പേര് ക്യാമ്പ് ഫോളോവേഴ്‌സ്; ജോലി ഐപിഎസുകാരുടെ അടുക്കളപ്പണി

Friday 9 March 2018 3:20 am IST

കോഴിക്കോട്: ജോലി പോലീസിലാണ് പക്ഷെ ചെയ്യുന്നത് അടിമപ്പണിയും. അലക്ക്, ഭക്ഷണം പാകം ചെയ്യല്‍, ബാര്‍ബര്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്ന,  ക്യാമ്പ് ഫോളോവേഴ്‌സ് എന്നറിയപ്പെടുന്ന വിഭാഗമാണ് ദുരിതക്കയത്തില്‍. 

 പേരിലെ സൂചന പോലെ പോലീസ് എവിടെപ്പോയാലും ഒപ്പംപോകണം. പക്ഷെ ഇപ്പോഴത്തെ ജോലി ഐപിഎസ് ഉദ്യോഗസ്ഥരുടെ വീട്ടുപണി. മുറ്റമടിക്കല്‍ മുതല്‍ പട്ടിയെ കുളിപ്പിക്കലും കക്കൂസ് കഴുകലും വരെ ചെയ്യണം. സ്ഥിരം ജീവനക്കാര്‍ ഈ ജോലിചെയ്യുന്നതില്‍ പ്രതിഷേധിച്ചതോടെ താത്കാലിക ജീവക്കാരെയാണ് അടിമപ്പണിക്ക് ഉപയോഗിക്കുന്നത്.

ഒരു ബറ്റാലിയനില്‍ 10 പേരാണ് വേണ്ടത്. ഉള്ളത് അഞ്ചില്‍ താഴെ. എട്ട് ബറ്റാലിയന്‍ ഉള്ള എസ്എപി ക്യാമ്പില്‍ അമ്പതില്‍ താഴെ ജീവനക്കാര്‍. ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെയാണ് താത്കാലിക ജീവനക്കാരെ എടുത്തത്. തിരുവന്തപുരം ജില്ലയില്‍ മാത്രം 40 പേരെ താത്കാലികമായി എടുത്തു. പക്ഷെ ഇവരെ ക്യാമ്പിലെ ജോലിക്ക് ലഭിക്കില്ല. ഇവരെ തേടി അതിരാവിലെ  ഉദ്യോഗസ്ഥരുടെ വാഹനം എത്തും. ഒപ്പം എഡിജിപി, ഡിഐജി റാങ്കില്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ വിളിയും. സ്ഥിരം ജീവനക്കാരെപ്പോലും ഭീഷണിപ്പെടുത്തി വീട്ടുജോലിക്ക് കൊണ്ടുപോകും.

രാവിലെ എട്ടിന് തുടങ്ങുന്ന ജോലി രാത്രി എട്ട് മണിക്കും അവസാനിക്കില്ല. രണ്ടും നാലും പേരാണ് ഓരോ ഉദ്യോഗസ്ഥരുടെയും വീട്ടില്‍ നിയോഗിക്കപ്പെടുക. മുറ്റമടിയും രാവിലത്തെ കാപ്പി ഉണ്ടാക്കലും കഴിഞ്ഞാ ല്‍ ഉദ്യോഗസ്ഥരുടെ ഷൂ പോളിഷ് ചെയ്ത് കാലില്‍ ഇട്ടുകൊടുക്കണം. പട്ടിയെ കുളിപ്പിച്ച് കൂട് വൃത്തിയാക്കണം. കുട്ടികളെ സ്‌കൂളില്‍ എത്തിക്കണം. മീന്‍ ഉള്‍പ്പെടെ വാങ്ങണം. ഉച്ചഭക്ഷണം തയ്യാറാക്കണം, വീട് തുടയ്ക്കണം. കക്കൂസു വൃത്തിയാക്കണം. ചെടി നനയയ്ക്കണം. അടിവസ്ത്രം ഉള്‍പ്പെടെ കഴുകണം. കുട്ടികളെ സ്‌കൂളില്‍ നിന്ന് തിരികെ വിളിക്കണം. അത്താഴം തയ്യാറാക്കണം. ഇതെല്ലാം കഴിയുമ്പോള്‍ രാത്രിഏറെ വൈകും. വനിതാ ജീവനക്കാര്‍ക്ക് വനിതാ ഉദ്യോഗസ്ഥരില്‍ നിന്നു പോലും ആ പരിഗണന ലഭിക്കാറില്ല. 

ടി.പി. സെന്‍കുമാര്‍ ഡിജിപി ആയിരുന്നപ്പോള്‍ ക്യാമ്പ് ഫോളോവേഴ്‌സിനെ വീട്ടുജോലിക്ക് ഉപയോഗിച്ചാല്‍ അവര്‍ക്കുള്ള ശമ്പളം ഉദ്യോഗസ്ഥരില്‍ നിന്ന് പിടിക്കും എന്ന് ഉത്തരവിട്ടിരുന്നു. അതോടെ വീട്ടുജോലി ചെയ്തിരുന്ന ജീവനക്കാരെ തിരികെ ക്യാമ്പിലേക്ക് അയച്ചു. ഡിജിപി മാറിയതോടെ ഉത്തരവും അട്ടിമറിച്ചു.

 നന്ദാവനം എആര്‍ ക്യാമ്പിലെ ജീവനക്കാരെ പുറത്തെ നിര്‍മാണ പണികള്‍ക്ക് പോലും ഉപയോഗിക്കുന്നു. ബറ്റാലിയനുകളിലും ട്രെയിനിങ് ബാച്ചിന് ഭക്ഷണം പാകം ചെയ്യാന്‍ പോലും ആള് തികയാതെ ഉള്ളപ്പോഴാണ് ഉദ്യോഗസ്ഥരുടെ വീട്ടിലെ അടിമപ്പണിക്ക് ജീവനക്കാരെ കൊണ്ടുപോകുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ അടിയന്തര ഘട്ടങ്ങളില്‍പോലും അവധി ലഭിക്കില്ല. അലവന്‍സ് ആനുകൂല്യങ്ങളില്‍ പകുതിപോലും നല്‍കില്ല. പോലീസ് സേനയിലാണ് ജോലിയെങ്കിലും ഇവര്‍ പോലീസിന്റെ ഭാഗമല്ല. സ്റ്റാഫ് പാറ്റേണ്‍ സേനാ രൂപീകരണ സമയത്തതേതാണ്. സര്‍വ്വീസ് റൂളിനായി കരട് രേഖ ഉണ്ടാക്കിയെങ്കിലും അതും മുക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.