ചേര്‍ത്തല- തണ്ണീര്‍മുക്കം റോഡില്‍ കയര്‍ ഭൂവസ്ത്രം വിരിക്കല്‍ തുടങ്ങി

Saturday 10 March 2018 1:09 am IST


ചേര്‍ത്തല: ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡില്‍ കയര്‍ഭൂവസ്ത്രം വിരിക്കുവാന്‍ തുടങ്ങി. ചേര്‍ത്തലതണ്ണീര്‍മുക്കം റോഡില്‍ കുണ്ടുവളവ് മുതല്‍ ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് കയര്‍ഭൂവസ്ത്രം വിരിക്കുന്നത്.
 ചതുപ്പ് പ്രദേശമായതിനാല്‍ റോഡ് താഴ്ന്ന് പോവുന്നത് തടയുന്നതിനും കയര്‍ഭൂവസ്ത്രത്തിന്റെ പാളിയിലൂടെ വെള്ളം വാര്‍ന്നു പോകുന്നതിനുമാണ് ഇത് ഉപയോഗിക്കുന്നത്. കയര്‍ഭൂവസ്ത്രത്തിന്റെ മുകളില്‍ മെറ്റല്‍ മിക്‌സും രണ്ട് പാളി ടാറിങും നടത്തും.
 രണ്ട് ഘട്ടമായി പണി നടക്കുന്ന റോഡില്‍ രണ്ടാം ഘട്ടത്തിലുള്‍പ്പെടുന്ന പ്രദേശമാണിത്. അതേസമയം ആദ്യഘട്ടത്തിലുള്ള ഭാഗത്തെ കലുങ്കുകളുടെ പുനര്‍നിര്‍മാണം നടക്കുകയാണ്. നിലവില്‍ രണ്ട് കലുങ്കുകള്‍ പൊളിച്ചിട്ടുണ്ട്. അതേസമയം ഗവ. ഗേള്‍സ് സ്‌കൂള്‍ ജങ്ഷന് കിഴക്ക് റോഡ് പണി നടക്കുന്നതിനിടെ റോഡരുകിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന്റെ മതിലില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും പണി നിര്‍ത്തിവയ്പിക്കുകയും ചെയ്തു. 
  റോഡരുകിലെ വൈദ്യുതി, ഫോണ്‍ പോസ്റ്റുകള്‍ മാറ്റുന്നതിന് വൈദ്യുതി ബോര്‍ഡ് തയ്യാറാക്കിയ ഏഴരലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കൂടുതലാണെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം  ചര്‍ച്ച നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത്, വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നാളെ ഇവിടെ പരിശോധന നടത്തി പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുവാനും തീരുമാനമായി.
 ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ് ദേശീയപാത നിലവാരത്തില്‍ 12.8 കോടി രൂപ ചിലവില്‍ പുനര്‍നിര്‍മ്മിക്കുന്ന ജോലികളാണ് നടക്കുന്നത്. പണികള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ വ്യാപക പരാതികളാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് രണ്ട്ഘട്ടമാക്കി എത്രയും വേഗം പണി പൂര്‍ത്തിയാക്കുവാന്‍ തീരുമാനിച്ചത്.
  രണ്ടാം ഘട്ട ടാറിങ് അടുത്തയാഴ്ച നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.