700 വാഹനങ്ങളും 250 ഡ്രൈവര്‍മാരും; ഓടിയെത്താനാകാതെ അഗ്നിശമനസേന

Friday 9 March 2018 3:25 am IST
"undefined"

പാലക്കാട്: സംസ്ഥാനത്തെ അഗ്നിശമന സേനാ വിഭാഗത്തില്‍ ഡ്രൈവര്‍മാരുടെ കുറവ് സേനയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ആകെയുള്ള 126 സ്റ്റേഷനുകളിലായി എഴുനൂറോളം വാഹനങ്ങളുണ്ട.് ഇത്രയും വാഹനങ്ങള്‍ ഓടിക്കാന്‍ 750 ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍മാരും. പലതരം അവധിയെടുക്കുന്നവര്‍ കഴിച്ച് ഒരു ദിവസം ജോലിക്ക് കിട്ടുന്നത്് ശരാശരി 250 പേരെ. ഒരു വാഹനത്തിന് ഒരു ഡ്രൈവര്‍ എന്ന തോതുപോലും ഇല്ലാതെയാണ്  അപകടസ്ഥലത്തേക്ക് അഗ്നിശമനസേനയുടെ ഓട്ടം. 

ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ എന്ന തസ്തികയില്‍  ജോലിയെടുക്കുന്ന ജീവനക്കാരന് ഒരേ സമയം  മൂന്നും നാലും അധിക വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും ചുമതല വഹിക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോള്‍. അപകട സന്ദേശം ലഭിച്ചാല്‍ ഡ്രൈവറും ഒരു ഓഫീസറുമടക്കം അഞ്ചംഗസംഘമാണ് അപകടസ്ഥലത്തേക്ക പോവുക. ബാക്കിയുള്ള ജീവനക്കാര്‍ സ്റ്റേഷനില്‍ വെറുതെയിരിക്കുകയാണ് പതിവ്.  ഇതേ സമയത്ത് മറ്റൊരപകടമുണ്ടായല്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട  ഇവര്‍ക്ക്  ഡ്രൈവറില്ലാത്തതിനാല്‍  ഇതി സാധിക്കാത്ത സാഹചര്യമാണുള്ളത്. അപകട സന്ദേശം ലഭിച്ചാല്‍  മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കുകയേ വഴിയുള്ളൂ.

ഇതിന് പരിഹാരം കണണമെങ്കില്‍ വണ്‍ കാറ്റഗറി നിയമനം നടപ്പിലാക്കണമെന്നാണ് ഡ്രൈവര്‍മാരുടെ സംഘടനയുടെ ആവശ്യം. ഫയര്‍മാന്‍മാരെയും ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍മാരെയും തുല്യരീതിയില്‍ പരിഗണിക്കുന്നതാണ് വണ്‍ കാറ്റഗറി സംവിധാനം. നിലവില്‍ അക്കാദമിയില്‍ നിന്നും പരിശീലനം കഴിഞ്ഞിറങ്ങുന്ന എല്ലാവര്‍ക്കും ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സ് നല്‍കുന്നുണ്ട്. വണ്‍ കാറ്റഗറി നിയമനം നടപ്പിലാക്കുകയാണെങ്കില്‍ എല്ലാ ജീവനക്കാര്‍ക്കും വാഹനം ഓടിക്കുവാനും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാനുമുള്ള പരിശീലനം ലഭിക്കും. ഒരേ സമയം ഒന്നിലധികം അപകടസ്ഥലങ്ങളില്‍ സേവനം നടത്താനാകും.

ലാഭിക്കാം 1.25കോടി 

വണ്‍ കാറ്റഗറി നിയമനം നടപ്പിലാക്കിയാല്‍ സര്‍ക്കാരിന്  ശമ്പളം കൊടുക്കുന്ന വകയില്‍ ഒരുവര്‍ഷം കുറഞ്ഞത് 1.25 കോടി ലാഭിക്കാം. 38 ജീവനക്കാരുള്ള ഒരു അഗ്‌നി രക്ഷാ നിലയത്തില്‍ എല്ലാ ജീവനക്കാര്‍ക്കും സ്‌പെഷ്യല്‍ അലവന്‍സും(330) ,കോമ്പന്‍സേറ്ററി അലവന്‍സും(100) നല്കുമ്പോള്‍ വരുന്ന ആകെ ചെലവ് 16340 രൂപയാണ്. ഈ തസ്തികയിലേക്ക് പുതുതായി ജീവനക്കാരെ നിയമിക്കുമ്പോള്‍ നല്‍കേണ്ടിവരുന്ന അടിസ്ഥാന ശമ്പളം 20000 രൂപയാണ്.

അലവന്‍സ് ഫയര്‍മാന് 4697 രൂപയും, ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ക്ക് 5127 രുപയുമാണ്. ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്ററുടെ ശമ്പളവും അലവന്‍സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ലാഭം മാസം 8787 രൂപയാണ്.

സ്വന്തം നിലയത്തിലെ വാഹനം ഉപയോഗപ്പെടുത്താതെ മറ്റു നിലയങ്ങളില്‍ നിന്നും വാഹനം വരുത്തുമ്പോള്‍ ജീവനക്കാരുടെ ടിഎ, വാഹനത്തിന്റെ ഇന്ധനച്ചെലവ്, തേയ്മാന ചെലവ് എന്നിവയ്ക്കായി സര്‍ക്കാര്‍ ചെലവാക്കുന്നത് ലക്ഷങ്ങളാണ്.ഇതെല്ലാം കണക്കാക്കിയാല്‍ ഒരു വര്‍ഷം കുറഞ്ഞത് ഒന്നേകാല്‍ കോടി രൂപയോളം സര്‍ക്കാര്‍ ഖജനാവിന് ലാഭിക്കാനാവും. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ഇടതു വലതു സര്‍വീസ് സംഘടനകളുടെ  ആധിപത്യമാണ് സേനയിലുള്ളത്. ഇവരുടെ താത്പര്യങ്ങളെ മറികടക്കാനുള്ള ഇച്ഛാശക്തി  വകുപ്പു ദ്യോഗസ്ഥര്‍ക്കില്ലെന്നാണ് വസ്തുത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.