മദ്‌ ഭക്തഃ ഏതദ് വിജ്ഞായ

Saturday 10 March 2018 2:46 am IST

ഭക്തന് ഈ വിവരണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും-ആരാണ് 'മദ് ഭക്തന്‍' എന്ന പദംകൊണ്ട് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു.

''മയി= ഈശ്വരേ, സര്‍വ്വജ്ഞേ, പരമഗുരൗ, വാസുദേവ-സമര്‍പ്പിത സര്‍വ്വാത്മഭാവഃ'' (=പ്രപഞ്ചത്തിന്റെ നിയന്താവും എല്ലാം എപ്പോഴും അറിയുന്നവനും എല്ലാ ദേവീ ദേവ-മഹര്‍ഷികള്‍ക്കും യോഗികള്‍ക്കും ഗുരുവും വസുദേവ പുത്രനുമായ ഈ എന്നില്‍ (കൃഷ്ണനില്‍) എല്ലാ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും പ്രവര്‍ത്തനങ്ങള്‍  സമര്‍പ്പിച്ചവനാണ്- മദ്ഭക്തന്‍, പൂര്‍ണമായില്ല- ''സര്‍വ്വം ഏവം ഭഗവാന്‍ വാസുദേവഃ ഇതി ഏവം ഗ്രഹാവിഷ്ട ബുദ്ധിഃ' (എല്ലാം തന്നെ ഭഗവാന്‍              വാസുദേവനാണ് എന്ന അവബോധം ബുദ്ധിയില്‍ നിറഞ്ഞുനില്‍ക്കുന്നവന്‍-അവനാണ് മദ് ഭക്തന്‍) ഈ ബോധം ഉണരുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ജ്ഞാനം ലഭിക്കുകയുള്ളൂ.

അതിനുശേഷം ആ മദ്ഭക്തന്‍

മദ്ഭാവായ ഉപപദ്യതേ

എന്റെ ലോകത്തില്‍ എത്തിച്ചേര്‍ന്നു. എന്റെ ആനന്ദത്തിനും സന്തോഷത്തിനും ഭാഗഭാക്കായിത്തീരുന്നു.തീക്കനല്‍ കൂമ്പാരത്തില്‍ ഇട്ട് ചുട്ട്, പഴുത്ത ഇരുമ്പ് കഷണം, തീക്കനലില്‍ ഉള്‍പ്പെട്ടതാണെന്നേ നമുക്ക് തോന്നുകയുള്ളൂ. അതുപോലെ ആ ഭക്തനും എന്റെ സാധര്‍മ്മ്യം പ്രാപിക്കുന്നു. അതാണ് മദ്ഭാവ-ഗജേന്ദ്രന് സിദ്ധിച്ചഭാവത്തെപ്പറ്റി ശ്രീമദ് ഭാഗവതത്തില്‍ വര്‍ണിച്ചിട്ടുണ്ട്. 

''ഗജേന്ദ്രോ ഭഗവത് സ്പര്‍ശാല്‍

വിമുക്തോളജ്ഞാന ബന്ധനാല്‍

പ്രാപ്‌തോ ഭഗവതോ രൂപ

പീതവാസാശ്ചതുര്‍ഭുജഃ''

(ഗജേന്ദ്രന്‍, ഭഗവാന്റെ സ്പര്‍ശം കൊണ്ട് അജ്ഞാനത്തിന്റെ മാലിന്യത്തില്‍നിന്ന് മുക്തനായും ഭഗവാന്റെ രൂപത്തിന് തുല്യമായ രൂപം- മഞ്ഞപ്പട്ട് ഉടുത്ത, നാലുകൈകളുള്ള രൂപം-ആ ഭക്തന് കിട്ടുകയും ചെയ്തു.)

