മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

Friday 9 March 2018 6:29 pm IST

ഇസ്ലാമബാദ് : പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ പാക് പ്രത്യേക കോടതി ഉത്തരവിട്ടു. രാജ്യദ്രോഹ കുറ്റം ചുമത്തി മുഷറഫിന്റെ സ്വത്തു വകകള്‍ കണ്ടുകെട്ടാനും  ഉത്തരവിട്ടിട്ടുണ്ട്. 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. 

പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് യാഹ്യ അഫ്രിദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പാക്കിസ്ഥാനില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്  നൂറോളം മുതിര്‍ന്ന ജഡ്ജിമാരെ മുഷറഫ് ജയിലില്‍ അടച്ചിരുന്നു. അതിനിടെ മുഷറഫിന്റെ കുടുംബത്തിന്റെ പക്കലുള്ള ഏഴ് സ്വത്തു വകകളില്‍ നാലെണ്ണവും മുഷറഫിന്റെ പേരിലാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 

വധശിക്ഷയോ, ജീവപര്യന്തമോ ലഭിക്കത്തക്ക വിധത്തിലുള്ള കുറ്റങ്ങളാണ് മുഷറഫിനെതിരെ ചുമത്തിയിരിക്കുന്നത്. വിശദമായ വാദത്തിനായി മുഷറഫിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രോസിക്യൂട്ടര്‍ അക്രം ഷേയ്ഖ് കോടതിയില്‍ ആവശ്യപ്പെട്ടു. അധികാരം നഷ്ടമായതിനെ തുടര്‍ന്ന് 2016 മാര്‍ച്ചിലാണ് മുഷറഫ് ദുബായിയിലേക്ക് കടക്കുന്നത്. മെയില്‍ നിയമത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ മുഷറഫ് ഒളിച്ചുകടന്നതായും പാക് കോടതി കേസെടുത്തിട്ടുണ്ട്. 

അതിനിടെ മുഷറഫിനെ പാക്കിസ്ഥാനിലേക്ക് തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ചും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എഫ്‌ഐഎ)യോടും കോടതി ആരാഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ആദ്യം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് എഫ്‌ഐഎ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. കൂടാതെ വാറണ്ട് ഉള്‍പ്പടെ പുറപ്പെടുവിച്ചിട്ടും ഇന്റര്‍പോള്‍ ബന്ധപ്പെടാത്തത് എന്താണെന്നും യുഎഇയുമായി ഇതു സംബന്ധിച്ചുള്ള നിയമ നടപടികള്‍ തേടാനും കോടതി എഫ്‌ഐഎയ്ക്ക് നിര്‍ദ്ദേശം നല്‍കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.