റന്റായ മുംതാസിന്റേത്. 

ഈ വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയാല്‍ ഇന്റര്‍വ്യൂവില്‍ കൊടുക്കേണ്ട മാര്‍ക്ക് ഉള്‍പ്പെടെ മുന്‍കൂട്ടി തീരുമാനിച്ച് നിയമനം നിയന്ത്രിക്കാനാവും. സിപിഐക്കുള്ളില്‍ മന്ത്രി സുനില്‍കുമാറിനും പ്രദീപ്കുമാറിനുമെതിരെ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. ഇടത് യൂണിയന്‍ തന്നെ മന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.   

കാര്‍ഷിക സര്‍വകലാശാലയില്‍ മുന്നൂറോളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ ഒഴിവുണ്ട്. എന്നാല്‍, 50 തസ്തികകളിലെ ഒഴിവുകള്‍ മാത്രമാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.

2016 മാര്‍ച്ച് മൂന്നിനാണ് വിജ്ഞാപനം ചെയ്തത്. ഐസിഎആര്‍ സഹായമുള്ള തസ്തികകളും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ 16 തസ്തികകള്‍ കഴിഞ്ഞ മാസം ഐസിഎആര്‍ റദ്ദാക്കി. കേരളത്തിന് പുറത്തു നിന്നുള്ള വി.ആര്‍. പ്രസാദ്, സി.വി. രാമനാരായണ എന്നിവര്‍ നല്‍കിയ കേസിനെ തുടര്‍ന്ന് ഹൈക്കോടതി നിയമനം സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, നെറ്റ് പാസ്സാകാത്ത ഇവര്‍ തങ്ങളറിയാതെയാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയതെന്ന് സര്‍വകലാശാലയില്‍ എഴുതി നല്‍കി. ഇടത് അധ്യാപക സംഘടനാ നേതാക്കന്മാരായിരുന്നു ഇതിന് പിന്നില്‍. പിടിവീഴുമെന്നായപ്പോള്‍ കേസ് പിന്‍വലിച്ചു.

ചില തസ്തികകള്‍ ഐസിഎആര്‍ പിന്‍വലിച്ചതിനാല്‍ വിജ്ഞാപനം ചെയ്തതില്‍ 35 തസ്തികകളില്‍ താഴെയേ ഇപ്പോള്‍ ഒഴിവുള്ളൂ. എന്നാല്‍, മൊത്തം ഒഴിവുള്ള 300 തസ്തികകളിലേക്കും റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം നടത്താനാണ് നീക്കം. ഇതിനായി ഒരു പഠനവും നടത്താതെ ബിഎസ്‌സി അഗ്രികള്‍ച്ചര്‍ കോഴ്‌സിന്റെ സീറ്റ് ഒറ്റയടിക്ക് 208 ല്‍ നിന്ന് ഈ വര്‍ഷം മുതല്‍ 420 ആക്കി ഉയര്‍ത്തി.

അമ്പലവയലില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ തുടങ്ങുന്ന പുതിയ കാര്‍ഷിക കോളേജിലേക്കുള്ള 60 സീറ്റും ഇതില്‍ പെടും. അധിക അധ്യാപക നിയമനത്തിനായി യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത കുമരകം, എരുത്തിയാമ്പതി എന്നിവിടങ്ങളിലും പുതിയ കാര്‍ഷിക കോളേജുകള്‍ തുടങ്ങാന്‍ നീക്കമുണ്ട്. 

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് സര്‍വകലാശാല പുറത്തിറക്കിയ വിജ്ഞാപനവും തയാറാക്കിയ സ്‌കോര്‍ കാര്‍ഡും യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചു അഴിമതി നടത്താന്‍ പാകത്തിലാണ് തയാറാക്കിയതെന്നും ആരോപണമുണ്ട്. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നു വിരമിച്ച ഡോക്ടര്‍ ആര്‍. ചന്ദ്രബാബുവാണ് കാര്‍ഷിക സര്‍വകലാശാലയില്‍ വിസി.  

തമിഴ്‌നാട് ഭാരതിയാര്‍  വിസി യെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ കൈക്കൂലി വാങ്ങിയതിന് ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. കുറഞ്ഞത് 40 ലക്ഷമാണ് തമിഴ്നാട്ടില്‍ ഈ തസ്തികക്ക് കോഴ.  ഇപ്പോഴത്തെ രജിസ്ട്രാര്‍ ലീനകുമാരി വിരമിക്കുന്ന മെയ് 31നു മുന്‍പ് പരമാവധി നിയമനം നടത്താനാണു നീക്കമെന്നാണ് സര്‍വകലാശാലക്കുള്ളില്‍ നിന്ന് ലഭിക്കുന്ന വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.