ജനപക്ഷയാത്ര രാഷ്ട്രീയ ഗതിമാറ്റത്തിന്: ജി.ഗോപിനാഥ്

Friday 9 March 2018 12:20 pm IST

 

 

പത്തനാപുരം: ജനപക്ഷയാത്ര മലയോരമേഖലയിലെ രാഷ്ട്രീയഗതി മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ജി.ഗോപിനാഥ്. 

ആര്യങ്കാവില്‍ ബിജെപി പുനലൂര്‍, പത്തനാപുരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള മലയോര ജനപക്ഷ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പറച്ചിലും പ്രവര്‍ത്തിയും തമ്മില്‍ ഏറെ അന്തരമുണ്ട്. പുനലൂരിലെ പ്രവാസിവ്യവസായി സുഗതന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. 

കേരളത്തില്‍ നടക്കുന്ന ചെറുകിട സംരംഭക ചൂഷണത്തിന്റെ അവസാന ഉദാഹരണമാണ് സുഗതന്‍. കേരളത്തില്‍ നടക്കുന്ന ഈ ചൂഷണം പൊതുജനമധ്യത്തില്‍ തുറന്നുകാട്ടാനാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. മണലാരണ്യങ്ങളില്‍ പണിയെടുക്കുന്ന ലക്ഷകണക്കിന് മലയാളികളുടെ കഠിനാധ്വാനത്തിന്റേയും സ്വപ്‌നങ്ങളുടേയും പുറത്താണ് സിപിഐ കൊടി കുത്തിയത്. ഇത്തരത്തില്‍ ഓരോ കൊടി കുത്തുമ്പോഴും ആയിരകണക്കിന് ജനമനസ്സുകളില്‍ നിന്ന് ചെങ്കൊടി ഇളകിതെറിക്കുകയാണെന്നും ഗോപിനാഥ് പറഞ്ഞു. വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തി യാത്ര 11ന് പുനലൂരില്‍ സമാപിക്കും.

ജില്ലാ സെക്രട്ടറി ആയൂര്‍ മുരളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷ ബി.രാധാമണി, ജില്ലാ ജനറല്‍ സെക്രട്ടറി സുജിത് സുകുമാരന്‍, ജാഥാ ക്യാപ്ടന്‍മാരായ എസ്.ഉമേഷ് ബാബു, വിളക്കുടി ചന്ദ്രന്‍, ബിജെപി ജില്ലാ സെക്രട്ടറി വയക്കല്‍ സോമന്‍, വി.എസ് ജിതിന്‍ ദേവ്, മാമ്പഴത്തറ സലീം, സുഭാഷ് പട്ടാഴി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.