ലെനിന്‍ പ്രതിമ തകര്‍ത്തത് സിപിഎം

Friday 9 March 2018 8:04 pm IST

ന്യൂദല്‍ഹി: ത്രിപുരയില്‍ റഷ്യന്‍ വിപ്ലവ നേതാവ് ലെനിന്റെ പ്രതിമ തകര്‍ത്തത് സിപിഎം പ്രവര്‍ത്തകര്‍. അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനായ ഉത്തം സാഹയുടെ നേതൃത്വത്തിലാണ് ബെലോണിയ ഈശ്വര്‍ചന്ദ കോളേജ് പരിസരത്തെ പ്രതിമ ജെസിബി ഉപയോഗിച്ച് തകര്‍ത്തതെന്ന് പ്രാദേശിക പത്രം 'ത്രിപുര ഒബ്‌സര്‍വ്വര്‍' റിപ്പോര്‍ട്ട് ചെയ്തു.  ജെസിബി ഡ്രൈവര്‍ക്കൊപ്പം അറസ്റ്റിലായ രാജു നാഥ് മുന്‍ സിപിഎം പ്രവര്‍ത്തകനാണെന്ന് സിപിഎം അനുകൂല ദേശീയ മാധ്യമമായ 'ദ ഹിന്ദു'വിന്റെ റിപ്പോര്‍ട്ടിലും പറയുന്നു.

പ്രതിമ തകര്‍ക്കാന്‍ അഞ്ച് പേര്‍ നേതൃത്വം നല്‍കുന്നതായാണ് പോലീസ് ശേഖരിച്ച വീഡിയോയിലുള്ളത്. ഇതില്‍ മണിക് ദാസ് എന്നയാള്‍ നേരത്തെ ഇതേ സ്ഥലത്തുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തതില്‍ പങ്കാളിയാണെന്നും 'ദ ഹിന്ദു' ചൂണ്ടിക്കാട്ടുന്നു. 1988ല്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയപ്പോള്‍ ത്രിപുര വിട്ട ഇയാള്‍ 1993ല്‍ സിപിഎം ജയിച്ചപ്പോള്‍ തിരിച്ചെത്തി. ജെസിബി ഉടമസ്ഥന്‍ സുമന്‍ മസുംദാര്‍, ഉത്തം സാഹ എന്നിവരോട് പോലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടതായും 'ഹിന്ദു' വിശദീകരിക്കുന്നു. 

മുന്‍ സിപിഎമ്മുകാരനായ കാലാ മാണിക്യയെന്ന മണിക് ദാസ് പ്രദേശത്തെ ക്രിമിനലാണെന്ന് 'ത്രിപുര ഒബ്‌സര്‍വ്വര്‍' പറയുന്നു. രാജു നാഥാണ് തന്നെ വാടകക്ക് വിളിച്ചതെന്ന് അറസ്റ്റിലായ ജെസിബി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.പ്രതിമ തകര്‍ത്തത് ബിജെപി പ്രവര്‍ത്തകരാണെന്നാണ് സിപിഎം ആരോപിച്ചിരുന്നത്. പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ വ്യാജ പ്രചാരണം പൊളിഞ്ഞു.  

പ്രതിമ തകര്‍ത്തതുമായി ബന്ധമില്ലെന്ന് സംസ്ഥാന ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞു. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ നടപടിക്ക് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ പണമുപയോഗിച്ച് വിദേശിയായ ലെനിന്റെ പ്രതിമ നിര്‍മ്മിച്ചതിനെ ബിജെപി കുറ്റപ്പെടുത്തുകയും ചെയ്തു. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരുടെ പ്രതിമകളാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സംസ്ഥാന വക്താവ് മൃണാല്‍ കാന്തി ദേവ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.