അച്ഛന്റെയും മകന്റെയും കൊലപാതകം; ദൃശ്യങ്ങള്‍ ലഭിച്ചു

Saturday 10 March 2018 2:00 am IST

 

പൂച്ചാക്കല്‍: തെലുങ്കാനയില്‍ മലയാളികളായ അച്ഛനും മകനും കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന. അക്രമികള്‍ ഇരുവരെയും കുത്തിക്കൊല്ലുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. പാണാവള്ളി വടശേരില്‍ ഗോപിനാഥന്‍ കര്‍ത്ത(82), മകന്‍ വി. രതീഷ്(42) എന്നിവര്‍ കഴിഞ്ഞ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് കൊല്ലപ്പെട്ടത്. 

 തെലുങ്കാനയിലെ നിര്‍മ്മല്‍ ജില്ലയില്‍ ബസാറ റെയില്‍വേ സ്റ്റേഷന് സമീപം ഹോട്ടല്‍ നടത്തുകയായിരുന്നു. ഇവരുടെ വീടിനോട് ചേര്‍ന്നാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. നാല് വര്‍ഷത്തോളമായി നേപ്പാള്‍ സ്വാദേശിയായ പ്രകാശ് (25) ഇവിടെ ജോലിക്ക് ഉണ്ടായിരുന്നു. സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് തല്‍ക്കാലം മാറ്റി നിര്‍ത്തുകയായിരുന്നു. പിന്നീട് മറ്റൊരാളെ ജോലിക്ക് എടുത്തെങ്കിലും ഇയാള്‍ പോയതോടെ ഹോട്ടല്‍ ജോലിയില്‍ പരിചയമുള്ള പ്രകാശ് വീണ്ടും പണിക്കെത്തുകയായിരുന്നു. 

 കൊലപാതകം നടന്ന ദിവസം കട അടച്ച ജീവനക്കാര്‍ പോയ ശേഷം ഇയാള്‍ തിരിച്ചെത്തി വാക്കുതര്‍ക്കം ഉണ്ടാക്കുകയും തുടര്‍ന്ന് കൊല നടത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഈ ദൃശ്യങ്ങളും കൊലയ്ക്ക് ശേഷം ഇയാള്‍ ബാത്ത്റൂമില്‍ കയറി കൈയും കാലും കഴുകുന്ന ദൃശ്യവും ലഭിച്ചിട്ടുള്ളതായാണ് വിവരം. ഹോട്ടലില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. 

 ഇയാളോടൊപ്പം മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഒളിവില്‍ കഴിയുന്ന പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ബുധനാഴ്ച രാവിലെ ഹോട്ടലില്‍ ജോലിക്കെത്തിയ ജീവനക്കാരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇവരെ കണ്ടെത്തിയത്.  

 കൊലപാതകം നടക്കുമ്പോള്‍ രതീഷിന്റെ ഭാര്യ ശിവറാണി ജോലി സംബന്ധമായ ആവശ്യത്തിനായി നാട്ടിലായിരുന്നു. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. തെലുങ്കാനയിലെ ഹോസ്റ്റലില്‍ നിന്നാണ് രതീഷിന്റെ മകന്‍ അഭിഷേക് പഠിക്കുന്നത്. മൃതദേഹങ്ങള്‍ ബസാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരത്തുള്ള ഗോപിനാഥ കര്‍ത്തയുടെ മകള്‍ ഷൈലജയുടെ വീട്ടില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.