കസ്തൂരി മണമുള്ള പാട്ടുകള്‍ക്ക് വൈകി വന്ന അംഗീകാരം

Friday 9 March 2018 3:40 am IST

പള്ളുരുത്തി: ഒന്നിനൊന്നു കിടപിടിക്കുന്ന പാട്ടുകളാണ് അര്‍ജ്ജുനന്‍ മാഷിന്റെ സംഗീതത്തില്‍ പിറവിയെടുത്തിട്ടുള്ളത്. 1970കള്‍ മാഷിന്റെ സുവര്‍ണ്ണകാലമായിരുന്നു. സംഗീതപ്രേമികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന പിക്‌നിക് എന്ന ചിത്രത്തിലെ കസ്തൂരി മണക്കുന്നല്ലോ എന്ന ഒറ്റ ഗാനം മതി അര്‍ജുനന്‍ മാഷിന്റെ സംഗീതത്തെ നെഞ്ചോട് ചേര്‍ത്തുവെക്കാന്‍.

 175 മലയാള ചിത്രങ്ങളിലായി മുന്നൂറോളം പാട്ടുകള്‍ മാഷിന്റെ സംഗീതത്തില്‍ പുറത്തുവന്നു. ഓരോ പാട്ടും മലയാളി ഏറ്റു പാടി. യദുകുല രതിദേവനെവിടെ, പാടാത്ത വീണയും പാടും, നിന്മണിയറയിലെ, തളിര്‍ വലയോ താമര വലയോ, തിരുവോണപുലരിതന്‍, സുഖമൊരു ബിന്ദു...  തുടങ്ങിയ പാട്ടുകള്‍ അതില്‍ ചിലതു മാത്രം. 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കിട്ടിയെന്നറിഞ്ഞപ്പോള്‍ മാഷിന്റെ ആദ്യ പ്രതികരണം ഇങ്ങനെ. മുഴുവന്‍ നേട്ടവും ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു. അര നൂറ്റാണ്ടായി ഞാന്‍ സിനിമാ സംഗീതമേഖലയിലുണ്ട്. എന്റെ എല്ലാ ഗാനങ്ങളും നല്ലതെന്ന വിശ്വാസമാണ് എനിക്കുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പുരസ്‌കാരം തനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭയാനകം എന്ന ചിത്രത്തില്‍ മാഷ് സംഗീതം നല്‍കിയ ഗാനങ്ങള്‍ക്കാണ് അവാര്‍ഡ് കിട്ടിയത്. 

അവാര്‍ഡ് പ്രഖ്യാപിച്ച വാര്‍ത്ത ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ പള്ളുരുത്തി പാര്‍വ്വതി മന്ദിരത്തിലേക്ക് നാട്ടുകാരും ആരാധകരും ഒഴുകിയെത്തി. കഴിഞ്ഞ ഒന്നിന് മാസ്റ്ററുടെ 82-ാം പിറന്നാളായിരുന്നു. അവാര്‍ഡ് പ്രഖ്യാപനംവന്നതോടെ പിറന്നാള്‍ മാസം ഇരട്ടി മധുരമായി മാറി. 

ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത ഭയാനകത്തിലെ ഗാനങ്ങള്‍ നവാഗതരായ ഡോ: രശ്മി, കലാഭവന്‍ സാബു, കൊല്ലം സുഭാഷ് എന്നിവരാണ് പാടിയത്. കുട്ടനാടന്‍ കാറ്റ് ചോദിക്കുന്നു വെള്ളോട്ടുകായല്‍ ചോദിക്കുന്നു, നിന്നെ തൊടും നിലാവ് എന്നെയും തൊട്ടത് നീയറിഞ്ഞോ, വടക്കനാം മാനതോപ്പില്‍ മഴച്ചന്തം കണ്ടേനല്ലോ തുടങ്ങിയ മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ശ്രീകുമാരന്‍ തമ്പിയാണ് ഗാനരചന നിര്‍വഹിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.