ഇന്‍സ്ട്രുമെന്റേഷന്‍ പാലക്കാട് യൂണിറ്റ് കൈമാറ്റം പുനഃപരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Friday 9 March 2018 3:35 am IST

ന്യൂദല്‍ഹി: ഇന്‍സ്ട്രുമെന്റേഷന്‍ പാലക്കാട് യൂണിറ്റ് സംസ്ഥാന സര്‍ക്കാരിന് കൈമാറാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാലക്കാട് യൂണിറ്റ് കേന്ദ്രപൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങ് അറിയിച്ചു. 

 ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രഖനവ്യവസായ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കും.അടച്ചുപൂട്ടുന്ന രാജസ്ഥാനിലെ കോട്ട യൂണിറ്റിലെ ജീവനക്കാര്‍ക്ക് 2007 ലെ ശമ്പള പരിഷ്‌ക്കരണത്തോടുകൂടി ആനുകൂല്യങ്ങള്‍ നല്‍കാനായി 742 കോടി രൂപ കേന്ദ്രംഅനുവദിച്ചു. പക്ഷെ 162 കോടി രൂപ ലാഭമുണ്ടാക്കിയ പാലക്കാട് യൂണിറ്റില്‍ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയിട്ടില്ലെന്നും തൊഴിലാളി പ്രതിനിധിസംഘത്തോടൊപ്പമെത്തിയ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം വി. മുരളീധരന്‍  കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. പാലക്കാട് യൂണിറ്റിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാന്‍ 48 കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു. 

രാജ്യത്ത് സ്ഥാപിക്കുന്ന പന്ത്രണ്ടോളം ആണവ നിലയങ്ങള്‍ക്കാവശ്യമായ ന്യൂക്ലിയര്‍ വാല്‍വുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി പാലക്കാട് യൂണിറ്റിനുണ്ടെന്നും സ്ഥാപനം കേന്ദ്രപൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നും പ്രതിനിധിസംഘം ആവശ്യപ്പെട്ടു. എംപ്ലോയീസ് സംഘ് ഭാരവാഹികളായ കെ. കൃഷ്ണകുമാര്‍, വി. അച്യുതന്‍ കുട്ടി എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്ത് വിഷയത്തില്‍ ഏത്രയും വേഗം തീരുമാനം എടുക്കുമെന്ന് കേന്ദ്രഖനവ്യവസായ സഹമന്ത്രി ബാബുല്‍ സുപ്രിയോ പ്രതിനിധിസംഘത്തെ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.