ഭരണത്തിലെത്തിയപ്പോള്‍ ഇ. ശ്രീധരന്‍ വേണ്ട എല്‍ഡിഎഫിന്റെ ഇരട്ടത്താപ്പ് പുറത്ത്

Friday 9 March 2018 4:00 am IST

കൊച്ചി: ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പിന്മാറിയതോടെ എല്‍ഡിഎഫ് പ്രതിക്കൂട്ടില്‍. ഇടത് സര്‍ക്കാരിന്റെ താത്പര്യമില്ലായ്മയും അലംഭാവവും മൂലമാണ് ശ്രീധരന്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ശ്രീധരന് പിന്തുണ കൊടുത്തവര്‍ ഭരണപക്ഷത്തായപ്പോള്‍ ശ്രീധരനെ തള്ളിപ്പറഞ്ഞതാണ് വിമര്‍ശനത്തിനിടയാക്കിയത്. 

കൊച്ചി മെട്രോയുടെ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം ആരോപിച്ചിരുന്നു. കെ.വി തോമസിന്റെ നേതൃത്വത്തില്‍ ദല്‍ഹി കേന്ദ്രീകരിച്ചാണ് ശ്രീധരനെ ഒഴിവാക്കാന്‍ ഗൂഢാലോചന നടന്നതെന്നായിരുന്നു ആരോപണം. ഇതിനെതിരെ കൊച്ചിയില്‍ മനുഷ്യമതില്‍ തീര്‍ത്തത് സിപിഎം നേതൃത്വത്തില്‍ സമരവും നടത്തി. സ്വകാര്യ കമ്പനിയെ കരാര്‍ ഏല്‍പ്പിച്ച് കമ്മീഷന്‍ കൈപ്പറ്റാനാണ് ശ്രീധരനെ ഒഴിവാക്കുന്നതെന്നായിരുന്ന പ്രചാരണം. ഇടത് പ്രതിഷേധം ഉയര്‍ന്നതോടെ കേരളം ഒന്നടങ്കം ശ്രീധരനെ തന്നെ കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നു. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ തന്നെ മെട്രോ നിര്‍മ്മാണം ആരംഭിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. 

കൊച്ചി മെട്രോയ്ക്കായി ശ്രീധരന്‍ വേണമെന്ന് വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. എന്നാല്‍, ലൈറ്റ് മെട്രോയില്‍ ശ്രീധരനെ തഴയാന്‍ ഇടത് സര്‍ക്കാറും ഉദ്യോഗസ്ഥ ലോബിയും ശ്രമിക്കുമ്പോള്‍, അന്ന് മുറവിളി കൂട്ടിയവര്‍ മലക്കം മറിയുന്ന കാഴ്ചയാണിപ്പോള്‍. ലൈറ്റ് മെട്രോ കരാറില്‍ സര്‍ക്കാര്‍ ഒപ്പിടാത്തതിനാല്‍ പണി തുടങ്ങാന്‍ കഴിയാതെ വന്നതോടെയാണ് ശ്രീധരന്റെ പിന്മാറ്റം. ശ്രീധരനെ ഒഴിവാക്കി സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ച് കോടികള്‍ കമ്മീഷന്‍ കൈപ്പറ്റാനുള്ള ഇടത് ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് സംശയമുയരുന്നത്. 

ഇടത് സര്‍ക്കാറിന്റെ നീക്കത്തില്‍ ഇ. ശ്രീധരനും സംശയമുണ്ടായിരുന്നു. ഡിഎംആര്‍സി ഏറ്റെടുത്ത ജോലികള്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ 20 മുതല്‍ 25 ശതമാനം വരെ കുറവില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന. മറ്റൊരു കമ്പനി വന്നാലും കുറഞ്ഞ നിരക്കില്‍ ലൈറ്റ് മെട്രോയുടെ പ്രവൃത്തി ചെയ്യാന്‍  കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.