അഞ്ചല്‍ ബൈപ്പാസ് നിര്‍മാണം ഇഴയുന്നു

Friday 9 March 2018 12:15 pm IST

 

അഞ്ചല്‍: കിഴക്കന്‍ മലയോര ഗ്രാമങ്ങളുടെ വികസനക്കുതിപ്പിനും വര്‍ധിച്ചു വരുന്ന  ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവും ആകുമായിരുന്ന അഞ്ചല്‍ ബൈപ്പാസ് നിര്‍മാണം ഇഴയുന്നു. എല്ലാം ശരിയാക്കിത്തരാം എന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തിലെത്തിയ ഇടതുമുന്നണി ഭരണത്തില്‍ ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയ്ക്ക് ഒരു മന്ത്രിയെ കിട്ടിയെങ്കിലും സ്വതസിദ്ധമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയും കെടുകാര്യസ്ഥതയും മൂലം ബൈപാസ് നിര്‍മാണം ഒച്ചിഴയും വേഗത്തിലായി.

അഞ്ചല്‍ പട്ടണത്തിലെ അനിയന്ത്രിതമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനായി 2002ലാണ് അഞ്ചല്‍ -ആയൂര്‍ റോഡിലെ കുരിശ്ശു മുക്കില്‍ നിന്ന് പടിഞ്ഞാറ്റിന്‍ കര, പനയഞ്ചേരി, ചീപ്പുവയല്‍ വഴി പുനലൂര്‍ റോഡിലെ സെന്റ്‌ജോര്‍ജ് സ്‌കൂളിന് മുന്നില്‍ എത്തിച്ചേരുന്ന രീതിയില്‍ 2160 മീറ്റര്‍ നീളവും പതിനെട്ട് മീറ്റര്‍ വീതിയിലുമുള്ള ബൈപാസ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പതിനാലര കോടിരൂപ നിര്‍മാണ ചെലവ് പ്രതീക്ഷിച്ച ബൈപ്പാസിന്റെ പ്രാരംഭ നിര്‍മാണത്തിന് രണ്ട് കോടി ഇരുപത് ലക്ഷം രൂപ അനുവദിച്ചിരുന്നു. പിന്നീട് തുടര്‍ പ്രവര്‍ത്തനത്തിനായി ഏഴ് കോടി രൂപയും അനുവദിച്ചു. എന്നാല്‍  മണ്‍വേല മാത്രമേ ഇതുവരെ പൂര്‍ത്തിയായുള്ളൂ. ഒന്‍പതര കോടിരൂപ കിഫ്ബിയില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ്. സ്ഥലം എംഎല്‍എ കൂടിയായ അഡ്വ.കെ.രാജു മന്ത്രി സഭയിലെത്തിയിട്ടും ബൈപ്പാസിനായി ബജറ്റ് വിഹിതം അനുവദിക്കുന്നതില്‍ പരാജയപ്പെട്ടു. പാറയുടെയും മെറ്റലിന്റെയും ദൗര്‍ലഭ്യതയാണ് ഇപ്പോള്‍ പണിക്ക് താമസമായി പറയുന്നത്. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.