ശ്രീജിത്തിന്റെ പത്തു കോടി തട്ടിപ്പ് തെളിവുകള്‍ കോടതിയില്‍

Friday 9 March 2018 3:27 am IST

കൊല്ലം: ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് 10 കോടിരൂപ തട്ടിയെടുത്ത കേസില്‍ പരാതിക്കാരന്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. 

 14 രേഖകളാണ് ഇടപ്പോണ്‍ ഐരാണിക്കുടി അശ്വതി ഭവനില്‍ രാഹുല്‍കൃഷ്ണ  മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ ശ്രീജിത്തോ അഭിഭാഷകനോ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ചിലവിനത്തില്‍ ശ്രീജിത്ത്  500 രൂപ രാഹുല്‍ കൃഷ്ണയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കേസ്  24ന് വീണ്ടും പരിഗണിക്കും.  82 തവണയായിട്ടാണ് 10 കോടി രൂപ ശ്രീജിത്തിന് നല്‍കിയതെന്നും രാഹുല്‍ കോടതിയെ അറിയിച്ചു.  10 കോടിരൂപ വാങ്ങിയ ശേഷം ചെക്ക് നല്‍കി കബളിപ്പിച്ചെന്ന് ആരോപിച്ച് 2016 ഡിസംബര്‍ 24നാണ് രാഹുല്‍ കൃഷ്ണ അഡ്വ: ജോസഫ് ജോര്‍ജ് മുഖേന ഹര്‍ജി നല്‍കിയത്. കഴിഞ്ഞ മാസം  കേസ് പരിഗണിച്ചപ്പോള്‍ ധാരണ പ്രകാരം ഇരു അഭിഭാഷകരും ഒത്തുതീര്‍പ്പ് സന്നദ്ധത കോടതിയെ അറിയിച്ചിരുന്നു. 

ഇടനിലക്കാര്‍ മുഖേന ചര്‍ച്ചകള്‍ നടത്തിയെങ്കിലും ധാരണയില്‍ എത്തിയില്ല. ഒത്തുതീര്‍പ്പ് സാധ്യത മങ്ങിയതോടെയാണ് കേസുമായി മുന്നോട്ടുപോകാന്‍ രാഹുല്‍ കൃഷ്ണ തീരുമാനിച്ചത്. 2013 മുതല്‍ പലപ്പോഴായി ദുബായിലും ചവറയിലെ വീട്ടില്‍ വച്ചുമാണ് ശ്രീജിത്ത് രാഹുല്‍ കൃഷ്ണയില്‍ നിന്ന് പത്ത് കോടി രൂപ വാങ്ങിയത്. 2015 ജൂണിനു മുന്‍പു തിരിച്ചു നല്‍കാമെന്നായിരുന്നു ഉറപ്പ്. പണം നല്‍കാതെ ചെക്ക് നല്‍കി ശ്രീജിത്ത് കബളിപ്പിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.