പ്രകൃതിയെയും പുരുഷനെയും വിവരിക്കുന്നു 

(13-19)

ഭഗവാന്‍ തന്റെ രണ്ടുവിധം ശക്തികളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഏഴാം അധ്യായത്തിലെ നാലും അഞ്ചും ശ്ലോകത്തില്‍ അത് കാണാം. ഒന്ന്, ''അപരാ-പ്രകൃതി; രണ്ടാമത്തേത്-പരാ-പ്രകൃതി. ആദ്യത്തേത് താഴ്ന്ന നിലവാരത്തിലുള്ള പ്രകൃതി-അപരാ-എന്ന് അറിയപ്പെടുന്നു. രണ്ടാമത്തേത് ഉത്കൃഷ്ടമായ ശക്തി-പരാപ്രകൃതി-എന്ന് അറിയപ്പെടുന്നു. ഈ അധ്യായത്തില്‍ ക്ഷേത്രം എന്ന് നിര്‍ദ്ദേശിച്ചത് അപരാ-പ്രകൃതിയെത്തന്നെയാണ്.''പരാ''---പ്രകൃതിയെയാണ് ഈ അദ്ധ്യായത്തില്‍ ക്ഷേത്രജ്ഞന്‍ എന്ന് പറയുന്നത്. 

പ്രകൃതിം പുരുഷം ച അനാദീ

പ്രകൃതിയും പുരുഷനും രണ്ടും ആദി-ആരംഭം ഇല്ലാത്തതാണ്. അതിനാല്‍ തന്നെ അവസാനവും ഇല്ല. അതിനാല്‍-അനാദി-എന്ന് നാം മനസ്സിലാക്കണം. അങ്ങനെ പ്രകൃതിക്കും പുരുഷനും കാരണം ഇല്ല. എന്നാല്‍ അപരാ പ്രകൃതിയാണ്, സര്‍വ്വ ബ്രഹ്മാണ്ഡങ്ങളുടെയും കാരണം എന്ന് അറിയണം. ഇതാണ് പ്രകൃതി അനാദിയാണ് എന്ന് പറയാന്‍ കാരണം.

പുരുഷന്‍-ജീവാത്മാവ്-ക്ഷേത്രജ്ഞന്‍-അനാദിയാണ്. ധര്‍മ്മാധര്‍മ്മങ്ങള്‍ ചെയ്ത്, സന്തോഷവും ദുഃഖവും ഭയവും ഉണ്ടാക്കി മുഴുവന്‍ പ്രപഞ്ചത്തെയും കര്‍മ്മനിരതമാക്കുന്നു.

വികാരാന്‍, ച ഗുണാന്‍, പ്രകൃതി സംഭവാന്‍ വിദ്ധി

പൃഥ്വീ- തുടങ്ങിയ അഞ്ചുമഹാഭൂതങ്ങളും അഞ്ചു കര്‍മ്മേന്ദ്രിയങ്ങളും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും മനസ്സും- 16 എണ്ണം സംഭവിക്കുന്നത്, പ്രകൃതിയില്‍ നിന്നാണ്. അതുപോലെ, സത്വഗുണം, രജോഗുണം, തമോഗുണം ഇവയുടെ രൂപങ്ങളായ-ആവിര്‍ഭാവങ്ങളായ-സുഖം, ദുഃഖം അജ്ഞത (മോഹം) എന്നീ ഗുണങ്ങളും പ്രകൃതിയില്‍നിന്നു തന്നെയാണ് ഉണ്ടാവുന്നത്.

പ്രകൃതിയും പുരുഷന്മാരും-അതായത് ജീവാത്മാക്കളും ശാശ്വതമായി എന്നും നിലനില്‍ക്കുന്നുണ്ട്. അതാണ് അനാദികള്‍ എന്നുപറഞ്ഞത്. പരമപുരുഷനായ ഭഗവാനില്‍ നിന്നുതന്നെയാണ് ഭൗതികപ്രകൃതിയും ജീവാത്മാക്കളും ഭഗവാന്റെ ഇച്ഛയാല്‍ പ്രത്യക്ഷീഭവിച്ചത്. ജീവന്മാര്‍ മായാബദ്ധരായതു കാരണം, ഭഗവാനെ സേവിക്കുന്നില്ല. അതിനാല്‍ ഭഗവല്ലോകത്തില്‍ എത്തിച്ചേരുന്നില്ല-ഭൗതിക പ്രകൃതിയുടെ ആകര്‍ഷണത്തില്‍ പെട്ടുപോയതുകൊണ്ട് ദുഃഖങ്ങളും ജന്മമരണങ്ങളും അനുഭവിക്കേണ്ടിവരുന്നു. സര്‍വേശ്വരനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനാദിയാകയാല്‍, അവിടത്തെ ശക്തികളായ പ്രകൃതിയും പുരുഷനും അനാദികള്‍ തന്നെയാണ് എന്ന് ശ്രീധരാചാര്യ സ്വാമികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ഫോണ്‍ 9961157857

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.