'ആളൊരുക്ക'ത്തിലെ പപ്പുവാശാന്‍

Friday 9 March 2018 3:50 am IST
"undefined"

'ആളൊരുക്ക'ത്തിലെ പപ്പുപിഷാരടിയായി മാറാന്‍ ഇന്ദ്രന്‍സിന് അത്രയൊന്നും പരിശ്രമിക്കേണ്ടിവന്നിരിക്കില്ല. പപ്പു പിഷാരടിയെ അഭിനയ ജീവിതത്തിലെ വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായി അദ്ദേഹം കാണുന്നുമില്ല. അതിലുമെത്രെയോ ശ്രമകരമായ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കിയിട്ടുണ്ട്, ഇന്ദ്രന്‍സിലെ നടന്‍. അപ്പോത്തിക്കിരിയിലെ ജോസഫും കഥാവശേഷനിലെ കള്ളനും പിന്നെയും എന്ന ചിത്രത്തിലെ കുട്ടനും ഇന്ദ്രന്‍സ് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളാണ്.  അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. എം.പി.സുകുമാരന്‍നായര്‍ സംവിധാനം ചെയ്ത 'രാമാന'ത്തിലെ അഭിനയത്തിന് ജോണ്‍ഏബ്രഹാം പുരസ്‌കാരവും ലഭിച്ചു. 

ശുദ്ധരില്‍ ശുദ്ധന്‍, ദൃഷ്ടാന്തം, മണ്‍ട്രോതുരുത്ത്, പാതി, ഗോഡ്‌സെ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, ലീല, പൊട്ടാസ് ബോംബ്, പേരറിയാത്തവര്‍, ലോന തുടങ്ങിയ ചിത്രങ്ങളിലെ ഇന്ദ്രന്‍സിന്റെ പ്രകടനം മികച്ച മറ്റേതൊരു നടനെയും പിന്തള്ളുന്നതായിരുന്നു. അതിനാല്‍ തന്നെ, ഇപ്പോള്‍ നിരവധിയായ നടന്മാരെ പിന്തള്ളി മലയാളത്തിലെ മികച്ച നടനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അതില്‍ ഒട്ടും അദ്ഭുതത്തിന് വകയില്ല.

ആളൊരുക്കത്തിലെ ഓട്ടന്‍തുള്ളല്‍ കലാകാരനായി ഇന്ദ്രന്‍സ് അദ്ഭുതാഭിനയമാണ് കാഴ്ചവച്ചതെന്നാണ് ജൂറിയുടെ വിലയിരുത്തല്‍. പപ്പുവാശാന്റെ ജീവിതത്തിനൊപ്പം ലോകത്തിന്റെ മാറ്റം കൂടിയാണ് 'ആളൊരുക്കം' പറഞ്ഞു തരുന്നത്. 36 വര്‍ഷമായി ഇന്ദ്രന്‍സ് എന്ന സുരേന്ദ്രന്‍ മലയാള സിനിമയില്‍ എത്തിയിട്ട്. വസ്ത്രാലങ്കാരത്തില്‍ തുടങ്ങി അഭിനേതാവായി മാറിയ ഇന്ദ്രന്‍സ് അഞ്ഞൂറിലധികം സിനിമകളില്‍ ഇതിനോടകം വേഷമിട്ടു. ഹാസ്യതാരമായി തുടങ്ങി സ്വഭാവ നടനിലേക്കുള്ള മാറ്റം മലയാളി പ്രേക്ഷകനെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. 

''കൊതിയോടെയാണ് സിനിമയിലെത്തിയത്. സിനിമയില്‍ നിന്നു ലഭിക്കുന്നതിലൊന്നും എനിക്ക് അമിതാവേശമില്ല. സിനിമ മാത്രം മതി. നല്ല സംവിധായകരുടെ കൂടെ സഹകരിക്കാന്‍ പറ്റി. അഭിനേതാക്കളുടെ ഒരു നല്ല കൂട്ടുകിട്ടി. എല്ലാം ഭാഗ്യമാണ്. ഇങ്ങനെയങ്ങ് പോകണം. നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയണം. സാധാരണക്കാരനായി ജീവിക്കണം. അതു മാത്രമാണാഗ്രഹം''. സംസ്ഥാനത്തെ മികച്ച നടനായി തെരഞ്ഞെടുത്തെടുത്തതിലുള്ള അമിത സന്തോഷം ഒന്നുമില്ലാതെ അദ്ദേഹം പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.