സുഗതന്റെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ അനുമതി

Saturday 10 March 2018 2:13 am IST

പത്തനാപുരം: ആത്മഹത്യ ചെയ്ത പ്രവാസി സംരഭകനായ സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ വിളക്കുടി ഗ്രാമ പഞ്ചായത്ത് അനുമതി നല്‍കി. വര്‍ക്ക്‌ഷോപ്പില്‍ വൈദ്യുതി ലഭിക്കാന്‍ വേണ്ട  എന്‍ഒസിയാണ് പഞ്ചായത്ത് ഇന്നലെ നല്‍കിയത്. സിപിഐ അംഗങ്ങളുടെ എതിര്‍പ്പിനിടെയാണ്  ഭരണസമിതിയുടെ തീരുമാനം. 

ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷനിലുള്ള വര്‍ക്ക്‌ഷോപ്പ് നിര്‍മാണ സ്ഥലത്ത് സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെ തുടര്‍ന്ന് സുഗതന്‍ ആത്മഹത്യ ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അതേ സ്ഥലത്ത് തന്നെ വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കിയത്. 

എന്‍ഒസി നല്‍കുന്നതിനെ  ഭരണസമിതി യോഗത്തില്‍ നാല് സിപിഐ അംഗങ്ങള്‍ എതിര്‍ത്തെങ്കിലും സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി എന്‍ഒസി നല്‍കാന്‍ തീരുമാനിച്ചു. പ്രതിപക്ഷമായ യുഡിഎഫും സിപിഎമ്മിനെ പിന്തുണച്ചു. ഇതോടെ വര്‍ക്ക്‌ഷോപ്പിന് വൈദ്യുതി കണക്ഷന് അപേക്ഷിക്കാന്‍ സാധിക്കും. പഞ്ചായത്തിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്നും വര്‍ക്ക് ഷോപ്പ് തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും സുഗതന്റെ കുടുബാംഗങ്ങള്‍ പറഞ്ഞു. 

എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് ഉടമ പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലുവിളവീട്ടില്‍ സുഗതന്‍ (64) തൂങ്ങിമരിച്ചത്. സംഭവത്തില്‍ അറസ്റ്റിലായ എഐവൈഎഫ് മണ്ഡലം സെക്രട്ടറിയടക്കം മൂന്ന് പേര്‍ റിമാന്‍ഡിലാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.