മോഹവിലയ്ക്ക് കുരുമുളക് വാങ്ങുന്ന സംഘം കോടികള്‍ പറ്റിച്ച് മുങ്ങി

Friday 9 March 2018 2:46 am IST

കല്‍പ്പറ്റ: മോഹവിലക്ക് കുരുമുളക് വാങ്ങുന്ന സംഘം കര്‍ഷകരെ പറ്റിച്ച് മുങ്ങി. തട്ടിപ്പ് നടത്തിയ വ്യാപാരിസംഘത്തിനെതിരെ കര്‍ഷകര്‍ രംഗത്ത്. പാക്കം സ്വദേശി ജിതിന്‍ വി.പിയുടെ നേതൃത്വത്തിലുള്ള വ്യാപാരി സംഘത്തിനെതിരെ കര്‍ഷകര്‍ പോലീസില്‍ പരാതി നല്‍കി. 

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് സംഘം മലയോര ജില്ലകളില്‍ നടത്തിയത്. കണ്ണൂരും, കാസര്‍ഗോഡും സമാനമായ തട്ടിപ്പ് നടത്തിയ ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കുന്നതില്‍ പോലീസ് വൈമനസ്യം കാണിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു. 380 ടണ്‍ കുരുമുളക് വയനാട് ജില്ലയില്‍ നിന്ന് മാത്രം തട്ടിച്ചതായാണ് ഏകദേശ കണക്ക്.

പള്ളികളും, കന്യാസ്ത്രീ മഠങ്ങളും കേന്ദ്രീകരിച്ച് കുരുമുളകിന് അധിക വില നല്‍കിയാണ് തട്ടിപ്പിന്റെ തുടക്കം. മാര്‍ക്കറ്റ് വിലയേക്കാല്‍ 150 രൂപ കൂട്ടി നല്‍കി കുരുമുളക് വാങ്ങുമെന്ന മോഹന വാഗ്ദാനത്തില്‍ കര്‍ഷകര്‍ വീഴുകയായിരുന്നു. ആദ്യസമയത്ത് രൊക്കം പണം നല്‍കി. പിന്നിട് സമയം പറഞ്ഞ് പണം നല്‍കി. ഒടുവില്‍ ചെക്ക് നല്‍കി മുങ്ങി. കര്‍ഷകരില്‍ നിന്ന് കുരുമുളക് വാങ്ങുന്നതിന് ഇയാളോടൊപ്പം  പ്രവര്‍ത്തിച്ചിരുന്ന സംഘം പണം നല്‍കാതെ കൈ മലര്‍ത്തുകയാണ്. പലയിടങ്ങളിലും ഇവരുടെ നേതൃത്വത്തില്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. ചില ഓഫീസുകളില്‍ കുരുമുളകിന് പുറമേ കാപ്പിയും  ശേഖരിച്ചിരുന്നു. 

ഡിസംബറിന് ശേഷം സംഘം വിതരണം നടത്തിയ ചെക്കില്‍ ഒന്നുപോലും പാസായില്ല. തുടര്‍ന്നാണ്  കര്‍ഷകര്‍ പരാതിയുമായി രംഗത്തെത്തിയത്. 150 കര്‍ഷകരില്‍ നിന്നുശേഖരിച്ച കുരുമുളകിന്  മൂന്ന് കോടി രുപയാണ് മതിപ്പ് വില.  വ്യാപാരി സംഘത്തിലെ പ്രധാനി ജിതിന്‍ ഇപ്പോള്‍ വടകരയിലാണ് താമസം. പോലീസ് ഇയാളേയും കൂട്ടാളികളേയും സംരക്ഷിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.