കാര്‍ത്തിയുടെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞു

Friday 9 March 2018 4:35 pm IST
"undefined"

ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കത്തെ ദല്‍ഹി ഹൈക്കോടതി വിലക്കി. മാര്‍ച്ച് 20നാണ് കേസ് പരിഗണിക്കുന്നതുവരെയാണ് അറസ്റ്റിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ത്തിയുടെ ഹര്‍ജിയിന്‍മേല്‍ കോടതി ഇഡിക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി ഹര്‍ജി ഹൈക്കോടതിക്ക് കൈമാറി. ഈ ഹര്‍ജി പരിഗണിക്കവെയാണ് കാര്‍ത്തി ചിദംബരത്തിന് ആശ്വാസകരമാകുന്ന വിധി കോടതി പുറപ്പെടുവിച്ചത്. കാര്‍ത്തി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി ഇന്നലെ അവസാനിക്കാനിരിക്കെയാണ് കോടതി വിധി. 

അതേസമയം കോടതി കാര്‍ത്തി ചിദംബരത്തിന്റെ സിഎ എസ്.ഭാസ്‌കരരാമന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി മാര്‍ച്ച് 22 വരെ നീട്ടി. കഴിഞ്ഞ വര്‍ഷം മേയ് 15നു സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണു കാര്‍ത്തിയെ അറസ്റ്റ് ചെയ്തത്. ഇഡി സാമ്പത്തിക തട്ടിപ്പു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലെ അറസ്റ്റാണ് താല്‍ക്കാലികമായി ഒഴിവായത്.

വിദേശത്തുനിന്നു നിയമവിരുദ്ധമായി 305 കോടി രൂപയുടെ നിക്ഷേപം നേടിയതുള്‍പ്പെടെ ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമ സ്ഥാപനം നടത്തിയ ക്രമക്കേടുകള്‍ ഒതുക്കാന്‍ കോഴ വാങ്ങിയെന്നാണ് കാര്‍ത്തിക്കെതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഫെബ്രുവരി 28ന് അറസ്റ്റ് നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.